November 17, 2020

ഇനിയൊരു നാൾ

ഇനിയൊരു നാൾ 

നീ മുന്നിലായി വന്നാൽ


കാത്തിരുന്ന വഴികളിൽ

നിനക്കായി പൊഴിച്ച കണ്ണുനീരും 

നെടുവീർപ്പുകളും 

കാലത്തിൻ്റെ ദിനരാത്രങ്ങൾക്കിപ്പുറം

എന്നെ നോക്കി പകച്ചു നിൽക്കാം.


സ്വപ്നമാണെന്ന് കരുതി 

കൺകൾ നിന്നെ നോക്കാതിരിക്കാം

കാലുകൾ ദൂരെയായി അകന്നു പോകാം.


എങ്കിലും നീ എന്നെ അറിയില്ല, 

ആദ്യാവസാനം എന്നെ അറിയാത്തതായി  

ഇനിയും നീ തുടരും.


ഇനിയും ദിവസങ്ങൾ വരും

നീ കൺമുന്നിൽ വരും 

തീരാത്ത നോവായി

നീ തുടരും.


................................

പ്രിയ സുഹൃത്തിനും അവൻ്റെ തമിഴത്തിക്കും.

November 10, 2020

ആശാരി ചന്ദ്രേട്ടൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

കാലങ്ങൾ കുറേ കഴിഞ്ഞാണ് ചന്ദ്രേട്ടനെ കാണുന്നത്. റോഡരികിലുള്ള പെങ്ങളുടെ വീട്ടിൽ പലപ്പോഴും കാണാറുള്ളതുപോലെ ഇരുകൈയ്യും മുട്ടിൻമേൽ വെച്ച് അദ്ദേഹം ഉക്കറ്റ് ഇരിക്കുകയായിരുന്നു.

താടി നരച്ചിരിക്കുന്നു. മുടി മുൻപിൽ കുറേ കൊഴിഞ്ഞിട്ടുണ്ട്. നേരിൽ കണ്ടപ്പോൾ എപ്പോഴുമെന്നപോലെ ആ മുഖത്ത് ഒരു ചിരി വിടർന്നു. ആ നേരം അമ്മമ്മയെയാണ് ഓർമ വന്നത്. എടാ ചന്ദ്രാ ... നീ ഒരു കല്യാണം കഴിക്കെടാ.. എന്ന് ചന്ദ്രേട്ടനെ കാണുമ്പോഴൊക്കെ അമ്മമ്മ പറയുമായിരുന്നു. അന്നൊക്കെ അത് കേട്ടാൽ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ട് ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് നടന്നു പോകും.

പെങ്ങൾമാരുടെ കല്യാണം കഴിയാത്ത വിഷമമാണ് ആ ചെക്കന്... അല്ലെങ്കിൽ തന്നെ  അവനെന്താ ഒരു കല്യാണം കഴിച്ചാല് ... എന്ന് അമ്മമ്മ  പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്. ചന്ദ്രേട്ടൻ്റ അമ്മ ആശാരി കല്യാണി ഏടത്തി അമ്മമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു. അതിനാലാകാം, ചന്ദ്രേട്ടനോട് അമ്മമ്മയ്ക്ക് ഒരു പ്രത്യേക വാത്സല്യമായിരുന്നു.

ചന്ദ്രേട്ടൻ ആശാരി പണി നന്നായി ചെയ്യും. ചിലവ് കുറച്ച് പണികൾ എളുപ്പത്തിൽ ചെയ്തു തരും. പക്ഷേ പണിക്ക് വരാനാണ് പ്രയാസം. പ്രധാന പ്രശ്നം കള്ളുകുടി ആയിരുന്നു. പണിക്കു പോകുന്നത് തന്നെ  കള്ള് കുടിക്കാനാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണിക്ക് ആവശ്യത്തിനുള്ള മരം മില്ലിൽ നിന്നും ഈർന്നെടുക്കാൻ പോയാൽ ആ പണി മറ്റുപലരെയും ഏൽപ്പിച്ച് കള്ള് കുടിക്കാനായി അങ്ങേര് പോകും. രാവിലെ  ആണെങ്കിലും കുടിക്കാനുള്ള ഒരു അവസരവും ചന്ദ്രേട്ടൻ പാഴാക്കാറില്ല.

ഒരിക്കൽ വീട്ടിലെ മച്ചിൽ ചോർച്ചയുണ്ടായി. കാര്യം ചന്ദ്രേട്ടനോട് പറഞ്ഞു. വരാം എന്ന് പറഞ്ഞു. പക്ഷേ വന്നില്ല. ഓരോ ദിവസവും അങ്ങേരെ കാണുകയും കാര്യങ്ങൾ പറയുകയും ചെയ്തു. നാളെ വരാം, മറ്റന്നാൾ വരാം എന്ന് പറഞ്ഞു ദിവസങ്ങൾ കുറേ കടന്നു പോയി. മഴ കനത്തു തുടങ്ങി. മച്ചിലെ ചോർച്ച കാരണം മുകളിലെ മുറിയിൽ വെള്ളം കെട്ടി കിടക്കാൻ തുടങ്ങി. ഒരു ദിവസം ചന്ദ്രേട്ടൻ്റെ പെങ്ങളെ കണ്ടപ്പോൾ അമ്മ കാര്യം പറഞ്ഞു. വൈകുന്നേരമായപ്പോൾ ചന്ദ്രേട്ടൻ വീട്ടിൽ വന്നു.  അത്യാവശ്യം കുടിച്ചിട്ടുണ്ട്. അത്.. ഞാൻ... ഇപ്പോൾ ശരിയാക്കിത്തരാം ...ഓരോ തിരക്കിൽ ആയിപോയി ..എന്നും പറഞ്ഞു കൊണ്ട്  മുകളിലേക്ക് കയറി.

കള്ള് കുടിച്ചിട്ട് മുകളിൽ കയറേണ്ട, നാളെ രാവിലെ വന്ന് ചെയ്തു തന്നാൽ മതി എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. പണി നീട്ടിക്കൊണ്ട് പോയതിൽ മൂപ്പർക്ക് വല്ലാത്ത വിഷമം. അങ്ങേരുടെ പോക്ക് കണ്ട് കൂടെ ഞാനും മുകളിലത്തെ നിലയിൽ കയറി. 

നിലത്തുറക്കാത്ത കാലുമായി ചന്ദ്രേട്ടൻ മച്ചിൻ്റെ മുകളിലേക്ക് കയറി. ഓട് മാറ്റി വെയ്ക്കുന്നതിനിടയിൽ മുറിയുടെ മുകളിലെ ഷീറ്റുനു വേണ്ടി അടിച്ച കനം കുറഞ്ഞ വാരിയിൽ ചവിട്ടി ചന്ദ്രേട്ടൻ താഴെ വീണു. വലിയ ഒരു ശബ്ദം. എന്തോ സംഭവിച്ചു എന്ന പേടിയിൽ മുറിയുടെ ഒരു ഭാഗത്തേക്ക് ഞാൻ ഓടി. മച്ചിലെ ഒരു ഭാഗത്തെ ഓടും മുഴുവനും ചന്ദ്രേട്ടൻ്റെ മുകളിലക്ക് വീണിരിക്കുന്നു. അൽപ നേരത്തിനു ശേഷം ആ ഓടു കൂമ്പാരങ്ങൾക്കിടയിൽ നിന്ന് അദ്ദേഹം തലയുയർത്തി. പതുക്കെ എഴുന്നേറ്റ് മുകളിലേക്ക് നോക്കി. ശരിയാക്കാം എന്ന വിധത്തിൽ വീണ്ടും മച്ചിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആരും സമ്മതിച്ചില്ല. ശരിക്കും നിൽക്കാൻ തന്നെ കഴിയാതിരുന്ന ചന്ദ്രേട്ടൻ     വീച്ചു വീച്ച്  നടന്നാണ് അന്ന് വീട്ടിലേക്ക് പോയത്. 

ചെറിയ ഒരു പണി ആയിരുന്നു. പക്ഷേ പണിയാൻ വന്നിട്ട് ഒരു ഭാഗത്തെ  ഓടും വാരിയും ആകെ  തകർന്ന് വീണിരിക്കുന്നു. മഴയാണെങ്കിൽ കനക്കുന്നു . ആ ഒരു രാത്രി മുകളിലത്തെ മുറികളിൽ കെട്ടികിടന്ന വെള്ളം താഴത്തെ മുറിയിലേക്ക് ഒലിച്ചിറങ്ങി. രാത്രിയിൽ ഉറക്കത്തിനിടയിൽ മഴപെയ്യുതതേ എന്ന് എത്രയോ തവണ പ്രാർത്ഥിച്ചിട്ടും മഴ നന്നായി തന്നെ പെയ്തു . ആ പഴയ വലിയവീട്ടിൽ വെള്ളം കയറി എന്തൊക്കെ സംഭവിക്കും എന്ന് അറിയാതെ പേടിച്ച ഒരു രാത്രി. 

അടുത്ത ദിവസം അമ്മാവൻ ഏർപ്പാടാക്കിയ ചിലർ വന്ന് ഓടിനു മുകളിൽ ഷീറ്റ് വലിച്ചുകെട്ടി പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. ആ സംഭവത്തിനു ശേഷം രണ്ടുമാസം ചന്ദ്രേട്ടൻ പണിക്ക് പോയില്ല,  പരിക്ക് കാരണം വീട്ടിലിരിക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ സഹതപിക്കണോ ദേഷ്യപ്പെടണോ എന്നറിയാത്ത അവസ്ഥയായിരുന്നു.

ചന്ദ്രേട്ടൻ ഒരു സൗമ്യൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കുടിച്ചു കഴിഞ്ഞ് വീട്ടിലെത്തിയാൽ പഴയ ഒരു മേശയുടെ കള്ളി തുറക്കുകയും അടക്കുകയും ചെയ്തു കൊണ്ടിരിക്കും എന്നല്ലാതെ മറ്റ് ഉപദ്രവങ്ങളൊന്നുമില്ല. ഉറങ്ങുന്നതുവരെ, അല്ലെങ്കിൽ ചൂട് മാറുന്നതു വരെ പെങ്ങൾമാരെ ബുദ്ധിമുട്ടിക്കാതെ അദ്ദേഹം  അത് തുടർന്നുകൊണ്ടിരിക്കും. 

ഇന്നും ചന്ദ്രേട്ടൻ ഇതു പോലെ തന്നെ ആയിരിക്കാം. അന്ന് വീണു കിടക്കുന്ന ഓടുകൾക്കിടയിൽ നിന്ന്  എഴുന്നേൽക്കുമ്പോൾ ഞാൻ കണ്ടിരുന്ന ആ ചിരി ഇന്നും ആ മുഖത്ത് വ്യക്തമായി കാണാം.

November 08, 2020

രാഗൂട്ടി മാഷ് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിൽ ഒരു രാഗൂട്ടി മാഷ് ഉണ്ടായിരുന്നു. പഴയ എട്ടാം ക്ലാസുകാരിയായ തൻ്റെ അമ്മയ്ക്ക് പരീക്ഷയിൽ രണ്ടു മാർക്കിൻ്റെ കുറവു വന്നതിനാൽ അധ്യാപിക ആകുവാനുള്ള അവസരം നഷ്ട്ടപ്പെട്ട കഥ ഒരു ആവലാതി പോലെ പലപ്പോഴും പറഞ്ഞു കേട്ടതിനാലാകാം രാഗൂട്ടിക്ക് അധ്യാപകനാകുവാൻ ആഗ്രഹം തോന്നിയത്.  

പഴയ കാലത്തെ മറ്റു പലരെയും പോലെ ഇത്തിരി പ്രയാസപ്പെട്ടു തന്നെയാണ് രാഗൂട്ടി ടീച്ചേർസ് ട്രൈനിംഗ്  (ടിടിസി) പാസായത്. ടിടിസി ക്ക് പോകുന്ന സമയത്ത്, ശങ്കരനെല്ലൂർ സ്കൂളിൽ ഒരു മാഷിൻ്റെ ഒഴിവുള്ളതിനാൽ അത് രാഗൂട്ടിക്ക് കൊടുക്കാകാമെന്നും മാനേജരായ ചാത്തൂട്ടി മാഷ്  ഏറ്റിരുന്നു. പക്ഷേ, ടിടിസി യിലെ ആദ്യ  ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ തവണ പാസായി വന്നപ്പോഴേക്കും പറഞ്ഞു വെച്ച സീറ്റ് ശങ്കരനെല്ലൂർ സ്കൂളിൽ  ഉണ്ടായിരുന്നില്ല.  തുടർന്ന് രാഗൂട്ടി മറ്റൊരു സ്കൂളിൽ മാഷായി ചേർന്നു.

ഒഴിവുദിവസങ്ങളിൽ വീട്ടിലെ പരിസരം വൃത്തിയാക്കിയും മെഴുകുതിരി നിർമ്മിച്ചും ക്രിയാത്മകമായി പ്രവർത്തിച്ചിരുന്ന രാഗൂട്ടി മാഷ് അൽപകാലങ്ങൾക്കുള്ളിൽ ഡണ്ടിക്കൽ ഷാപ്പ് പരിസരത്തെ ഒരു നിത്യ സാന്നിധ്യമായി മാറി. മുൻപൊക്കെ തന്റെ  അച്ഛൻ കള്ളുകുടിച്ചു വന്നാൽ ആ മണം അടിച്ച് ഒക്കാനിച്ചിരുന്ന രാഗൂട്ടിയുടെ ഈ മാറ്റം വീട്ടുകാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്.

മാഷിന് ഒത്തിരി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പലർക്കും വേണ്ടി പണമിടപാടിന് ജാമ്യം നിന്ന് ശമ്പളത്തിന്റെ  ഒരു ഭാഗം അദ്ദേഹത്തിെന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെടുന്നത് ഒരു പതിവായിരുന്നു. പണം വാങ്ങിയ ആൾ അത് കൃത്യമായി തിരിച്ചടക്കാത്തതിനാൽ ബാങ്കിൽ നിന്ന് പലപ്പോഴും അദ്ദേഹത്തിെന്റെ പേരിൽ വീട്ടിലേക്ക് കത്ത് വരുമായിരുന്നു.  അത്തരത്തിലുള്ള കത്ത് കാണുമ്പോഴൊക്കെയും മാഷിന്റെ  അമ്മയ്ക്ക് വേവലാതിയാണ്. എത്ര പറഞ്ഞാലും ഇവൻ കേൾക്കില്ല എന്ന് ആ അമ്മ പിറുപിറുത്തു കൊണ്ടിരിക്കും.

കത്തിന്റെ കാര്യം പറഞ്ഞു കൊണ്ടുള്ള അമ്മയുടെ ആവലാതി സഹിക്കാൻ ആകാതെ, അവരോട് ദേഷ്യത്തിൽ  എന്തെങ്കിലുമൊക്കെ പറഞ്ഞ് ആ കത്തുമായി അതിന് കാരണക്കാരനായ ആളെയും തേടി വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന മാഷിനെ പലപ്പോഴും ചങ്ങാതിമാരുമായി ഡണ്ടിക്കൽ ഷാപ്പ് പരിസരത്ത് തന്നെയാണ് കാണാൻ കഴിയുക. 

വാച്ചും റേഡിയോയും റിപേർ ചെയ്യുന്നത് രാഗൂട്ടി മാഷിന് ഒരു ഹോബി ആയിരുന്നു. കേടായതിൻ്റെ കാരണം തേടി മണിക്കൂറുകൾ അദ്ദേഹം ഉപകരണത്തിന്റെ മുന്നിൽ കുത്തിയിരിക്കുമായിരുന്നു. ആ സമയത്ത് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുകയോ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ സാധനം ശരിയാകാത്തതിൻ്റെ ദേഷ്യം മുഴുവൻ അവരോട് തീർക്കാറുമുണ്ട്. ചെറുപ്പത്തിൽ, വാച്ചും റേഡിയോയും നന്നാക്കുന്നതിനെ കുറിച്ചുള്ള ഒരു ബുക്ക് രാഗൂട്ടി തപാലിൽ  വരുത്തി പഠിച്ചിരുന്നു. അതിനാൽ അത്തരം സാധങ്ങൾ കേടായാൽ  നാട്ടിലെ ചുരുക്കം ചിലർ അത് നന്നാക്കാനായി മാഷിനെയാണ് ഏൽപ്പിച്ചിരുന്നത്. വലിയ ഒരു റിപ്പയർ ഒന്നുമല്ലെങ്കിലും ആരെങ്കിലും റേഡിയോ നന്നാക്കാൻ കൊടുക്കുന്നത്  രാഗൂട്ടി മാഷിന് ഒത്തിരി അഭിമാനവും സന്തോഷവുമായിരുന്നു.

