പുലർകാല മഞ്ഞ് പെയ്തിറങ്ങിയ തിരുനടയിൽ
അമ്മയെ കാണും നേരം
കലകളെ തഴുകിയുണർത്തിയ സോപാനങ്ങളിൽ
മൃദംഗനാദത്തിനായി കാതോർത്തു പോയി.
കാത്തിരുന്ന വർഷങ്ങളൾക്കൊടുവിൽ
ഉപാസകർ സായൂജ്യം നേടിയ
നിൻ മടിത്തട്ടിൽ എത്തിച്ചേർന്നതും
മനസ്സ് കാണിക്കയായതും
ചുറ്റമ്പലത്തിൽ ഇരുന്നതും
പ്രദക്ഷിണം ചെയ്തതും
തിരുനാമം നാവിൽ നിറഞ്ഞതും
വീണാ വാണിയുടെ പ്രസാദമല്ലോ.
പഴശ്ശിയുടെ പോരാട്ടവീര്യങ്ങളിൽ
പോർക്കാളിയായ അമ്മയുടെ കാരുണ്യം കേട്ടറിഞ്ഞപ്പോൾ
മഹാത്യാഗത്തിൻ്റെ ഓർമകളിൽ
കേരളസിംഹത്തിനും
വനപോരാളികൾക്കും
ബാഷ്പാഞ്ജലി.
കലോപാസകരുടെ മാനസ സരോവരത്തിലെ
സഹസ്രദള പത്മത്തിൽ
ആത്മഹർഷമായി കുടികൊള്ളും
മൃദംഗ ശൈലേശ്വരി...
അക്ഷരങ്ങളിൽ അനന്തജ്ഞാനമായി വിടരുന്ന അവിടുത്തേക്ക്
സ്നേഹ പുഷ്പാഞ്ജലി.