രാഗൂട്ടി മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അമ്മയോടുള്ള സ്നേഹമായിരുന്നു. മറ്റ് മക്കളാരും അധികമായി പ്രകടിപ്പിക്കാത്ത  സ്നേഹം, ആ മകന് അമ്മയോട് ഉണ്ടായിരുന്നു. അമ്മയ്ക്കും അങ്ങിനെ തന്നെയായിരുന്നു. ചില കാരണങ്ങളാൽ മാഷ് വീടെടുത്ത് താമസിച്ചത് ഭാര്യവീട്ടിന് അരികിലായിരുന്നു . എങ്കിലും എന്നും സ്കൂൾ വിട്ടു കഴിഞ്ഞാൽ വൈകുന്നേരം അമ്മയെ കണ്ടേ ആ മകൻ തന്റെ വീട്ടിലേക്ക് പോകാറുള്ളൂ. മകൻ വരുമ്പോഴേക്കും  കഴിക്കാനായി ഇഷ്ടപ്പെട്ട വിഭവങ്ങളായ അരിപ്പത്തിരിയോ, ഓട്ടു ചട്ടിയിൽ വെച്ച്  ചുട്ടെടുത്ത ഓട്ടടയോ  തയ്യാറാക്കി ആ അമ്മ കാത്തിരിക്കും. വീട്ടിൽ എന്ത് തയ്യാറാക്കിയാലും  ഇത് എന്റെ  രാഗൂന്  എന്ന് പറഞ്ഞ്, ആ അമ്മ മാറ്റിവെയ്ക്കുന്നത് മറ്റുള്ള മക്കളൊക്ക ഇത്തിരി ദേഷ്യത്തോടെ തന്നെയായിരിക്കും പലപ്പോഴും നോക്കിക്കണ്ടിരുന്നത്.

പലപ്പോഴും ഭാര്യയോട് പിണങ്ങിയെന്ന കാരണം പറഞ്ഞ് അമ്മയുടെ കൂടെ താമസിക്കാൻ വരുന്ന രാഗൂട്ടി മാഷെ കാണുമ്പോൾ, അമ്മയുടെ കൂടെ താമസിക്കാനായി വെറുതെ ഒരു കാരണം ഉണ്ടാക്കി വരികയാണോ എന്ന് തോന്നാറുണ്ട്. അമ്മ മരിച്ചതിൽ പിന്നെ രാഗൂട്ടി മാഷ് ശങ്കരനെല്ലൂർ അധികം വന്നിട്ടില്ല. അധികം താമസിയാതെ മാഷും അമ്മയുടെ അരികിലേക്ക് പോയി. പലപ്പോഴും അമ്മയോടുള്ള മകൻ്റെ സ്നേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ശങ്കരനെല്ലൂരിലെ രാഗൂട്ടി മാഷിൻ്റെ മുഖം തന്നെയാണ് മനസ്സിൽ വരിക.

ഇനിയൊരു നാൾ പുനർജനിക്കുമെങ്കിൽ...

ഇനിയൊരു നാൾ
പുനർജനിക്കുമെങ്കിൽ
നീ കാത്തിരുന്ന വഴികളിൽ 
കൂടെ നടന്നീടാം.

പറയാനിരുന്നത് കേൾക്കാനായി
അകന്നു പോകാതെ
അരികിലായി ഇരുന്നീടാം

സ്വപ്നങ്ങളിൽ ചാലിച്ചെടുത്ത സ്നേഹാക്ഷരങ്ങളെ
കീറിക്കളയാതെ
നിൻ കൺകൾ നനയ്ക്കാതെ
ഹൃദയത്തിലെന്നും സൂക്ഷിച്ചീടാം

കരഞ്ഞാൽ അലിയാതിരിക്കില്ല
വിളിച്ചാൽ കേൾക്കാതിരിക്കില്ല.
പിരിയാതെ പിണങ്ങാതെ
നിനക്കു മാത്രമായി
ഒരു ജൻമം മുഴുവനും
നീക്കിവെയ്ച്ചീടാം.




November 01, 2020

ഇന്നത്തെ എൻ്റെ നാട് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

വർഷങ്ങൾക്കു ശേഷം നാട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ ആ പഴയ ശങ്കരനെല്ലൂരിനെ എവിടെയൊക്കെയോ നഷ്ടമായതു പോലെ. ശങ്കരനെല്ലൂർ ശിവക്ഷേത്രം മുതൽ കൈതച്ചാൽ വരെയുള്ള വയലിലെ പഴയ വഴികൾ പലതും കാണാനില്ല, പുതിയ വയൽ വഴികളിൽ പലതും മുള്ള് നിറഞ്ഞിരിക്കുന്നു. അമ്പലക്കുളത്തിൽ ആരുമില്ല. ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്ക്കുമ്പോൾ ഓർമ്മകളുടെ തലോടൽ പലപ്പോഴും വേദനയായി മാറുന്നു. പലതും അന്യമായതുപോലെ.

ശങ്കുമാമൻ മരണപ്പെട്ടത് കുറച്ചു ദിവസങ്ങൾക്ക് മുൻപേ ആയിരുന്നു. ശങ്കരനെല്ലൂരിലെ നാട്ടുവഴികളിലൂടെ, ബന്നുമായി സൈക്കിൾ ഓടിച്ചു പോകുന്ന ശങ്കുമാമൻ ഇനി ഓർമ മാത്രമാണ്. ആ സൈക്കിളും അതിൻ്റെ പുറകിൽ വെച്ചുകെട്ടിയ വലിയ കൊട്ടയും അതിനെ മൂടിയ നീല കളർ പ്ലാസ്റ്റിക് ഷീറ്റും ഇനിയൊരിക്കലും ഈ നാട്ടുവഴികളിലൂടെ കടന്നു പോവുകയില്ല. എവിടെയെങ്കിലും വെച്ച് കണ്ടാൽ അടുത്തു വന്ന്  പഴയ പല കഥകളും പറഞ്ഞു തരുന്ന ദെച്ചിമി കുഞ്ഞീമ്മയും ഇന്നില്ല. നാട്ടുവഴികളിലൂടെ പിറുപിറുത്തു പോകുന്ന 'ചൂടത്തി ഓമന' എന്ന് എല്ലാവരും വിളിക്കുന്ന ഓമനേച്ചിയേയും ഇനി കാണാനാകില്ല. ഓരോരുത്തരെയും നഷ്ടമാകുമ്പോൾ എൻ്റെ നാടിനെ നഷ്ടമാകുന്നതായി തോന്നുന്നു. പഴയ പലതും നഷ്ടപ്പെടുത്തി പുതുമയുള്ള പലതുമായി നാട് ഒരുങ്ങി നിൽക്കുന്നതായി തോന്നുന്നു. 


ആശാരിക്കാവ് പുതുക്കി പണിതിരിക്കുന്നു. എങ്കിലും പഴയ കാവും  അവിടേക്ക് പോകുന്ന ചെരിഞ്ഞ വഴികളുമാണ് മനസ്സിൽ. ആൺതുണയില്ലാതെ  ഒറ്റയ്ക്ക് ജീവിച്ച് തൻ്റേടം കാട്ടിയ ദെച്ചിമിയേച്ചി ഇന്നില്ല. ഒന്നിനാലും തളർത്തപ്പെടാതെ ജീവിച്ച അവർ നാട്ടിലെ സ്ത്രീശക്തിയുടെ പ്രതീകമായിരുന്നു.

ആനന്ദൻ മാഷിൻ്റെ നഷ്ടം വാക്കുകൾക്കതീതമായിരുന്നു. ഇന്നും ഉൾക്കൊള്ളാൻ കഴിയാതെ പല ഓർമ്മകളും സ്വപ്നങ്ങളിൽ ചിലപ്പോൾ തേങ്ങലായി മാറുന്നു. ജീവിച്ചിരിക്കുമ്പോൾ പലരെയും നാം ശ്രദ്ധിക്കാറില്ല. കരിമ്പിലാട്ടെ  രാഘവേട്ടനെ നഷ്ടമായപ്പോൾ നാടിന് കൈമോശം വന്നത് അതിൻ്റെ  മധുരമായിരുന്നു. ചീട്ടു ബാലേട്ടൻ പോയപ്പോൾ നാടിൻ്റെ ഒരു കാലഘട്ടം തന്നെ പലരുടെയും ഓർമകളിൽ മാത്രമായി. 

ഇനിയൊരിക്കലും നാട് പഴയതുപോലെ ആകില്ല. നഷ്ടമായ പലരും ഇവിടുത്തെ തുടിപ്പുകൾ ആയിരുന്നു. എങ്കിലും ഒന്നു  നഷ്ടമായില്ല എന്ന് ചിന്തിക്കാൻ തന്നെയാണ് ആഗ്രഹം. നഷ്ടമാകാതെ പലതും ഇനിയുമുണ്ട്, നാടിൻ്റെ മുഖമായി മാറുന്നവർ. അവർ നാടിനെ നിർവചിക്കുകയും അവരിലൂടെ നാട് സഞ്ചരിക്കുകയാണ്, അറിയപ്പെടുകയാണ് കൂടുതൽ സ്പഷ്ടമാവുകയാണ്. അത് ഈ ശങ്കരനെല്ലൂരിലെ ഓരോരുത്തരുമാണ്.

July 18, 2020

കൈതേരിയിലെ ഓർമകൾ

നിറമാർന്ന ഓർമകൾ അധികമൊന്നും  കൈതേരിയെ കുറിച്ച് പറയാനില്ല. പക്ഷേ വീണ്ടും ഒരു ഓണം വരുമ്പോൾ പാലാപറമ്പ് മനസ്സിൽ നിറയും, നിറയെ പൂക്കളുള്ള പാലാപറമ്പ്. 

കൈതേരിയെ കുറിച്ച് ചിന്തിക്കുമ്പോൾ പഴശ്ശിരാജാവിൻ്റെ കഥയിലെ കൈതേരി അമ്പുവും, മാക്കവും, ക്ഷേത്രവും പൊതുവേ കടന്നുവരും; എങ്കിൽ തന്നെയും ബസ് സ്റ്റോപ്പിന് അരികിലുള്ള പഴയ പീടികത്തിണ്ണയുടെ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന കുഞ്ഞാണേട്ടനെയാണ് ആദ്യം ഓർമ വരിക.  

ഇടയ്ക്കിടെ താടിയും ചൊറിഞ്ഞുകൊണ്ട് പക്ഷികളെയും മൃഗങ്ങളെയും നാട്ടുകാരെയും കാലാവസ്ഥയെയും കുറിച്ച്  കുഞ്ഞാണേട്ടൻ പലതും സംസാരിക്കും

"ഫലമൂലാദികൾ നിറയെ ഉള്ളതിനാൽ പക്ഷിമൃഗാദികൾക്കും ഭക്ഷണത്തിന് വലിയ പ്രയാസമില്ല."

ഇത്തരത്തിൽ പലതും അദ്ദേഹം പറയുന്നതാണ്  നാട്ടുകാരിൽ ചിലരൊക്കെ ഒരു പ്രശ്നമായി കാണുന്നത്. നമുക്ക് ചുറ്റുമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും കാര്യങ്ങൾ ആലോചിക്കുന്നതിൽ അപാകത എന്തെന്ന് നാട്ടുകാരോട് ആരും തിരിച്ച് ചോദിക്കാറുമില്ല

എന്നും ബസ്സിറങ്ങിയാൽ ആദ്യം കാണുന്നത് പീടികത്തിണ്ണയിലെ കുഞ്ഞാണേട്ടനെയാണ്. ഒരു വിരിയുമായി രാവും പകലും ആ പീടികത്തിണ്ണയിൽ കഴിഞ്ഞിരുന്ന കുഞ്ഞാണേട്ടനിൽ നിന്നു തന്നെയാണ് കൈതേരിയിലെ ഓർമകൾ തുടങ്ങേണ്ടതും.

കൊട്ടിയൂർ ഉത്സവകാലത്ത് ഉച്ചത്തിൽ ശബ്ദം മുഴക്കി റോഡിലൂടെ നടന്നു പോയിരുന്ന നെയ്യമൃതുകാരും, ദേഹം മുഴുവൻ കീറത്തുണികൾ വെച്ചു കെട്ടി റോഡിലൂടെ നടന്നു പോയിരുന്ന ചെട്ടി ചാമിയും കൈതേരിയിലെ കാഴ്ചകളാണ്. ചെട്ടിച്ചാമിക്ക് പിടിച്ചു കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ച് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നവരും നാട്ടിൽ കുറവായിരുന്നില്ല.

ഓണം വന്നാൽ പാലാ പറമ്പിൽ  പോകും. ഇട വഴി കുറച്ചു നടന്നാൽ കുന്നിൻ മുകളിലാണ് പാലാ പറമ്പ്. അത് പൂക്കളുടെ ഒരു ലോകമായിരുന്നു. മണ്ണിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന പലനിറത്തിലുള്ള ചെറിയ പൂക്കൾ അതിശയകരമായ ഭംഗിയോടെ ആ പ്രദേശമാകെ നിറഞ്ഞു നിൽക്കുന്നുണ്ടാകും. അവിടെ എത്തിയാൽ  എവിടെ നിന്ന് പൂവു നുള്ളണം എന്നറിയാതെ പലപ്പോഴും സംശയിച്ചു പോകുമായിരുന്നു.

അത്യാവശ്യം വെള്ളവും ഉച്ചയ്ക്കുള്ള ഭക്ഷണവും കരുതിയാണ് പലരും പാലാ പറമ്പിൽ പൂക്കൾ പറിക്കാൻ എത്തിച്ചേരുക.  ഓരോ പൂവും നുള്ളി എടുക്കാൻ കുറെ സമയം വേണമായിരുന്നു, അതും നിലത്ത് കിടന്നാൽ മാത്രമേ ആ പൂക്കൾ പറിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഓലകൊണ്ട് മെടഞ്ഞ കൊമ്മയിൽ നിറയെ പൂക്കളുമായി വൈകുന്നേരമാകുമ്പോൾ  ഓരോരുത്തരും കുന്നിറങ്ങി വരും. 
 
പൂവുകളുടെ പരവതാനി വിരിച്ചിരുന്ന പാലാ പറമ്പ് ഇന്നും അതുപോലെയാണോ എന്നറിയില്ല. കൈതേരിയെ കുറിച്ചുള്ള മനോഹരമായ ഓർമകളിൽ ഓണത്തെ വരവേറ്റുകൊണ്ട് പ്രകൃതി അണിയിച്ചൊരുക്കിയ ആ പൂക്കളം  തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്.

July 13, 2020

പ്രണയം - പാതിരിയാട് സ്കൂൾ വിശേഷങ്ങൾ

മനോഹരമായ നിമിഷങ്ങളിലൂടെ പാതിരിയാട് സ്കൂളിലെ ഞങ്ങളുടെ ഒൻപതാം ക്ലാസ് കടന്നുപോവുകയായിരുന്നു.

ആ കാലത്താണ് നീലകണ്ഠൻ മാഷിൻ്റെയും വിനീതൻ മാഷിൻ്റെയും സഹായത്തോടെ പുലരി എന്ന കയ്യെഴുത്തു മാസിക ഞങ്ങളുടെ ക്ലാസ് പുറത്തിറക്കിയത്. സ്കൂൾ അസംബ്ലിയിൽ അത് പ്രകാശനം ചെയ്യുകയും ചെയ്തു.

ക്ലാസിലെ ഭൂരിപക്ഷംപേരും ഒരു വർഷത്തിലേറെയായി ഒന്നിച്ച് തന്നെയായിരുന്നു, അതിനാൽ തന്നെ പലർക്കും നല്ല കൂട്ടുകാരെ കിട്ടി. ചിലർക്ക് ചില പ്രണയങ്ങളും വന്നു ചേർന്നു.

തേടിയെത്തിയതും തേടി അലയുകയും ചെയ്ത പ്രണയങ്ങൾ. അറിഞ്ഞിട്ടും അറിയാത്ത പ്രണയങ്ങൾ. ആ കാലമത്രയും ശനിയും ഞായറും വരാൻ കാത്തുനിന്നവർ ഒരു അവധി ദിവസം പോലും വരാതെ എന്നും  പ്രണയിതാവിനെ കാണാൻ കൊതിച്ചതും ആ കാലത്ത് തന്നെയായിരിക്കും.

ആ പ്രണയം നിഷ്കളങ്കമായിരുന്നു, ഒന്നും ആഗ്രഹിക്കാതെ നിർമലത. ഈശ്വരീയമായ ആ പ്രണയത്തിന് പ്രണയിതാവിനെ ഒരു മാത്ര കണ്ടാൽ  പൂർണ്ണ നിർവൃതിയായിരുന്നു.

തൻ്റെ പ്രണയത്തെ അറിയിക്കാനായി ബെഞ്ചിലും ഡെസ്കിലും പേരെഴുതി വെച്ചവർ, അടുത്ത ക്ലാസിലെ പ്രണയിതാവിനെ കാണാനായി ക്ലാസിലെ ചുമര് തുരന്നവർ, പ്രണയലേഖനങ്ങൾ കൈമാറിയവർ, വഴിയോരത്ത് കാത്ത് നിന്നവർ, സ്കൂൾ വിട്ടാൽ എന്നും പുറകെ നടന്നവർ, അവധിദിവസങ്ങളിൽ പ്രണയിതാവിൻ്റെ വീടു ചുറ്റി നടന്നവർ. എന്നാൽ ഇതിലൊന്നും പെടാതെ നിശബ്ദമായി പ്രണയിച്ച ചിലരും ഉണ്ടായിരുന്നു..

സ്കൂൾ കാലങ്ങളിൽ കൂടുതലും നിശബ്ദ പ്രണയമായിരിക്കാം, അവരെ പലപ്പോഴും ആരും അറിഞ്ഞിരിക്കില്ല. അത് പലപ്പോഴും കണ്ടറിഞ്ഞ, കേട്ടറിഞ്ഞ പ്രണയത്തേക്കാൾ ശക്തവുമായിരിക്കും. തൻ്റെ ഉള്ളിൽ നാമ്പിട്ട പ്രണയത്തെ ഒരു മഹാവൃക്ഷമാക്കി വളർത്തി, കാണുന്നതും കേൾക്കുന്നതും അറിയുന്നതും പ്രണയമായി മാറ്റുന്ന അപൂർവ്വത. അതിൽ അലിഞ്ഞു ചേർന്ന നാളുകളിൽ ഒരിക്കൽ തായ് വേരോടെ ആ പ്രണയത്തെ പറിച്ചു കളയേണ്ടി വരുമ്പോൾ ആരും അറിയാതെ തേങ്ങേണ്ടി വരുന്നതും, കാലങ്ങൾക്കിപ്പുറയും ആ വേദനയിൽ സ്വയം നീറുന്നതും ചിലപ്പോൾ നിശബ്ദ പ്രണയം മാത്രമായിരിക്കും.

നഷ്ടമായതിൻ്റെ കണക്കുകളാകാം സ്കൂൾ പ്രണയത്തിന് കൂടുതലും. സാക്ഷാത്കരിച്ചവർ ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുകയുള്ളൂ, അവർ ഒരിക്കലും തങ്ങളുടെ പ്രണയം  മറ്റൊന്നിനു വേണ്ടി നഷ്ടപ്പെടുത്തുമെന്ന് തോന്നുന്നുമില്ല.

സ്കൂൾ കാലത്ത് ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കിൽ അതിനെ നഷ്ടം എന്ന് മാത്രമേ പറയുവാൻ കഴിയുകയുള്ളൂ; ആ സമയത്തല്ലാതെ അത്രയും ആത്മാർഥമായി, പരിശുദ്ധമായി സ്നേഹിക്കാൻ കഴിയില്ല. കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നത് തന്നെയാണ് ആ പ്രണയം.

July 12, 2020

ഒൻപതാം ക്ലാസ് - പാതിരിയാട് സ്കൂൾ വിശേഷങ്ങൾ

വീണ്ടും ഒരു ജൂൺ മാസം... അത് ഇംഗ്ലീഷ് വർഷം 2000 ആയിരുന്നു. 

എപ്പോഴത്തെയും പോലെ മഴക്കാലത്തോടെ തന്നെ സ്കൂൾ കാലവും തുടങ്ങി. രണ്ടു മാസം നീണ്ട വേനൽ അവധിയിൽ വിശ്രമമില്ലാതെ കളിച്ചു നടക്കുകയായിരുന്നെന്ന് ആൺകുട്ടികളെ കണ്ടാൽ എളുപ്പം തന്നെ മനസ്സിലാകുമായിരുന്നു.

അവധിക്കാലത്ത് കളിച്ച മാച്ചുകളും  വിഷുവിന് കിട്ടിയ കൈനീട്ടങ്ങളും  കൂട്ടുകാരോട് പറയാമെന്നല്ലാതെ സ്കൂൾ തുറക്കുന്നത് ആൺകുട്ടികളെ സംബന്ധിച്ച് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പക്ഷെ പെൺകുട്ടികളുടെ കാര്യം പലപ്പോഴും അങ്ങിനെ ആയിരിക്കില്ല. വീട്ടിൽ നിന്നാൽ അത്യാവശ്യം പണിയെടുക്കേണ്ടി വരുമെന്നതിനാൽ  സ്കൂളിൽ വരുന്നത് തന്നെയായിരിക്കും അവർക്ക് ആശ്വാസം. 

അവധിക്കാലത്ത് വീട്ടിൽ നിന്ന് ഒന്നോ രണ്ടോ കറി വെയ്ക്കാൻ പഠിച്ചതിൻ്റെ അഹങ്കാരമാണോ എന്നറിയില്ല രണ്ടു  മാസം കൊണ്ട്  ചില പെൺകുട്ടികയുടെ പെരുമാറ്റത്തിലും ഒരു അപരിചിതത്വം  പ്രകടമായിരുന്നു.

അങ്ങിനെ പുതിയ പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളുമായി ഒൻപതാം ക്ലാസ് ഞങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു. 

പാതിരിയാട് സ്കൂളിലേക്ക് കയറിയാൽ ഇടതുഭാഗത്തെ വരാന്തയിലായി കാണുന്ന രണ്ടാമത്തെ മുറിയാണ് 9A. സ്കൂളിലേക്ക് വരുമ്പോൾ റോഡിൽ നിന്നും നോക്കിയാൽ  ജനാലകളിലൂടെ ക്ലാസ് മുറി കാണാനും കഴിയും.

തങ്ങൾക്കിഷ്ടപ്പെട്ട ബെഞ്ചിൽ ഇഷ്ടപ്പെട്ട സ്ഥാനത്ത് ഇരിക്കണമെന്നതിനാൽ  ആൺകുട്ടികളിൽ പലരും നേരത്തെ തന്നെ എത്തി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആദ്യ ദിവസം നേരം വൈകി വരുന്ന പലരും മനസ്സില്ലാമനസ്സോടെ മുൻ ബെഞ്ചിലേക്ക്  തള്ളപ്പെടുകയായിരുന്നു. ഇതിനൊക്കെ പ്രധാന കാരണം അനന്തൻ മാഷുടെ കണക്ക് ക്ലാസ് തന്നെയായിരുന്നു. മുന്നിലത്തെ ബെഞ്ചിൽ ഇരുന്ന് മാഷിൻ്റെ ക്ലാസ്സ് കഴിച്ചുകൂട്ടേണ്ടതിനെപ്പറ്റി ഞങ്ങളിൽ പലർക്കും ചിന്തിക്കാൻ തന്നെ കഴിയാത്ത അവസ്ഥയായിരുന്നു. അത്തരത്തിൽ ആദ്യദിവസം ആ ആദ്യമണിക്കൂറുകളിൽ പിൻ ബെഞ്ചിൽ ഇരുന്നവർ നന്നായും മുൻപിലായി ഇരുന്നവർ അതിൽ കൂടുതലായും  ടെൻഷനടിച്ച് ഇരിക്കുന്ന സമയത്താണ് ആ വാർത്ത ഞങ്ങളെ തേടി വന്നത്. 

"സുരേന്ദ്രൻ മാഷ് പിരിഞ്ഞു. അനന്തൻ മാഷാണ് പുതിയ ഹെഡ് മാഷ്."

ആ വാർത്ത ഞങ്ങൾക്കേകിയ ആശ്വാസം എത്രയാണെന്ന് പറയാൻ കഴിയില്ല. പ്രഗല്ഭനായ സുരേന്ദ്രൻ മാഷ് പിരിഞ്ഞതിൽ ആർക്കും ഒരു വിഷമവും കണ്ടില്ല. അനന്തൻ മാഷ് ഹെഡ്മാഷായതിൽ എല്ലാവരും അതിയായി സന്തോഷിക്കുകയും ചെയ്തു. സത്യത്തിൽ മാഷിന് ആ പദവി  കിട്ടാനുള്ള ആഗ്രഹം ഒന്നും ആയിരുന്നില്ല, ഹെഡ്മാഷായാൽ  അങ്ങേര്  ക്ലാസ്സെടുക്കാൻ വരില്ല എന്നതായിരുന്നു ഞങ്ങളുടെ സന്തോഷത്തിനു കാരണം.

ആദ്യ പിരീഡ് ക്ലാസ്സിലേക്ക് വന്നത് രാഘവൻ മാഷായിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങളുടെ ക്ലാസ് മാഷ്. നല്ല ചുരുണ്ട മുടിയുള്ള നീണ്ടുമെലിഞ്ഞ രാഘവൻ മാഷിൻ്റെ വിഷയം സോഷ്യൽ സയൻസ് എന്ന സാമൂഹ്യപാഠമായിരുന്നു.

ആദ്യ ദിവസത്തെ രാവിലത്തെ ഇൻറർവെൽ സമയത്താണ് ഞങ്ങൾ ആ വാർത്ത കേട്ടത്. 

"10 A യിൽ കണക്കെടുക്കുന്നത് അനന്തൻ മാഷാണ്."

തൊട്ടടുത്ത പിരീഡ് കണക്കാണ്. അനന്തൻ  മാഷ് ഞങ്ങൾക്കും ക്ലാസെടുക്കാൻ വരുമോ ?  

പേടിച്ച് എല്ലാവരും ഒരു കണക്കായി ഇരിക്കുമ്പോഴാണ്, ഷൂ ഇട്ടു കൊണ്ട് ഇൻസൈഡ് ചെയ്തു ടിപ്ടോപിൽ ചിരിച്ചുകൊണ്ട് ഒരു മാഷ് ക്ലാസ്സിലേക്ക് കടന്നു വന്നത്. 

അതായിരുന്നു ഗംഗാധരൻ മാഷ്. 

ബജാജ് സ്കൂട്ടറിൽ  എന്നും സ്കൂളിലേക്ക് വരുന്ന അദ്ദേഹത്തിൻറെ വിഷയം കണക്കായിരുന്നു. മാഷെ കണ്ട് എല്ലാവരും അതിയായി സന്തോഷിച്ചു ഞങ്ങളുടെ മുഖഭാവവും പ്രസന്നതയും കണ്ട് മാഷും സന്തോഷിച്ചിരിക്കണം.

അങ്ങിനെ മനോഹരമായ ഒൻപതാം ക്ലാസിലെ കണക്ക് ക്ലാസ് അവിടെ തുടങ്ങി. സൗമ്യമായി എന്നും ചിരിച്ചു കൊണ്ടുവരുന്ന ഗംഗാധരൻ മാഷിലൂടെ ഞങ്ങൾ കണക്കു പഠിച്ചു തുടങ്ങി.

ഫിസിക്സ് എന്ന ഭൗതികശാസ്ത്ര പഠിപ്പിക്കാൻ വന്നത് വേണുഗോപാലൻ മാഷായിരുന്നു. ഹിന്ദി പഠിപ്പിക്കാൻ വന്നത് തങ്കമണി ടീച്ചറും. ന്യൂട്ടൻ്റെ ചലന നിയമങ്ങളും ഹിന്ദിയിലെ ദോഹകളും പഠിക്കാൻ എളുപ്പമായത് കൊണ്ടൊന്നുമല്ല വേണുഗോപാൽ മാഷിൻ്റെയും തങ്കമണി ടീച്ചറുടെയും ക്ലാസ് ഞങ്ങളുടെ ഒരു പൊതു പ്രശ്നമായിരുന്നില്ല. ഞങ്ങളുടെ പൊതു പ്രശ്നം ഇംഗ്ലീഷ് ക്ലാസ്സായിരുന്നു,  കാരണം ഇംഗ്ലീഷ് എടുത്തത് വത്സൻ മാഷായിരുന്നു.

വത്സൻ മാഷിൻ്റെ ഇംഗ്ലീഷ് ക്ലാസിൽ മാഷിൻ്റെ ശബ്ദമല്ലാതെ മറ്റൊരാളുടെ ശബ്ദം കേൾക്കാൻ കഴിയുമായിരുന്നില്ല. പലപ്പോഴും നീണ്ട നിശബ്ദത. ഒരു ഈച്ച പാറിയാൽ അത് വരെ കേൾക്കാം.   

മാഷിനെ എന്തോ എല്ലാവർക്കും പേടിയായിരുന്നു. പക്ഷേ മാഷ് ആരെയെങ്കിലും അടിക്കുന്നതോ ചീത്ത പറയുന്നതോ ഞങ്ങളാരും കണ്ടിട്ടുമില്ല. നാളെ പരീക്ഷയുണ്ട് അല്ലെങ്കിൽ ചോദ്യം ചോദിക്കും എന്നൊക്കെ മാഷ് പറഞ്ഞാൽ എല്ലാവരും ആ ദിവസം ഇംഗ്ലീഷ് മാത്രമേ  പഠിക്കുകയുള്ളൂ, എല്ലാം മനഃപാഠമാക്കുകയും ഏത് പാതിരാത്രിയിൽ ചോദിച്ചാലും ഉത്തരം പറയുകയും ചെയ്യും. 

വെറുതെ പറയുമെന്നല്ലാതെ മാഷ് ക്ലാസിൽ പൊതുവെ പരീക്ഷ നടത്തുകയോ ചോദ്യം ചോദിക്കുക ചെയ്യാറില്ല. ഞങ്ങൾക്കും അത് അറിയാമായിരുന്നു. എങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിന് താല്പര്യമില്ലാത്തതിനാൽ മാഷ് പറഞ്ഞാൽ ഞങ്ങൾ എല്ലാവരും പഠിക്കുമായിരുന്നു.

എട്ടാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് മാഷായിരുന്ന നാരായണൻ മാഷ് ഒമ്പതാം ക്ലാസിലെ വരാന്തയിലൂടെ നടന്നു പോകുമ്പോൾ ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പലപ്പോഴും പോയത് ഞങ്ങളിൽ പലർക്കും മനപ്രയാസം ഉണ്ടാക്കിയിരുന്നു. എങ്കിലും  ഹെഡ്മാഷായിരുന്ന അനന്തൻ മാഷ് ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ആ വരാന്തയിലൂടെ പലപ്പോഴും പോയത് ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. മാഷിൻ്റെ ചിരിച്ചുകൊണ്ടുള്ള ഭാവം കാണുമ്പോൾ ഈ മാഷിനെ ആണോ ഞങ്ങൾ പേടിച്ചിരുന്നത് എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. 

അങ്ങിനെ പുതിയ ക്ലാസും അധ്യാപകരുമായി ഞങ്ങൾ ഒത്തിണങ്ങി വരുന്നതിനിടയിലാണ് ക്ലാസിലെ പലഭാഗങ്ങളിൽ നിന്നും ചില തീപ്പൊരികൾ വരാൻ തുടങ്ങിയത് . അത് മനസ്സുകളിൽ രൂപംകൊണ്ടതായിരുന്നു, അതിൽ പ്രണയം പൊട്ടിമുളയ്ക്കാൻ തുടങ്ങുകയായിരുന്നു.

തുടരും ...

June 28, 2020

പാതിരിയാട് സ്കൂൾ വിശേഷങ്ങൾ

വർഷങ്ങൾക്കു മുന്നേ ജൂൺ മാസത്തിലെ മഴക്കാറുള്ള രാവിലെയാണ് ആദ്യമായി  പാതിരിയാട് സ്കൂളിൽ ഒരു വിദ്യാർത്ഥിയായി കയറിച്ചെല്ലുന്നത്. വലിയ വെള്ള തുണിയിൽ  'നവാഗതർക്ക് SFl യുടെ സ്വാഗതം ' എന്ന്  ചുവന്ന മഷിയിൽ എഴുതി തൂക്കിയിട്ടതും വായിച്ചു കൊണ്ട് ഒരു കോട്ട പോലെ തോന്നിച്ച ആ സ്കൂളിൻ്റെ അകത്തളത്തിലേക്ക്  കാലെടുത്തു വെയ്ക്കുമ്പോൾ എന്തോ ഒരു പരിഭ്രമം കൂട്ടിനുണ്ടായിരുന്നു. ആ വലിയ ചുമരുകളും ഉയരമുള്ള മേൽക്കൂരയും നീളമുള്ള സ്കൂൾ വരാന്തയും വിശാലമായ ക്ലാസ്സുകളും പരിചിതമല്ലാത്ത മുഖങ്ങളും എന്തെന്നറിയാത്ത വിചാരവികാരങ്ങളാണ് നൽകിയത്. ഇവിടെ  പഠിക്കാനുള്ള ധൈര്യമുണ്ടോ, മുന്നോട്ടുവെച്ച ഓരോ കാൽവെയ്പ്പിനേയും മനസ്സ് ശക്തമായി പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു.  വിശാലമായ സ്കൂൾ മൈതാനം കണ്ടതായിരുന്നു ആദ്യ ദിവസത്തെ ഏക ആശ്വാസം.

കോട്ടയം രാജാവിൻ്റെ പേരിലുള്ള ആ
സ്കൂളിൽ  ചേരുന്നതിനു മുന്നേ തന്നെ അവിടെയുള്ള പല അധ്യാപകരെയും കുറിച്ച് ധാരാളം കേട്ടിരുന്നു അതിൽ കൂടുതലും സുരേന്ദ്രൻ മാഷിനെ കുറിച്ചായിരുന്നു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുള്ള അദ്ദേഹം ആ വർഷം സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. നല്ല വെളുത്ത താടിയുമായി പുഞ്ചിരിയോടെ കാണാൻ കഴിയുന്ന സുരേന്ദ്രൻ മാഷ് ഒരു സന്യാസിയെ പോലെ തോന്നിച്ചിരുന്നു. പൊതുവേ പ്രധാനാധ്യാപകർ ജോലി കൂടുതലുള്ളതിനാൽ വളരെ അപൂർവ്വമായി മാത്രമേ ക്ലാസെടുക്കാൻ പോകാറുള്ളൂ. അതിനാൽ തന്നെ നാട്ടുകാരും വീട്ടുകാരും പറഞ്ഞു കേട്ട പ്രസിദ്ധമായ അദ്ദേഹത്തിൻ്റെ ബയോളജി ക്ലാസിൽ ഇരിക്കാനുള്ള ഭാഗ്യമുണ്ടായില്ല എന്നത് ഇന്നും ഒരു നഷ്ടമായി തോന്നുന്നു. മാഷിന് ചില പ്രത്യേകതകളൊക്കെ ഉണ്ടായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടവരെ അദ്ദേഹം പെട്ടന്നൊന്നും  മറക്കാറില്ല. കാലങ്ങൾ കഴിഞ്ഞ് ഏത് ആൾക്കൂട്ടത്തിനിടയിൽ കണ്ടാലും പേരോർത്ത് വിളിക്കുമായിരുന്നു.

എട്ടാം തരത്തിലെ ക്ലാസ് ടീച്ചർ അധികം ഉയരമില്ലാതിരുന്ന നാരായണൻ മാഷായിരുന്നു. പൊതവേ പാൻറിട്ട് വരുന്ന മാഷ് ഓരോ കുട്ടികളോടും ഏതാണ് പ്രയാസമുള്ള വിഷയം എന്ന് ചോദിച്ച് മനസ്സിലാക്കുമായിരുന്നു. ക്ലാസ് ടീച്ചർ ആയതു കൊണ്ടോ എന്നറിയില്ല മാഷിനോട്  ഒരു ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. അപൂർവം ചില അവസരങ്ങളിൽ നാരായണൻ മാഷ് മുണ്ട് ധരിച്ച് വന്നത് എല്ലാവർക്കും ഒരു കൗതുകമായിരുന്നു.

എട്ടാം ക്ലാസിൽ കണക്ക് പഠിപ്പിച്ചത് ചിരിച്ചുകൊണ്ട് ക്ലാസ്സിൽ കയറി വരുന്ന മമ്മൂട്ടി മാഷായിരുന്നു. തമാശ പറയുന്നതിനോടൊപ്പം പേടിപ്പിക്കുന്ന ആജാനബാഹുവായ ആ മാഷിൻ്റെ ക്ലാസിൽ ചിരിക്കണോ പേടിക്കണോ എന്ന സംശയമായിരുന്നു പലപ്പോഴും. നിഖിൽ ജി യെ ജഗൽജി എന്ന് വിളിച്ച്  കളിയാക്കുന്നത്  മാഷിനൊരു രസമായിരുന്നു. മറ്റ് കുട്ടികൾ ആരെങ്കിലും അവനെ അങ്ങിനെ വിളിച്ചാൽ മാഷ് അവരെ പേടിപ്പിക്കുകയും ചെയ്യുമായിരുന്നു.

തൃശൂർച്ചുവയിൽ സംസാരിച്ചിരുന്ന നീലകണ്ഠൻ മാഷായിരുന്നു മലയാളം പഠിപ്പിച്ചിരുന്നത്. മാഷിൻ്റെ മകനും ഞങ്ങളുടെ ക്ലാസ്സിൽ ആയിരുന്നു. ലളിതമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹം പുതിയ ഷർട്ടോ മുണ്ടാ ധരിച്ചതായി ഒരിക്കലും തോന്നിയിരുന്നില്ല. പലപ്പോഴും മാഷ് സ്കൂൾ സ്റ്റോപ്പിനു ഒരു കിലോമീറ്റർ അകലെയുള്ള  കുറ്റിപ്പുറം പോസ്റ്റ് ഓഫീസിൽ ബസിറങ്ങി  സ്കൂളിലേക്ക് നടക്കുമായിരുന്നു. സ്കൂൾ വിട്ടാലും അവിടം വരെ നടന്നു പോയി ബസ് കയറും. പോസ്റ്റോഫീസ് സ്റ്റോപ്പിൽ ബസ് സ്റ്റേജിൽ വ്യത്യാസമുള്ളതിനാൽ ചെറിയൊരു പൈസയുടെ കുറവ് അദ്ദേഹത്തിന് യാത്രയിൽ കിട്ടുമായിരുന്നു. ഇന്നും അനാവശ്യമായി എന്തെങ്കിലും പൈസ ചെലവാക്കുമ്പോൾ പ്രിയപ്പെട്ട നീലകണ്ഠൻ മാഷിനെ ഓർത്തു പോകാറുണ്ട്.

ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവവും പഠിപ്പിച്ചിരുന്ന ശ്രീമതി ടീച്ചറും സൾഫ്യൂരിക് ആസിഡിൻ്റെ രാസനാമം പഠിപ്പിച്ച സരോജിനി ടീച്ചറും വലിയ കൂട്ടുകാരായിരുന്നു. അവരെ എന്നും എപ്പോഴും ഒന്നിച്ച് മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ. ചരിത്രത്തിന് രസതന്ത്രവുമായുള്ള അഭേദ്യ ബന്ധം ആ കാലത്താണ് ശരിക്കും മനസ്സിലാക്കാൻ കഴഞ്ഞത്.

'ഓണം ഹമാരാ ദേശീയ ത്യോഹാർ ഹേ ഓണം കാ ദസ് ദിൻ പഹലേ അത്തം ആതാ ഹേ'  എന്ന്  മനപ്പാഠം പഠിപ്പിച്ച രാജു മാഷിൻ്റെ  ഹിന്ദി ക്ലാസും ചെമ്പരത്തി പൂവിൻ്റെ ചിത്രം വരച്ച ലിസി ടീച്ചറുടെ ബയോളജി ക്ലാസും എട്ടാം ക്ലാസിൽ ആയിരുന്നു.

തൻ്റെ ചിത്ര കലയുടെ പാടവം മുടി ഒതുക്കുന്നതിൽ തെളിയിച്ച മോഹനൻ മാഷും എപ്പോഴെങ്കിലു ക്ലാസ്സിൽ  സംഗീതം പഠിപ്പിക്കാനായി വരുന്ന ദിലീപൻ മാഷും തുന്നൽ പഠിപ്പിച്ചിരുന്ന ഷീബ ടീച്ചറും എട്ടാം ക്ലാസിലുണ്ടായിരുന്നു. മോഹനൻ മാഷ് ബോർഡിൽ ചിത്രം വരയ്ക്കുന്നത് കണ്ടു പലപ്പോഴും ആശ്ചര്യപെട്ടിട്ടുണ്ട്. ദിലീപ് മാഷ് നന്നായി പാടുമായിരുന്നു.  ക്ലാസ് തുടങ്ങുമ്പോൾ തന്നെ  സംഗീതത്തിന് ഒരു നോട്ട്ബുക്ക് വേണമെന്ന് പറഞ്ഞിരുന്നു. അതിൽ ആദ്യമായി അവസാനമായും എഴുതിയിരുന്നത് ഒരേയൊരു പാട്ടായിരുന്നു . വെള്ളത്തുണിയിൽ പല നിറത്തിലുള്ള നൂലുകൾ കൊണ്ട് പൂക്കളും മറ്റു ചിത്രങ്ങളും തുന്നുന്ന  ഷീബ ടീച്ചറുടെ ക്ലാസ്സ് ആൺകുട്ടികളെക്കാൾ കൂടുതൽ ചിലപ്പോൾ പെൺകുട്ടികൾ ആയിരിക്കും ആസ്വദിച്ചിരിക്കുക.

ആഴ്ചയിൽ രണ്ടു PT ക്ലാസ് ഉണ്ടായിരുന്നു.  ആറ്റുനോറ്റു കാത്തിരിക്കുന്ന P T ക്ലാസിനു വേണ്ടിയാണ് സ്കൂളിൽ വരുന്നതെന്ന്  തന്നെ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. മഴയുള്ള ദിവസങ്ങൾ  ശ്രീധരൻ മാഷ് ഗ്രൗണ്ടിലേക്ക് വിടില്ല. അല്ലാത്ത സമയങ്ങളിൽ ഗ്രൗണ്ടിൽ എത്തിയാൽ മാഷുടെ വക എക്സസൈസ് ചെയ്യിപ്പിക്കൽ ഉണ്ട്.  അതിനുശേഷം മാത്രമേ ഫുട്ബോൾ കിട്ടുകയുള്ളൂ. വ്യാഴാഴ്ചയിലെ അവസാന പീരിഡിലെ ഞങ്ങടുടെ  P T സമയത്തു തന്നെയായിരുന്നു ഏഴാം ക്ലാസിനും P T. ഏഴാം ക്ലാസും എട്ടാം ക്ലാസും തമ്മിലുള്ള ഫുട്ബോൾ മാച്ചായിരുന്നു എല്ലാ വ്യാഴാഴ്ചയുടെയും പ്രത്യേകത. ഏതെങ്കിലും മാഷ് അവധി ആയാൽ ആ സമയം ഗ്രൗണ്ടിൽ കളിക്കാൻ പോകാനായി മാഷുടെ അനുവാദം തേടാറുണ്ട്.  ചിലപ്പോഴൊക്കെ മാഷ് സമ്മതിച്ചിട്ടുമുണ്ട്. 

എല്ലാത്തിനും അപ്പുറം എട്ടാംക്ലാസിൽ ഞങ്ങൾ പേടിച്ചിരുന്ന മറ്റൊരു മാഷ് ഉണ്ടായിരുന്നു.  ഞങ്ങൾക്ക് ക്ലാസ്സെടുക്കുന്നില്ലെങ്കിലും ഓരോരുത്തരുടെയും മനസ്സിൽ ഭീതി നിറച്ചിരുന്ന അനന്തൻ മാഷ്. എട്ടാം ക്ലാസിനു തൊട്ടപ്പുറത്തുള്ള പത്താം ക്ലാസിൽ അദ്ദേഹം കണക്ക്  ക്ലാസെടുക്കുന്നതിൻ്റെ  ശബ്ദകോലാഹലങ്ങൾ ഭയപ്പാടോടെ ഞങ്ങൾ കേട്ടിരുന്നു. ദേഷ്യം പിടിച്ച് മാഷ് പുസ്തകം വലിച്ചെറിയുന്ന ശബ്ദം പലപ്പോഴും ഞങ്ങൾ 8 A യിൽ ഇരുന്നു കൊണ്ട് അറിയുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഭയത്തിന് കാരണം മറ്റൊന്നുമായിരുന്നില്ല, 9 A യിൽ കണക്ക് പഠിപ്പിക്കുന്നത് അനന്തൻ മാഷ് ആണെന്ന യാഥാർത്ഥ്യമാണ്. ഒൻപതാം ക്ലാസിലെ കണക്ക് ക്ലാസ് വിചാരിച്ച് എട്ടാം ക്ലാസ് മുതൽ ഞങ്ങൾ പേടിച്ചു തുടങ്ങി. അനന്തൻ മാഷിനെയും മാഷിൻ്റെ ക്ലാസിനേയും കുറിച്ചുള്ള പല കഥകളും പലയിടത്തായി പറഞ്ഞു കേട്ടത് ഞങ്ങളുടെ ഭയത്തെ  വർധിപ്പിച്ചതേയുള്ളൂ . അനന്തൻ മാഷിൻ്റെ കണക്ക് ക്ലാസ്സ് എങ്ങനെ കഴിഞ്ഞുകൂടും എന്ന് പേടിച്ച് ഒൻപതാം ക്ലാസിൽ എത്തിയപ്പോഴാണ് അത് സംഭവിച്ചത്.

തുടരും...

June 07, 2020

അവൻ ...

അവൻ ...
മറ്റെല്ലാത്തിനെയും ചവിട്ടി ഞെരിച്ച്
വിശ്വാസത്തെ മുറുകെ പിടിച്ചവൻ .

ചുവന്ന കണ്ണുമായി ആരാധനാലയത്തിൽ കയറിയിറങ്ങി 
പ്രക്ഷുബ്ധമായ മനസ്സ് മാത്രം 
കൂടെ കരുതിയവൻ.

മനസ്സുകളെ കീറിമുറിച്ചും
തെരുവുകളെ ചുട്ടെരിച്ചും 
വാക്കുകളിൽ വിഷം പുരട്ടി 
തലച്ചോറുകളെ സ്വന്തമാക്കിയവൻ

എവിടെയും അവനായിരുന്നു 
ആ അട്ടഹാസമായിരുന്നു.
കാണാതിരിക്കാൻ കണ്ണടച്ചു കേൾക്കാതിരിക്കാൻ ചെവികൾ പൊത്തി
ഏവരെയും ബധിരരും മൂകരുമാക്കി 
അവൻ ദിഗ്വിജയം നേടുകയായിരുന്നു.

ഒരുനാൾ 
ആ പാപഭാരം ദൈവത്തിനും താങ്ങാതെയായി
അവനെ കാണാതിരിക്കാൻ 
ആ പ്രാർത്ഥനകൾ കേൾക്കാതിരിക്കാൻ ദൈവവും കൊതിച്ചു.

അവൻ പുറത്തായി.

വിശ്വാസം നഷ്ടമാകുമെന്നോ...
ഭയത്താൽ അവനു ശ്വാസം മുട്ടി.
പൊരുതി നേടിയ ആരാധനാലയത്തിൽ കള്ളനെപ്പോലെ  പതുങ്ങി കയറി...

ദൈവത്തിൻ്റെ ലാത്തിയടികൾ  പൊതിഞ്ഞപ്പോൾ
അവൻ ഓടുകയായിരുന്നു.
വേറൊരു ലോകത്തേക്ക്
എത്തിച്ചേരുകയായിരുന്നു...

പൊരുതുന്ന മഹാമാരികളിൽ
വിശക്കുന്ന വയറുകളിൽ
ഉതിരുന്ന നെടുവീർപ്പുകൾക്കിടയിൽ
അവൻ ജീവിതം കണ്ടു.

ദാഹജലത്തിനായി കേഴുന്നവരും
ശ്വാസത്തിനായി പിടക്കുന്നവരും 
തന്നെ നോക്കിയപ്പോൾ
ആദ്യമായി അവൻ
ദൈവത്തെ മറന്നു പോയി.

വറ്റിവരണ്ട നാവിൽ വെള്ളം പകർന്നപ്പോൾ
വിശന്നു കരിഞ്ഞ വയറിന് 
അന്നമേകിയപ്പോൾ
അവൻ ദൈവമാവുകയായിരുന്നു.
അവരുടെ പുഞ്ചിരിയിൽ
ആദ്യമായി അവൻ ദൈവത്തെ കാണുകയായിരുന്നു.

അന്ന് ആദ്യമായി 
ആരാധനാലയത്തിൽ ദൈവം 
സ്വസ്ഥമായി ഇരിക്കുകയായിരുന്നു...

June 06, 2020

ഒരു ചിത്രം

ഒരു ചിത്രമായി മനസ്സിൻ്റെ പടിവാതിലിൽ
നീ പാദസരം കിലുക്കിയപ്പോൾ സ്വാഗതമേകുവാനായി കവിതകൾ  പീലിനീർത്തിയെങ്കിലും
ഒന്നും പറയാതെ
നീ അകന്നു പോയി...

കിനാവെന്ന് കരുതുമ്പോഴും
അരികിലായ് ചേരുവാൻ കൊതിക്കുമ്പോഴും
ജീവതാളമായി നീ
മാറിയതും മറന്നു പോകുന്നു.

അനുഭൂതിയായി മാറുന്ന കാഴ്ചകളിൽ
പറയാതെ പോകുന്ന മൗനങ്ങളിൽ 
ചികഞ്ഞു നോക്കിയതൊക്കെയും
നിന്നിലെ എന്നെയായിരുന്നു

തേടിയലഞ്ഞ  ചൈതന്യം നീയാണെന്നറിയുമ്പോഴും
രണ്ട് ദിശകളിലായി നാം
അകന്നു പോകുന്നത്
ഒരു തോന്നൽ മാത്രമെന്ന്
ഇനിയും പറയാനാകുമോ കൃഷ്ണാ ...

നീ അരികിൽ വരില്ലായിരിക്കാം 
എങ്കിലും ഒരു ആശ്വാസമായി
ഈ ചിത്രവും നോക്കിയിരിക്കാം.

May 23, 2020

പൊയ്യ - ശങ്കരനെല്ലൂരിലെ ക്രിക്കറ്റ്

നിറയെ പൃത്തികളുള്ള (കശുമാവുകളുള്ള)  ഒരു സ്ഥലമാണ് പൊയ്യ. ഞങ്ങൾ കളിക്കുന്ന റോഡിൽ നിന്ന് അടുത്താണെങ്കിലും ആ കാലമത്രയും പൊയ്യയിൽ കളിക്കുന്നതിനെ കുറിച്ച് ഞങ്ങളാരും ചിന്തിച്ചിരുന്നില്ല.  

ടെസ്റ്റ് ക്രിക്കറ്റ് വരെ കളിച്ചു കൊണ്ടിരുന്ന പഞ്ചായത്ത് റോഡിലൂടെ കടന്നു പോകുന്ന  വണ്ടികളുടെയും ആൾക്കാരുടെയും എണ്ണം ദിനംപ്രതി കൂടി വരുന്നുണ്ടായിരുന്നു. നാട്ടുകാരിൽ പലരും കളി സ്ഥലത്തിന് അടുത്തെത്തുമ്പോൾ ഇത്തിരി പരിഭ്രമത്തോടെയായിരുന്നു നടന്നിരുന്നത്. ബോളിൻ്റെ അടി കിട്ടുമോ എന്നുള്ള ഭയം പലർക്കുമുണ്ടായിരുന്നു. ചിലർക്കൊക്കെ അടി കിട്ടിയതിനാൽ തന്നെ ആ ഭാഗത്തെത്തുമ്പോൾ എല്ലാവരും ഒന്ന് കരുതി നിൽക്കാറുണ്ട്. എന്നാൽ ഇതൊന്നും ഗൗരവമായി ചിന്തിക്കാതെ പതുക്കെ പോകുന്ന അപൂർവം ചിലരുടെ കൈ പിടിച്ച് പലപ്പോഴും ഞങ്ങൾക്ക്  വേഗത്തിൽ നടത്തിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ നാട്ടുകാർക്കും ഞങ്ങൾക്കും അസൗകര്യം ഏറി വന്നതിനാൽ കളിസ്ഥലം മാറ്റാനായി എല്ലാവരും ആഗ്രഹിച്ചു.

പൊയ്യയിലുള്ള പൊട്ടക്കിണറ്റിൻ്റെ പേരും  പറഞ്ഞു  ചെറുപ്പം തൊട്ടേ വീട്ടുകാർ ആ ഭാഗത്തേക്ക് പോകാൻ അനുവദിക്കാറില്ലായിരുന്നു. ആ കടമ്പ ഒരു വിധം ഞങ്ങൾ വിജയകരമായി കടന്നു.

അങ്ങിനെ പൊയ്യയിൽ കളി തുടങ്ങി.

ഒരു ഭാഗത്ത് കല്ലുകൊണ്ട് കെട്ടിയ ചെറിയ ഒരു കുളം, തൊട്ടപ്പുറം പടർന്നുപന്തലിച്ച പേരാൽ അതിന് അരികിലായി കുറ്റിച്ചെടികൾ നിറഞ്ഞ ആൽത്തറ, മുന്നിൽ നീണ്ടുനിൽക്കുന്ന വയൽ, വയലരികിൽ ഖാദർക്കായുടെ പൂട്ടിയിട്ട പഴയ പീടിക എല്ലാം കൊണ്ട് പൊയ്യ മനോഹരമായിരുന്നു.

മഴക്കാലത്ത് മാത്രം വെള്ളം നിറഞ്ഞു നിൽക്കുന്ന കുളവും നിറയെ വള്ളികളുള്ള പേരാലും പൊയ്യയെ തീർത്തും വ്യത്യസ്തമാക്കുകയായിരുന്നു. 

ഇത്തരത്തിൽ ഒരു കുളം അവിടെ എങ്ങിനെ വന്നു, ആശാരി കാവുമായി ബന്ധപ്പെട്ടതാണോ? ആൽത്തറ പഴയ കാലത്ത്  നാട്ടുകൂട്ടം നടത്താൻ പണിതതാണോ ?  ഇത്തരത്തിൽ  ഒരുപാട് സംശയങ്ങൾ അന്നും ഇന്നും പൊയ്യ അവശേഷിപ്പിക്കുന്നുണ്ട്.

റോഡിലേതു പോലെ തൊട്ടടുത്ത് പറമ്പത്ത് ബോളടിച്ചാൽ ഔട്ട് ആവുന്ന രീതിയില്ലാത്തതിനാൽ എല്ലാവരും മനസ്സറിഞ്ഞ് തന്നെ പൊയ്യയിൽ ബാറ്റ് ചെയ്തു. അതി മനോഹരമായ ഷോട്ടുകൾ ബാറ്റുകളിൽ നിന്ന് വന്നപ്പോൾ ബോൾ പൊട്ടകിണറ്റിൽ പോകുന്നത് പ്രധാന പ്രശ്നമായി തീർന്നു. ഒരാളെ അതിനരികിൽ നിർത്തിയെങ്കിലും പലപ്പോഴും ഫീൽഡറെ മറികടന്ന് ബോൾ കിണറ്റിൽ വീഴാറുണ്ടായിരുന്നു. ആദ്യമൊക്കെ ആ പെട്ടകിണറ്റിൽ ഇറങ്ങാൻ കിണറ്റിൽ ഇറങ്ങി പരിചയമുള്ള ചിലരു തന്നെ വേണമായിരുന്നു. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഞങ്ങളുടെ ടീമിലെ പലരും കിണറ്റിലിറങ്ങാനുള്ള പരിശീലനം നേടിയെടുത്തു. പലപ്പോഴും ഒരു ബോളെടുക്കാൻ ഒന്നിൽ കൂടുതൽ പേർ പൊട്ട കിണറ്റിൽ ഇറങ്ങാൻ തുടങ്ങി. ഒടുവിൽ വീട്ടിലെ കിണറ്റിൽ ഇട്ടിരുന്ന വല ആ പൊട്ട കിണറ്റിന് വിരിച്ച് ആ പ്രശ്നം പരിഹരിച്ചു. 

ചാറൽ മഴയിൽ പൊയ്യയിൽ കളിക്കാൻ നല്ല രസമാണ്. മഴ കനത്താൽ എല്ലാവരും ഓടി ഖാദർക്കായുടെ പീടികയിൽ കയറും. അങ്ങിനെയുള്ള ഒരു ദിവസമാണ് ഷിമിത്തും പൊന്നുവും ആദ്യമായി അവിടെ കളിക്കാനായി വന്നത്. വല്ലപ്പോഴും മാത്രം കളിക്കാനായി വരുന്നവരാണ് രണ്ടുപേരും. പഞ്ചായത്ത് റോഡിൽ കളിക്കുമ്പോഴും അങ്ങിനെയായിരുന്നു. കളിക്കാൻ വന്നാൽ ആദ്യം തന്നെ ബാറ്റും ബോളും വേണമെന്ന ഇവരുടെ ആഗ്രഹം ഞങ്ങളാരും എതിർക്കാറുമില്ല. അങ്ങിനെയെങ്കിലും അടുത്ത ദിവസവം അവർ കളിക്കാൻ വരട്ടെ എന്നായിരുന്നു ഞങ്ങൾക്ക്. പക്ഷേ ഞങ്ങൾ എന്തു ത്യാഗം ചെയ്താലും പിന്നീട് ഒന്നു രണ്ടു മാസം കഴിഞ്ഞേ രണ്ടുപേരെയും ആ ഭാഗത്ത് കാണാറുള്ളു.

അന്ന് മഴച്ചാറലേറ്റ് എല്ലാവരും പീടികയിൽ കയറി നിൽക്കുകയായിരുന്നു. പീടികത്തിണ്ണയിൽ ഇറ്റ് വീഴുന്ന മഴത്തുള്ളിയോടൊപ്പം ഷിമിത്തിന് ഒരു ആശയം തോന്നി. അവൻ  ഞങ്ങളോട് അത് പറഞ്ഞു .

"നമുക്ക് ഈ പീടിക ഓലമേയാം അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് ഇടാം പിന്നെ ഒരു കാരംബോഡ് വാങ്ങി വെയ്ക്കണം. ഇടക്ക് വന്ന് കാരംസ് കളിക്കാം."

അപ്പാൾ പൊന്നു പറഞ്ഞു.

"ഒരു സെക്കൻഡ് ഹാൻഡ് ടിവിയും വാങ്ങാം വിനോജേട്ടനോട് പറഞ്ഞ്  കേബിൾ വലിക്കാം."

രണ്ടു പേരും കൂടി അങ്ങിനെ പറഞ്ഞ് പറഞ്ഞ്  ഖാദർക്കാൻ്റെ പീടിക ഞങ്ങളുടെ  ക്ലബ് ആക്കി മാറ്റി.

നാളെ മുതൽ നമുക്ക് ഇതിനുള്ള പരിപാടികൾ തുടങ്ങണം എന്ന് രണ്ടു പേരും കൂടി പറഞ്ഞു.

ഇരുവരും പറയുന്നത് എല്ലാവരും വാപൊളിച്ചു കേട്ടു നിന്നു. ഇത്രനാളും ഇവിടെ കളിച്ചിട്ടും ഞങ്ങൾക്കിത്  തോന്നിയില്ലല്ലോ എന്ന് പലരും ചിന്തിച്ചു.  കാരം ബോർഡ്, കേബിൾ ടിവി, ക്ലബ് തുടങ്ങിയ വലിയ സ്വപ്നങ്ങളുമായാണ് ആ ദിവസം പലരും കളി കഴിഞ്ഞ് മടങ്ങിയത്.

പുതിയ  സ്വപ്നങ്ങളുമായി എല്ലാവരും അടുത്ത ദിവസം ഷിമിത്തിനെയും പൊന്നുവിനേയും കാത്തു നിന്നു. അന്ന് രണ്ടുപേരും വന്നില്ല. പ്രതീക്ഷിച്ചെങ്കിലും  അടുത്ത ദിവസവും വന്നില്ല. പിന്നീട്  ഇരുവരേയും പൊയ്യയിലേക്ക് കണ്ടതേയില്ല. കാരം ബോർഡും കേബിൾ ടിവിയും ക്ലബ്ബും ഒരു സ്വപ്നം മാത്രമാണെന്നുള്ള യാഥാർത്ഥ്യം കുറച്ച് ദിവസത്തിനകം  എല്ലാവർക്കും അംഗീകരിക്കേണ്ടതായി വന്നു.

റോഡിൽ കളിക്കാൻ നാണിച്ചിരുന്ന മുതിർന്ന പലരും പൊയ്യയിൽ സ്ഥിരമായി കളിക്കാൻ വന്നിരുന്നു. അടിച്ച ബോൾ പൃത്തികളുടെ ഇടയിൽ പോയാൽ കണ്ടെത്താൻ ഇത്തിരി പ്രയാസമായിരുന്നു. സ്ഥിരമായി അവിടേക്ക് അടിച്ചാൽ ബാറ്റ് ചെയ്ത ആൾ തന്നെ ബോൾ കണ്ടേത്തേണ്ട അലിഖിത നിയമം ഇടക്കാലത്തായി വന്നു.

സന്ധ്യ കഴിയുന്നതു വരെ ഞങ്ങൾ പൊയ്യയിൽ കളിച്ചിരുന്നു.  കളിക്കിടെ ദാഹിച്ചാൽ അടുത്തുള്ള ധനേച്ചിയുടെയോ സോമേട്ടൻ്റെയോ വീട്ടിലേക്ക് പോകുമായിരുന്നു. പലപ്പോഴും പൃത്തിക്കാട്ടിൽ പോയ ബോൾ കണ്ടെത്തുള്ള വെളിച്ചമില്ലാത്തതിനാൽ  ബോൾ അവിടെ ഉപേക്ഷിച്ചായിരുന്നു വീട്ടിലക്ക് മടങ്ങിയിരുന്നത്.

കളിക്കിടെ വള്ളികളിൽ പിടിച്ച് ആടുന്നതും ചിലപ്പോൾ തമ്മിൽ കൂട്ടിമുട്ടുന്നതും പൊയ്യയിലെ മനോഹരമായ ഓർമകളാണ്. പൊയ്യയിലെ പിച്ചിന് നടുക്ക് സ്ഥലമുടമ തെങ്ങും തൈ നടുന്നതു വരെ ഞങ്ങളവിടെ കളി തുടർന്നു. പലരും പറഞ്ഞതു പോലെ ഞങ്ങളുടെ നെഞ്ചത്തു തന്നെയായിരുന്നു അങ്ങേര് തെങ്ങും തൈ നട്ടത്. പഞ്ചായത്ത് റോഡിലേക്ക് തന്നെ ഞങ്ങളുടെ കളി വീണ്ടും മാറി. എങ്കിലും പലപ്പോഴും പൊയ്യയിൽ പോയി അവിടെ കളിക്കാനാവുമോ എന്ന് ഞങ്ങൾ നോക്കാറുണ്ടായിരുന്നു. ഇന്നും അത് പലരും തുടരുന്നു.

..............................................................

അടിക്കുറിപ്പ് :

മനോഹരമായ ഒരു കാലത്തെ ചില നിമിഷങ്ങളെ മാത്രം ഓർത്തെടുത്താണ് ഇവിടെ. വിട്ടു പോയ പലതും ഉണ്ടാകാം. ഷിബി, ജിത്തു, സജിത്ത്, കുട്ടൻ, കുട്ടപ്പൻ, ദിതീഷ്, ഷിമിത്, പൊന്നു, ഷിജു, ചോട്ടു, ജിതുവേട്ടൻ, സുജുവേട്ടൻ, രഞ്ജിത്, ജസീബ്, നിധി, രാഗേഷ്, സുഗേഷ്, ശ്രീപേഷ്, വിനീഷ്, സജിൻ, മനീഷ്, ടിട്ടു, കുഞ്ചു പിന്നെ ജൂനിയേർസായ യദു, അപ്പു, അക്ഷയ്, രോഷിത്, ഉണ്ണി, നന്ദു ഒക്കെ ചേർന്നതായിരുന്നു ശങ്കരനെല്ലൂരിലെ ക്രിക്കറ്റ് ദിനങ്ങൾ. ഇനി ഒരിക്കൽ തിരിച്ചു കിട്ടുമെന്ന് ആഗ്രഹിക്കാൻ പോലുമാകാത്ത മനോഹരമായ ആ ദിവസങ്ങൾ ഓർമയിലുടെ വീണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു ശങ്കരനെല്ലൂരിലെ ക്രിക്കറ്റ് വിശേഷങ്ങൾ.

May 18, 2020

മാച്ച് വിന്നിംഗ് പ്ലാൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

തുടർച്ചയായ പരാജയങ്ങൾ ചിന്തിപ്പിക്കും എന്ന് പറയാറില്ലേ, അത് ഞങ്ങളുടെ സ്വാതി ടീമിൻ്റെ കാര്യത്തിൽ ശരിയായിരുന്നു. നാണംകെട്ട തോൽവികൾ ഞങ്ങളെ ഇത്തിരി ചിന്തിപ്പിച്ചു. എങ്ങിനെ ബാറ്റ് ചെയ്യണം അല്ലെങ്കിൽ എങ്ങിനെ ബോൾ ചെയ്യണം എന്നതിലുപരി എങ്ങിനെ ഫീൽഡ് ചെയ്യണം എന്നാണ് ഞങ്ങൾ ചിന്തിച്ചത്.

അത് ഒരു പരീക്ഷണം ആയിരുന്നു. പലർക്കും തമാശയും ആയിരുന്നു. കോക്കോടൻ ടീമിലെ പലരും പരിഹാസഭാവത്തോടെ തന്നെ പുതിയ ഫീൽഡിംഗ് കണ്ടുനിന്നു. 

പരീക്ഷണത്തിൻ്റെ ആദ്യപടി സ്ലിപ്പിൽ ഒരാളെ നിർത്തിയതായിരുന്നു. ടിവിയിൽ മാത്രം കണ്ടു ശീലിച്ച ഫീൽഡിങ്. നേരാവണ്ണം കീപ്പറിന് തന്നെ വല്ലപ്പോഴുമേ ക്യാച്ച് കിട്ടാറുള്ളൂ പിന്നെ തൊട്ടപ്പുറം ഒരാളുടെ ആവശ്യമുണ്ടോ, അതിനു പകരം സിക്സ് ലൈനിൽ നിർത്തുന്നതല്ലെ നല്ലത് എന്ന് ഞങ്ങളിൽ തന്നെ പലരും ചിന്തിച്ചിരുന്നു. കീപ്പർ തന്നെ വെറുതെയാണ് എന്ന് ചിന്തിച്ചിരുന്ന ഒരു കാലത്ത് സ്ലിപ്പിൽ ഒരാളെ നിൽപ്പിക്കുമ്പോൾ ആരും അതൊരു തമാശയായേ കാണൂ.
 
ആ കളിയിൽ ആദ്യം ബാറ്റ് ചെയ്തത് കോക്കോടൻ ടീം ആയിരുന്നു. ബോൾ കുറ്റിക്ക് നേരെ എറിയേണ്ടതില്ല എന്ന് ആദ്യമേ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഓഫ് സൈഡിൽ കഴിയുന്നത്ര ഫാസ്റ്റിൽ ബോൾ എറിയാൻ കുട്ടനും സജിത്തും ശ്രമിച്ചു. ആദ്യ ഓവറിൽ തന്നെ ഫലം കണ്ടു.  ഓഫ് സൈഡിൽ എറിഞ്ഞ ഒരു ബോൾ ബാറ്റിലെ എഡ്ജിൽ തട്ടി സ്ലിപ്പിലേക്ക് തെറിച്ചു . സ്ലിപ്പിൽ നിന്നിരുന്ന ചോട്ടു  ടിവിയിൽ കണ്ടു മറന്ന മനോഹരമായ ഒരു ക്യാച്ചിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഡൈവ് ചെയ്തു. ബോൾ കൈകളിൽ ഭദ്രം. അതെ ആ നിമിഷം ആയിരുന്നു ഞങ്ങളുടെ ആഹ്ലാദ പ്രകടനത്തിൻ്റെ  തുടക്കം. ആ വിക്കറ്റ് ഞങ്ങൾക്കേകിയ ആത്മവിശ്വാസവും ചെറുതായിരുന്നില്ല. ബോൾ എങ്ങിനെ ആ  ഭാഗത്തേക്ക് പോയി എന്നും പലരും ചിന്തിക്കുന്നതിനിടയിൽ  അടുത്ത വിക്കറ്റും സമാനമായ രീതിയിൽ വീണു.

ഓരോ കളിക്കാരനും ഓരോ ബാറ്റിങ് ശൈലിയുണ്ട് .ചിലതരം ബോളുകളെ പലപ്പോഴും അവർ ഒരേ രീതിയിൽ ആകും നേരിടുക. എതിർ ടീമിലെ ഓരോ കളിക്കാരെനെയും കഴിഞ്ഞ കുറേ നാളുകളായി ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു. അതിനാൽ തന്നെ ഓരോരുത്തരും ബാറ്റ് ചെയ്യാൻ വരുമ്പോൾ വ്യത്യസ്ത രീതിയിൽ ഫീൽഡിംഗ് ചെയ്തു . അത് വിജയമായിരുന്നു. ആസൂത്രണം ചെയ്ത രീതിയിൽ ബോൾ എറിഞ്ഞപ്പോൾ കൃത്യമായ സ്ഥലത്ത് തന്നെ അവരുടെ ഷോട്ട് വരികയും അവിടെ ഫീൽഡ് നിന്നവർ ബോൾ കൈകളിലാക്കുകയും ചെയ്തു. ഞങ്ങളുടെ ഫീൽഡിങ് പരിഷ്കാരം കോക്കോടൻ ടീമിനെ ചിന്തിപ്പിച്ചോ എന്നറിയില്ല, ആദ്യം കണ്ട പരിഹാസമൊന്നും പിന്നീട് കണ്ടില്ല. ചെറിയ റണ്ണിന് തന്നെ എല്ലാവരും ഔട്ടായി.

സ്വാതി ടീമിൻ്റെ ബാറ്റിംഗ് തുടങ്ങി. 

സിക്സും ഫോറും അടിക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. കഴിയുന്നത്ര ബോൾ റണ്ണൊന്നും എടുക്കാതെ മുട്ടിയിട്ടു. വല്ലപ്പോഴും ഒന്നോ രണ്ടോ റൺ ഓടിയെടുത്തു. അങ്ങിനെ പതുക്കെ പതുക്കെ  വിജയ റണ്ണിന് അടുത്തെത്തി. അവർ നാലോവറിൽ എടുത്തത് ഞങ്ങൾ പതിനഞ്ച് ഓവർ മുട്ടി നിന്ന് സിങ്കിളുകൾ എടുത്ത്  വിജയിച്ചു. അത് ഞങ്ങളുടെ ആദ്യ വിജയമായിരുന്നു.  കോക്കോടൻ ടീമിന് അപ്രതീക്ഷിത തോൽവിയും.  അന്ന് ഞങ്ങളുടെ ടീമിലെ പലരും മതിയാകും വരെ അവരെ കൂവി വിളിച്ചു.

തുടർന്ന്  പല ദിവസങ്ങളിലും മാച്ച് നടന്നു. അതൊക്കെ സ്വതി ടീമിൻ്റെ വിജയം ഉറപ്പിച്ച് തന്നെയായിരുന്നു. ഇടയ്ക്ക് സ്ലിപ്പിൽ രണ്ടാളെ വരെ വെച്ച്  ഞങ്ങൾ കൊക്കോടൻ വിക്കറ്റുകൾ എടുത്തു. അങ്ങിനെ തുടർച്ചയായി പതിനെട്ട് വിജയങ്ങൾ സ്വാതി ടീം സ്വന്തമാക്കി. പതിനേഴ് പരാജയങ്ങളുടെ കയ്പ്പ് മാറ്റാൻ പതിനെട്ട് വിജയങ്ങൾ. നാട്ടിലെ കളികളിൽ അന്നുവരെ ആരും പ്രതീക്ഷിക്കാതിരുന്ന ആ ഫീൽഡിംഗ് പിന്നീട് കോക്കോടൻ ടീമും പരീക്ഷിച്ചെങ്കിലും എന്തോ അത് അത്രയങ്ങ് വിജയിച്ചില്ല.

ഒരിക്കൽ ഞങ്ങളുടെ മാച്ച് പഞ്ചായത്ത് റോഡിൽ ആയിരുന്നു. അന്ന് ആദ്യമായിട്ടായിരുന്നു അവിടെ മാച്ച് കളിക്കുന്നത്. സ്വാതി ടീം ആയിരുന്നു ആദ്യം ബാറ്റ് ചെയ്തത്. താറിട്ട റോഡിൽ ഫാസ്റ്റ് ബോളിന് അപ്രതീക്ഷിത വേഗതയായിരുന്നു. പലരുടെയും അടികൾ തൊട്ടടുത്ത പറമ്പിലേക്ക് പോയി. അതെല്ലാം ഔട്ടായിരുന്നു.

വെറും ഒരു റണ്ണിന് എല്ലാവരും പുറത്ത്.

ഞങ്ങളുടെ സ്ഥലത്ത് ഒരു റണ്ണിന് എല്ലാവരേയും പുറത്താക്കിയതും പറഞ്ഞ്  കോക്കോടൻ ടീം കുറച്ചൊന്നുമല്ല അന്ന് കളിയാക്കിയത്. പെട്ടന്ന് ജയിക്കാം എന്നുള്ളതിനാൽ അവർ ആവേശത്തിൽ തന്നെയായിരുന്നു.   

ബാറ്റിംഗ് തുടങ്ങി.

ഇത്രനാളും അവിടെ കളിച്ച ഞങ്ങളെ ഒരു റണ്ണിന് പുറത്താക്കിയെങ്കിൽ, അവരെ ഒന്നും എടുക്കാൻ അനുവദിക്കാതെ വട്ടപൂജ്യത്തിൽ തന്നെ ഞങ്ങൾ പുറത്താക്കി. ഒരിക്കലും മറക്കാനാവാത്ത ഒരു വലിയ വിജയം ആയിരുന്നു അന്ന് സ്വാതി ടീം അവിടെ സ്വന്തമാക്കിയത്.

കാലങ്ങൾ കഴിഞ്ഞപ്പോൾ സ്വാതി ടീമും കോക്കോടൻ ടീമും ഒന്നിച്ചു കളിക്കാൻ തുടങ്ങി. കളിക്കാനുള്ളവർ ഇരു ടീമിലും പ്രത്യേകിച്ച് കോക്കോടൻ ടീമിൽ കുറഞ്ഞു വന്നതും കോക്കോടൻ പറമ്പത്ത് കളിക്കാൻ ചില പ്രശ്നങ്ങൾ നേരിട്ടതിനാലും പരസ്പരമുള്ള മാച്ചുകൾ സാവധാനം ഒഴിവാക്കുകയായിരുന്നു. പലപ്പോഴും മറ്റു ടീമുകളെ മാച്ച് വിളിച്ച് ഒരു ടീമായി ഞങ്ങൾ കളിച്ചു. അങ്ങിനെ ഒന്നിച്ചുള്ള പഞ്ചായത്ത് റോഡിലെ കളികൾ പുരോഗമിക്കുമ്പോൾ ഒരു ദിവസം ആരോ വന്നു പറഞ്ഞു.

"നമുക്ക് ഇവിടെ നിന്നും മാറി പൊയ്യയിൽ പോയി കളിച്ചാലോ. അത് നല്ല സ്ഥലമാണ്."

അതെ പൊയ്യ മനോഹരമായ സ്ഥലമാണ്.

ആ നിമിഷം മുതൽ എല്ലാവരും പൊയ്യയിൽ സ്ഥിരമായി കളിക്കുന്നതിനെക്കുറിച്ച് കൂലംകുഷമായി  ചിന്തിച്ചുതുടങ്ങി.

   കളി തുടരും ...

May 09, 2020

കോക്കോടൻ ടീം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ആ ഒരു ദിവസം മുതൽ കോക്കോടൻ  ടീം ഞങ്ങളുടെ മുന്നിൽ ഒരു സമസ്യയായി മാറുകയായിരുന്നു.

നാട്ടിലെ ചമ്പോച്ചേരി ഭാഗത്തേക്ക് പോകുമ്പോൾ കോക്കോടൻ്റെ ഒരു വലിയ പറമ്പുണ്ട്, ആ ഭാഗത്തുള്ള കുട്ടികൾ അവിടെയായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. പൊതുവേ അവർ അറിയപ്പെട്ടിരുന്നത് കോക്കോടൻ ടീം എന്നായിരുന്നു.

തഴക്കവും പഴക്കവും ചെന്ന ഒരു ടീം. അതിനാൽ തന്നെ അവർക്ക് നാലാളോട് ടീമിനെ പരിചയപ്പെടുത്താൻ ഞങ്ങളെപ്പോലെ ബോർഡ് തൂക്കിയിടേണ്ടി വന്നിട്ടില്ല.

പൊതുവേയുള്ള അവരുടെ ഭാവം തന്നെ എന്തിനും പോന്നവരാണ് തങ്ങളെന്ന് പറയാതെ പറയുന്നതായിരുന്നു. അത്തരത്തിലുള്ളവർ വളരെ ചുരുക്കം ചിലരെ ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നുള്ളൂ. അത് തന്നെ ചോട്ടുവും ഷിജുവും മാത്രം. ഉശിരും വാശിയും കാണിക്കുമെങ്കിലും രണ്ട് പേരും  പ്രായത്തിൽ തീരെ ചെറുതായിരുന്നു. എങ്കിലും ഞങ്ങളുടെ പ്രതീക്ഷയും ആയിരുന്നു.

ആലോചനകൾ അത്തരത്തിൽ പോയിക്കൊണ്ടിരിക്കുമ്പോൾ സജിത്ത് വന്ന് വീണ്ടും പറഞ്ഞു.

"ഞാനൊരിക്കൽ അവിടെ കളിച്ചിട്ടുണ്ട്. വല്യ ഗ്രൗണ്ടാണ്."

വലിയ ഗ്രൗണ്ടാണെന്ന കാര്യം ഞങ്ങളെ ചിന്തിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അവൻ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു :

"അന്ന് ഞാനൊരു സിക്സ് അടിച്ചിന്"

അത് ഞങ്ങൾക്ക് പ്രതീക്ഷ നൽകിയ വാക്കായിരുന്നു. അങ്ങിനെ മാച്ചിന് പോകാൻ ഞങ്ങൾ തീരുമാനിച്ചു.

അടുത്തദിവസം രാവിലെ എല്ലാവരും  കോക്കോടൻ പറമ്പത്ത് എത്തി .

കളി തുടങ്ങി. അവർക്കായിരുന്നു ആദ്യം ബാറ്റിങ്ങ്.

കുട്ടനും സജിത്തും ആയിരുന്നു ബോളിങ്ങിലെ പ്രതീക്ഷ. പക്ഷേ അതൊക്കെ അസ്ഥാനത്തായിരുന്നു എന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അവന്മാർ കളിച്ചു തഴമ്പിച്ച അവിടെ ഞങ്ങൾക്ക് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരുവിധം ബോളൊക്കെ സിക്സും ഫോറും ഒക്കെ ആയി മാറി. അത്യാവശ്യം നല്ല റണ്ണു തന്നെ അവർ എടുത്തു.

ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങി.

കോക്കോടൻ  ടീമിലെ ഓരോരുത്തരും നല്ല ഫാസ്റ്റ് ബോളേഴ്സ് ആയിരുന്നു. അത്ര നല്ല ബോളുകൾ അതിനുമുന്നേ ഞങ്ങളാരും നേരിട്ടിരുന്നില്ല.

അവിടുത്തെ പിച്ചിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പിച്ചിന് പുറത്ത് അൽപം ഇടതായി ഉയർന്നു നിൽക്കുന്ന ഒരു ഭാഗമുണ്ട്, അവിടെ എറിയുന്ന പന്ത് കുത്തിത്തിരിഞ്ഞ് നേരെ കുറ്റിയിൽ വന്ന് കൊള്ളും. നല്ല വേഗതയിൽ അവിടെ ബോളെറിഞ്ഞ് അവർ ഞങ്ങളുടെ ഓരോരുത്തരുടെയും കുറ്റി തെറിപ്പിച്ചു കൊണ്ടിരുന്നു.

ഞങ്ങളെ കൊണ്ടുവന്ന സജിത്ത് വെറും വട്ടപൂജ്യമായി ആദ്യമേ മടങ്ങി. കളി വലിയ രീതിയിൽ തന്നെ ഞങ്ങൾ തോറ്റു.

അത്യാവശ്യം നല്ല രീതിയിൽ അവരുടെ കൂവൽ വാങ്ങി തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .

സജിത്ത് ഒന്നും മിണ്ടിയില്ല.

"നാളെ മാച്ച് ഒന്നുകൂടി വിളിച്ചാലോ"

ആരോ ചോദിച്ച ചോദ്യത്തിന് എല്ലാവരും സമ്മതം മൂളി. തോറ്റു കൊടുക്കാൻ അങ്ങിനെ ഞങ്ങൾ തയ്യാറായിരുന്നില്ല.

അടുത്ത ദിവസം വീണ്ടും കോക്കോടൻ ടീമുമായി മാച്ച് കളിച്ചു. ഞങ്ങൾ പ്രതീക്ഷയിലായിരുന്നു.

അന്നും അവർക്ക് തന്നെയായിരുന്നു ആദ്യം ബാറ്റ്. കഴിഞ്ഞ ദിവസത്തിൻ്റെ ബാക്കി എന്ന രീതിയിൽ അവർ അടിച്ച ഒരോ ബോളും ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു.

ഫീൽഡ് ചെയ്ത് ക്ഷീണിച്ച ഞങ്ങൾ ബാറ്റിങ്ങിനിറങ്ങേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു .

എല്ലാവരേയും അവർ ഉടനെ തന്നെ ഔട്ടാക്കി.

കളി തോറ്റു.

കൂവി വിളികൾ ഏറ്റുവാങ്ങി പോകുന്നതിനിടയ്ക്ക് വീണ്ടും ഞങ്ങൾ മാച്ചിന് വിളിച്ചു.

അങ്ങനെ ഓരോ ദിവസവും കളി തോൽക്കുകയും വീണ്ടും മാച്ച് വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. പിടിച്ചു നിൽക്കാൻ പരമാവധി ഞങ്ങൾ ശ്രമിച്ചു. പല വഴികളും നോക്കി. പക്ഷേ കഴിഞ്ഞില്ല.

കൂവി മടുത്ത കോക്കോടൻ ടീം പീന്നീട് ഞങ്ങളെ കൂവാതെയായി. അതും  മറ്റൊരു നാണക്കേടായി മാറി.

ഇടയ്ക്ക് ഞങ്ങൾ ആദ്യം ബാറ്റു ചെയ്തിരുന്നു. ആ ദിവസങ്ങളിൽ കളി വേഗം കഴിയുമായിരുന്നതിനാൽ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ മാച്ചുകൾ കളിച്ച് തോൽക്കേണ്ടി വന്നു.

ഇത്രയും നാണംകെട്ട് തോൽക്കുന്നതിൽ ഷിജുവിന് മറ്റാരെക്കാളും കൂടുതൽ വിഷമം ഉണ്ടായിരുന്നു. അതും കൂടാതെ സന്ധ്യയ്ക്ക് ക്ഷീണിച്ച്  വീട്ടിലെത്തിയാൽ മൂത്തപ്പൻ്റെ വക ചില ഡയലോഗും

"എന്തിനാടാ ഇങ്ങനെ തോൽക്കാനായി രാവിലെ ഇറങ്ങിപ്പോകുന്നത്, ഇവിടെയെങ്ങാനും ഇരുന്നൂടെ."

തോറ്റതിൻ്റെയും കളിയാക്കലിൻ്റെയും ആ ദേഷ്യം അവൻ പലപ്പോഴും തൻ്റെ പെങ്ങളുടെ മേലാണ് തീർത്തിരുന്നത്.

അങ്ങിനെ നീണ്ട പതിനേഴ് മാച്ചുകൾ ഗംഭീരമായി ഞങ്ങൾ തോറ്റു. ഓരോ പ്രാവശ്യവും ചെവിയിൽ മുഴങ്ങിയ കോക്കോടൻ ടീമിൻ്റെ കൂവി വിളികൾ ഞങ്ങളുടെ ഉറക്കത്തെ തന്നെ ഇല്ലാതാക്കി.

ഒരു കളിയെങ്കിലും ജയിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു പക്ഷേ അവന്മാർ അതിന് ഒരു അവസരം പോലും തന്നില്ല.

നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ഞങ്ങൾ അപമാനിതരായി.

ഉറക്കമില്ലാതിരുന്ന അത്തരം രാത്രികളുടെ അവസാനം ഒരു പ്ലാൻ തയ്യാറായി വന്നു.    ജയിച്ചേ തീരൂ എന്ന വാശിയിൽ രൂപം കൊടുത്ത ഒരു മാസ്റ്റർ പ്ലാൻ. അതായിരുന്നു  ഞങ്ങളുടെ മാച്ച് വിന്നിംഗ് പ്ലാൻ.

   കളി തുടരും ...

May 03, 2020

സ്വാതി ക്രിക്കറ്റ് ടീം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ആ ഒരു ദിവസം റോഡരികിലെ പിറുത്തി കൊമ്പിൽ തൂക്കിയിട്ട ബോർഡോടു കൂടി സ്വാതി ക്രിക്കറ്റ് ടീം ഔദ്യോഗികമായി ശങ്കരനെല്ലൂരിൽ സ്ഥാപിതമായി. കളിക്കുന്നതിനിടയിൽ റോഡിലൂടെ പോകുന്നവർക്ക് ഞങ്ങൾ സമ്മാനക്കൂപ്പൺ മുറിച്ചു കൊടുത്തു. അഞ്ച് രൂപയായിരുന്നു ഒരു കൂപ്പണിന്റെ വില.

പലരും ഒന്നിൽ കൂടുതൽ കൂപ്പൺ വാങ്ങി, പക്ഷെ അതൊന്നും ഒന്നാം സമ്മാനമായ ക്ലോക്ക് മോഹിച്ചായിരുന്നില്ല.

എങ്കിലും ചിലർ, ഇത് ഏത് ടീം എന്ന് പരിഹാസത്തോടെ ചോദിച്ചു. ചോദിച്ചവരോടൊക്കെ അത് നോക്കൂ മനുഷ്യാ... എന്ന രീതിയിൽ തൂക്കിയിട്ടിരുന്ന ആ ബോർഡ് അഭിമാനത്തോടെ ഞങ്ങൾ ചൂണ്ടി കാണിച്ചു കൊടുത്തു.

ആശാരി കാവിലെ തെയ്യ ദിവസങ്ങളിൽ കഴിയുന്നത്ര കൂപ്പണുകൾ വിറ്റു. അവശേഷിക്കുന്ന കൂപ്പണുമായി നാടാകെ നടന്നു. കുറ്റിപ്പുറത്തെ തുണിമില്ലിലും  മരമില്ലിലും ഞങ്ങൾ കയറിയിറങ്ങി.

അങ്ങിനെ ആ ദിവസം വന്നെത്തി. നറുക്കെടുപ്പ് ഗംഭീരമായി നടന്നു. നറുക്ക്  കിട്ടിയവരുടെ വീടുകൾ തേടിപ്പിടിച്ച് സമ്മാനങ്ങൾ എത്തിച്ചു. കൈയ്യിൽ അത്യാവശ്യം പൈസയായി. ഞങ്ങൾ  കണ്ണൂരിലേക്ക് ബസ് കയറി. വൈകുന്നേരം ആയപ്പോൾ രണ്ടു ബാറ്റും ടെന്നീസ് ബോളുമായി അഭിമാനത്തോടെ നാട്ടിൽ തിരിച്ചെത്തി. കൈയ്യിൽ അവശേഷിച്ചിരുന്ന പൈസയ്ക്ക് ഒരു കലക്കൻ പാൽപ്പായസവും വെച്ചു.

കളി വീണ്ടും ഉഷാറായി. പുതിയ ബാറ്റ് കിട്ടിയതിനാൽ സജിത്ത് അടിക്കുന്ന സിക്സിന് ചന്തം കൂടി. പലപ്പോഴും ബോൾ എടുക്കാൻ ആശാരിക്കാവ് വരെ പോകേണ്ടതായി വന്നു.

സ്കൂൾ ഉള്ള ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ കളിക്കും. പക്ഷെ പരീക്ഷ തുടങ്ങിയാൽ കളിക്കാറില്ല.

പരീക്ഷയുടെ അവസാന ദിവസം എങ്ങിനെയെങ്കിലും അത് കഴിയാനുള്ള തിടുക്കമായിരിക്കും. രാവിലെയാണ് പരീക്ഷയെങ്കിൽ ഉച്ചയ്ക്ക് വന്ന ഉടനെ കളി തുടങ്ങും.

ചില വർഷങ്ങളിൽ പരീക്ഷകൾ ഉച്ചയ്ക്കായിരുന്നു. അവസാന ദിവസം  പരീക്ഷയ്ക്ക് പോകുന്ന നേരം  കൊതിയോടെ കാണുന്നത് രാവിലെ പരീക്ഷ കഴിഞ്ഞവർ  കളിക്കാൻ തുടങ്ങുന്നതാണ്. അപ്പോൾ തന്നെ പറഞ്ഞേൽപ്പിക്കും

നാലു മണി ആകുമ്പോഴേക്കും ഞാൻ എത്തും, ഒരു ടീമിൽ ഇട്ടോളൂ.

അവസാന ദിവസത്തെ പരീക്ഷയൊക്കെ ഒരു എഴുതി തീർക്കലാണ്. അടുത്ത കളി  തുടങ്ങുമ്പോൾ ടീമിൽ ഇല്ലെങ്കിൽ ഒരു കളി കഴിയുന്നതുവരെ കാത്തുനിൽക്കേണ്ടതായി വരും.

സ്കൂൾ പൂട്ടിയാൽ മുഴുവൻ സമയവും റോഡിൽ തന്നെയാണ് .  രാവിലെ തുടങ്ങിയ കളി വൈകുന്നേരം വരെ തുടരും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രം എല്ലാവരും ഒന്ന് വീട്ടിൽ പോയി വരും. സന്ധ്യകഴിഞ്ഞ് ബാറ്റിന് കൊള്ളാൻ ബോൾ കാണാതാവുന്ന സമയം വരെ കളിക്കുമായിരുന്നു.

ചില ദിവസങ്ങളിൽ രാവിലെ  ആറുമണിക്ക് തന്നെ കളി തുടങ്ങിയിരുന്നു. ഞങ്ങൾ കളിക്കുന്നത് കണ്ട്  തലേന്ന് സന്ധ്യക്ക് പണി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നവർ പിറ്റേന്ന് രാവിലെ പണിക്കു പോകുമ്പോഴും അത് തന്നെ കണ്ട് ഇന്നലെ വീട്ടിലൊന്നും പോയില്ലെ എന്ന് പലപ്പോഴും ചോദിച്ചിരുന്നു.

ദിതീഷ് കളിക്കാൻ വന്നാൽ സിക്സ് ലൈനിൽ അവൻ തന്നെയായിരുന്നു ഫീൽഡ് നിന്നിരുന്നത്. അത്യാവശ്യം നീളം ഉള്ളതിനാൽ ഒരുവിധം ഉയരത്തിൽ പോകുന്ന ബോളാക്കെ അവൻ തടുത്ത് വെയ്ക്കുമായിരുന്നു.

ആ ഒരു ദിവസം കുട്ടപ്പൻ എന്തോ നല്ല ഫോമിൽ ആയിരുന്നു. നല്ലൊരു ഫാസ്റ്റ് ബോളിൽ അവൻ അടിച്ച ഷോട്ട് നേരെപോയി കൊണ്ടത് അവന്റെ മാമനായ ആനന്ദൻ മാഷെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബൾബിനായിരുന്നു. കാര്യങ്ങൾ അമ്മാവനും മരുമകനും കൂടി ആയിക്കൊള്ളട്ടെ എന്നു കരുതി ഞങ്ങൾ എല്ലാവരും അവിടെ നിന്നും മുങ്ങി. ബാറ്റ് പിടിച്ചിരുന്ന കുട്ടപ്പൻ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കണ്ടില്ല. പലരും പല വഴിക്ക് ഓടുകയായിരുന്നു. അന്ന് തനിച്ചാാക്കി പോയതിൽ അവന് ഒത്തിരി  പരിഭവം ഉണ്ടായിരുന്നു. എന്തോ ആ സമയത്ത് അതൊന്നും  ചിന്തിക്കാൻ ആർക്കും കഴിഞ്ഞില്ല.

കാര്യങ്ങൾ ഭംഗിയായി അങ്ങിനെ നടക്കുമ്പോൾ ഒരു ദിവസം സജിത്ത് വന്ന് ഒരു കാര്യം പറഞ്ഞു.

ഞാൻ ഒരു ടീമിനെ മാച്ച് വിളിച്ചിട്ടുണ്ട്.

ഏത് ടീമിനെ?  ഞങ്ങൾ ചോദിച്ചു

അവൻ പറഞ്ഞ ഉത്തരം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.

ആ പേര്  ഞങ്ങളുടെ മനസ്സിൽ തങ്ങി നിന്നു

"കോക്കോടൻ  ടീം"

കളി  തുടരും...

May 02, 2020

പഞ്ചായത്ത് റോഡിലെ ക്രിക്കറ്റ് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ക്രിക്കറ്റ് എന്ന് തൊട്ടോ ഒരു ലഹരിയായിരുന്നു. സച്ചിൻ ടെണ്ടുൽക്കറിനെ മനസ്സിൽ ധ്യാനിച്ച് എതിരെ ബോളെറിയുന്നവരെ മഗ്രാത്തോ ഷെയ്ൻ വോണോ ഷോയ്ബ് അക്തറോ ആയി മാത്രം ചിന്തിച്ചിരുന്ന ഒരു കാലം .

കാവും തോടും കുളവുമൊക്കെ ശങ്കരനെല്ലൂരിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ പറ്റിയ ഒരു നല്ല സ്ഥലം ഞങ്ങളുടെ ചുറ്റുവട്ടത്തായി എവിടെയും ഇല്ലായിരുന്നു. പക്ഷേ അതൊന്നും ഞങ്ങൾക്കൊരു പ്രശ്നമായിരുന്നില്ല. വീടിനു മുന്നിലെ താറിട്ട പഞ്ചായത്ത് റോഡിൽ പ്ലാസ്റ്റിക് ബോളും മട്ടൽ ബാറ്റും വെച്ച് ഞങ്ങൾ കളി തുടങ്ങി .

ഓലമടൽ ആയിരുന്നു ഞങ്ങളുടെ സ്റ്റംപ്, താങ്ങിനിർത്താൻ കാറ്റടിക്കുമ്പോഴേക്കും വീഴുന്ന ഒരു കൊള്ളിയും അതിനു പുറകിലായി വെയ്ക്കുമായിരുന്നു. സാവകാശം പ്ലാസ്റ്റിക് ബോൾ മാറ്റി റബർ ബോളാക്കി ഞങ്ങൾ കളിയുടെ നിലവാരം ഉയർത്തി. ബോൾ പെട്ടെന്ന് പൊട്ടാതിരിക്കാൻ അതിൽ സൂചി കുത്തി തുളയുണ്ടാക്കുകയും ചെയ്തു വന്നു.

ഞങ്ങൾ കളി തുടങ്ങുന്ന കാലത്ത് അത്രയധികം വണ്ടികളൊന്നും അതിലൂടെ പോകാറില്ലായിരുന്നു. പക്ഷേ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ വണ്ടികളുടെയും നടന്നുപോകുന്ന ആൾക്കാരുടെ എണ്ണം കൂടി വരുന്നതായി ഞങ്ങൾക്ക് തോന്നി. ഓരോ വണ്ടിയും ആൾക്കാരും ഞങ്ങളുടെ ഗ്രൗണ്ട് കടന്നു പോകുന്നതുവരെ ബോൾ എറിയാതെ കാത്തുനിൽക്കുന്നത്  ഞങ്ങളിൽ കുറച്ചൊന്നുമല്ല വിഷമം ഉണ്ടാക്കിയത്.  കഷ്ടപ്പെട്ട് നിർത്തിയിരുന്ന മട്ടല് സ്റ്റംപ് വണ്ടികൾ വരുമ്പോൾ മാറ്റേണ്ടതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. ചില ഓട്ടോക്കാർ റോഡരികിലൂടെ  വണ്ടി ഓടിച്ച് കൊണ്ട് സ്റ്റംപ് എടുക്കാതിരിക്കാൻ ഞങ്ങളെ സഹായിച്ചു. പക്ഷേ ചിലർ  റോഡിന് നടുവിൽ സ്റ്റാമ്പ് കണ്ടാൽ അതും കൈക്കലാക്കി ഓട്ടോ ഓടിച്ചു പോയിരുന്നു.

വൈകുന്നേരങ്ങളിൽ എന്നും ഡണ്ടിക്കൽ ഷാപ്പിലേക്ക് നടന്നുപോകുന്ന നാരായണേട്ടൻ ഞങ്ങളുടെ കളി സ്ഥിരം കാണാറുണ്ടായിരുന്നു. ഒരുദിവസം  ഞങ്ങൾക്ക് കളിക്കാനായി ഒരു പുതിയ റബർ ബോൾ സമ്മാനിച്ചു കൊണ്ട്  അദ്ദേഹം പറഞ്ഞു

ഈ ബോൾ അത്ര എളുപ്പത്തിലൊന്നും പൊട്ടില്ല ഞാൻ പ്രത്യേകം പറഞ്ഞു വാങ്ങിച്ചതാണ്.

ഞങ്ങൾക്ക് അത് ഒരു തമാശയായി തോന്നി പക്ഷേ എന്തോ ആ ബോൾ മാത്രം കുറേ കാലം പൊട്ടാതിരുന്നു.

എന്നാൽ എല്ലാവരും നാരാണേട്ടനെ പോലെ അയിരുന്നില്ല . ക്രിക്കറ്റ് അത്ര ഇഷ്ടമല്ലാത്ത പലർക്കും ഞങ്ങളുടെ കളി അത്രയങ്ങ് ബോധിച്ചിരുന്നില്ല . റോഡിലൂടെ നടന്നിരുന്ന പലർക്കും  പലയിടങ്ങളിലായി ബോളിന്റെ അടി കൊണ്ടിരുന്നു. ദേഷ്യം വന്ന് പെട്ടെന്ന് എന്തെങ്കിലും പറയുമെന്നല്ലാതെ ആരും അതൊന്നും വലിയ പ്രശ്നമായി എടുത്തിരുന്നില്ല. എങ്കിലും ഇടയ്ക്ക് ഒരു പ്രശ്നമുണ്ടായി.

വാടക സാധനം വിൽക്കുന്ന ഡണ്ടിക്കൽ ചന്ദ്രേട്ടൻ ദിവസേന പലപ്രാവശ്യം തന്റെ സ്കൂട്ടറുമായി ഞങ്ങൾ കളിക്കുമ്പോൾ റോഡിലൂടെ തേരാപ്പാരാ പോകുമായിരുന്നു. ഒരു ദിവസം ആ സ്കൂട്ടറിൽ സ്പീഡിൽ വരികയായിരുന്ന ചന്ദ്രേട്ടൻ, ബോൾ എറിയുന്നിടത്ത് സ്ഥിരമായി വെച്ചിരുന്ന വലിയ കരിങ്കല്ല് കഷ്ണത്തിലേക്ക് തന്റെ  വണ്ടി കയറ്റി ആ വണ്ടിയോടെ റോഡിലേക്ക് തെറിച്ച് വീണു. എന്നും റോഡിനു നടുക്കായി വെച്ചിരുന്ന ആ കരിങ്കല്ല് ആ ഒരു ദിവസം മാത്രം മൂപ്പര്  ശ്രദ്ധിച്ചില്ല. അതെന്തു പറ്റി, എന്ന് ഞങ്ങളാരും പോയി ചോദിക്കാൻ നിന്നില്ല. ആ വീണിടത്ത് നിന്നും എഴുന്നേറ്റ് അങ്ങേര് പറഞ്ഞ ചീത്ത ഇന്നും ആരും മറന്നിരിക്കില്ല .

റോഡിന് ഇരുവശത്തുമുള്ള പറമ്പിൽ ബോളടിച്ചാൽ ഔട്ടാണ്. അതിനാൽ തന്നെ അവിടെ കളിച്ചു പരിചയമില്ലാത്തവർക്ക് റണ്ണെടുക്കാൻ ഇത്തിരി വിഷമമായിരുന്നു.  റോഡരികിലെ പറമ്പിലെ പിറുത്തി  (കശുമാവ് ) ആയിരുന്നു ഞങ്ങളുടെ പവലിയൻ. ഔട്ട് ആയാൽ കളിക്കാരൻ അതിന്റെ മുകളിൽ  കയറി ഇരിക്കുകയും അടുത്തതായി ബാറ്റ് ചെയ്യേണ്ട ആൾ അതിന്റെ  മുകളിൽ നിന്ന് ഇറങ്ങി വരികയും ചെയ്യുമായിരുന്നു.

ഇങ്ങനെയൊന്നും കളിച്ചാൽ പോരാ കുറച്ചു കൂടി നല്ല രീതിയിൽ കളിക്കണം അതിന് നല്ല ബാറ്റ് വാങ്ങിക്കണം ടെന്നീസ് ബോൾ വേണം എന്നൊക്കെ ഞങ്ങളുടെ ടീം  കാലക്രമേണ  ചിന്തിച്ചു തുടങ്ങി. അതിന് വീണുകിട്ടുന്ന കശുവണ്ടി വിറ്റ് ബോള് വാങ്ങിക്കുന്ന പണമൊന്നും തികയില്ല. അവസാനം എല്ലാവരും ആലോചിച്ച് ഒരു തീരുമാനം എടുത്തു. ഒരു സമ്മാനക്കൂപ്പൺ ഇറക്കാം ആശയം പറഞ്ഞ കുഞ്ചു തന്നെ കൂപ്പൺ അച്ചടിക്കേണ്ട വഴികളും പറഞ്ഞു തന്നു. പക്ഷേ അതിന് ടീമിന് ഒരു പേര് വേണം, അങ്ങിനെ കുറച്ച് കലാപരമാകട്ടെ എന്ന് കരുതി ഞങ്ങൾ ഒരു  പേര് കണ്ടുപിടിച്ചു. പവലിയനായി ഉപയോഗിച്ച പിറുത്തിയിൽ കാർബോർഡിൽ എഴുതിയ ആ പേര് ഞങ്ങൾ തൂക്കി ഇട്ടു

  " സ്വാതി ക്രിക്കറ്റ് ടീം"

     കളി     തുടരും..

April 30, 2020

ശീട്ടു ബാലേട്ടന്റെ പീടിക - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിന്റെ  മനോഹാരിത നാട്ടിലെ വയലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശങ്കരനെല്ലൂർ മഹാദേവക്ഷേത്രത്തിനു മുന്നിൽ നിന്നും തുടങ്ങുന്ന ആ വയൽ ശങ്കരനെല്ലൂർ സ്കൂളും കഴിഞ്ഞു കൈതച്ചാൽ വരെ നീണ്ട് കിടക്കുന്നു. വയലരികിലെ  തോടുകളും വയലിലെ ഇരുവശത്തുമുള്ള നീണ്ടുകിടക്കുന്ന ചിറകളും(വരമ്പുകളും) ഇന്ന് പഴയതുപോലെ ഉപയോഗിക്കാറുണ്ടോ എന്നറിയില്ല. പണ്ട് ഒരു കാലത്ത് ആ ചിറയിലൂടെ നടന്നായിരുന്നു കുട്ടികൾ ശങ്കരനെല്ലൂർ സ്കൂളിൽ പോയിരുന്നത്.  നാട്ടിലെ ഒട്ടുമിക്കപേരും നടന്നു പോയിരുന്നതും ആ ചിറയിലൂടെ തന്നെയായിരുന്നു .

തോടും വയലും കടന്നാൽ റോഡിന്റെ  മറുവശമായാണ് ബാലേട്ടന്റ ചായപ്പീടിക.
ആ ചായപ്പീടിക അറിയാത്തവരായി  നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടിലെ ആണുങ്ങൾ തങ്ങളുടെ വിനോദ കേന്ദ്രമായ ആ പീടികയിൽ പോകുന്നത് ചായ കുടിക്കാനൊന്നുമല്ല, അത് ആ പഴയ പീടികയിലെ മുകളിലത്തെ നിലയിൽ രാപ്പകൽ ഭേദമന്യേ നടക്കുന്ന ചീട്ടുകളിയിൽ പങ്കെടുക്കാനാണ്. പണം വച്ചുള്ള ചീട്ടുകളി ആയിരുന്നതിനാൽ ഓരോ കളിക്കും ബാലേട്ടന് കുറച്ചു കമ്മീഷൻ കിട്ടും. കാലങ്ങൾ ഒത്തിരി കഴിഞ്ഞപ്പോൾ  ബാലേട്ടൻ ശങ്കരനെല്ലൂരുകാരുടെ ശീട്ടു ബാലേട്ടനായി. പണിയില്ലാത്ത നാട്ടിലെ ആണുങ്ങൾ തേരാപ്പാര നടക്കാതെ പണം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നത് അവിടെയിരുന്നാണ്. ചീട്ടുകളിയിലൂടെ പണക്കാരായ പലരും പല നാടുകളിലും ഉണ്ടായിരുന്നെങ്കിലും ശങ്കരനെല്ലൂർ അങ്ങനെ ഒരാളെയും നാളിതുവരെ സംഭാവന ചെയ്തിട്ടില്ല.

നാട്ടിലെ പല ആണുങ്ങളെയും ഏതെങ്കിലും ഒരാവശ്യത്തിന് അന്വേഷിച്ചു പോയിരുന്നത് ശീട്ടുബാലേട്ടന്റെ പീടികയിൽ ആയിരുന്നു. വീട്ടിൽ അങ്ങിനെ അടങ്ങിയിരിക്കുന്ന സ്വഭാവം ശങ്കരനെല്ലൂരിലെ വീരശൂര പരാക്രമികളായ ആണുങ്ങൾക്ക് തീരെ ഇല്ലാത്തതിനാൽ ആരും വീട്ടിലേക്ക് അന്വേഷിച്ചു പോകാറില്ല. വീട്ടിലെ ആണുങ്ങൾ ഭക്ഷണം പോലും കഴിക്കാതെ അവിടെയിരുന്ന് അധ്വാനിക്കുന്നത് പല ഭാര്യമാരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. ഉച്ചഭക്ഷണവുമായി ആ പീടികയിലെത്തി ചീട്ട് കളിക്കുന്നവരുടെ കൂടിയിരുന്ന് പ്രതിഷേധിച്ച തന്റേടികളായ ഭാര്യമാരും ശങ്കരനെല്ലൂരിലുണ്ടായിരുന്നു.

പൈസ വെച്ച് ചീട്ട് കളിക്കുന്നതിനാൽ പലപ്പോഴും പോലീസ് വണ്ടി അവിടെ എത്തുകയും പലരെയും തൂക്കിയെടുത്ത് ജീപ്പിലേക്കിടുകയും ചെയ്യാറുണ്ട്. പോലീസിന് പിടികൊടുക്കാതെ വയലും തോടും കടന്ന് ഓടിയവരും ഒട്ടും കുറവല്ല. പോലീസ് സ്റ്റേഷനിൽ എത്തിയാൽ ട്രൗസർ മാത്രമേ ഉടുക്കുവാൻ അനുവദിച്ചിരുന്നുള്ളൂ. അതിനാലാണോ എന്ന് അറിയില്ല എന്റെ അമ്മാവൻമാർക്കൊക്കെ ഒത്തിരി ട്രൗസർ ഉണ്ടായിരുന്നു. പുറത്തു പോകുമ്പോൾ മറക്കാതെ അത് ഉടുക്കുവാൻ  വീട്ടിലെ പെണ്ണുങ്ങൾ പ്രത്യേകം  ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഇളയ അമ്മാവൻ ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വരുന്നത് ശീട്ടു ബാലേട്ടന്റെ പീടികയിൽ പോകാനാണോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. അമ്മായി അറിയാതെ അവിടെ പോകുന്നു എന്ന സന്തോഷം പലപ്പോഴും മൂപ്പർക്ക് ഉള്ളിൽ തോന്നുമെങ്കിലും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന രീതിയിൽ അറിയാത ഭാവത്തിൽ തന്നെ അമ്മായി പെരുമാറും. പല ദിവസങ്ങളിലും സന്ധ്യകഴിഞ്ഞ് വീട്ടിലേക്ക് കയറി വരുന്ന അമ്മാവൻ അന്നത്തെ കളിയിൽ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ കഴിക്കാൻ പെട്ടിയപ്പമോ കൂന്തിയോ വാങ്ങിച്ച് കൈയിൽ കരുതിയിട്ടുണ്ടാകും. അതിനാൽ തന്നെ കളിക്കാൻ പോകുന്ന അമ്മാവനു വേണ്ടി ഞങ്ങളാരെങ്കിലുമൊക്കെ പ്രാർത്ഥിച്ചിരുന്നു. എങ്കിലും ദൈവം പലപ്പോഴും അതൊന്നും ശ്രദ്ധിച്ചതായി തോന്നിയിരുന്നില്ല.

ശീട്ടുബാലേട്ടൻ മരണപ്പെട്ടതിൽ പിന്നെ അവിടെ  കളികളൊന്നും പഴയതുപോലെ നടക്കാറില്ല.  ബാലേട്ടനെ കുറിച്ച്  ഓർക്കുമ്പോൾ പലപ്പോഴും ഓർമ്മവരുന്നത് പോലീസ് എത്തിയാൽ തന്റെ  ഭാര്യയോട് അങ്ങേര്  പറയുന്ന ഒരു ഡയലോഗാണ് .
" സൗദാമിനി എന്റെ ട്രൗസർ ഇങ്ങെടുത്തേ..."

April 27, 2020

ശ്രീനാരായണഗുരു വായനശാല - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിലെ ഓർമ്മകളിൽ ശ്രീനാരായണഗുരു വായനശാല എന്നുമുണ്ട്. നാട്ടിലെ വീടുകളിൽ ടെലിവിഷൻ അത്രയ്ക്കങ്ങ്  ഇല്ലാതിരുന്ന കാലത്ത് എല്ലാവർക്കും വേണ്ടി ടെലിവിഷനും ഡിഷ് ആൻറിനയും സ്ഥാപിച്ചു വായനശാലയെ പല ദിവസങ്ങളിലും പ്രത്യേകിച്ച് ഞായറാഴ്ചകളിൽ ടിവി ശാലയാക്കി വിപ്ലവം സൃഷ്ടിച്ച നാടിന്റെ സ്വന്തം വായനശാലയായിരുന്നു അത് .

ടിവി ഓൺ ചെയ്താൽ  വായനശാലയിൽ നിൽക്കാനോ ഇരിക്കാനോ സൗകര്യം ഉണ്ടാവില്ല. അതിനാൽ തന്നെ പലരും ഡിഷ് ചാനലിൽ വരുന്ന പുതിയ സിനിമകൾ കണ്ടപ്പോൾ വീട്ടിലെ പഴയ ആന്റിന തിരിച്ച്  ഡി ഡി മെട്രോയും ദൂരദർശനിൽ തുടർച്ചയായി വരുന്ന ഞായറാഴ്ച  സിനിമകളും  മടുപ്പില്ലാതെ കണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തു വന്നു.

എങ്കിലും അധികം ആരും ശ്രദ്ധിക്കാതിരുന്ന ഒരു കൊച്ചു മുറി അവിടെയുണ്ടായിരുന്നു. ഒരു ലൈബ്രറി. അന്നൊരു ദിവസം ആദ്യമായി ആനന്ദൻ മാഷിന്റെ കൂടിയായിരുന്നു ഞാനവിടെ കയറിയത്. ഷെൽഫിൽ നിറച്ചുവെച്ച പുസ്തകങ്ങളിൽ വായിക്കാൻ ഏത്  എടുക്കണം എന്നറിയാതെ നിന്ന എന്നോട്, നിനക്ക് എത്ര വയസ്സായി എന്ന് ലൈബ്രേറിയനായ മാഷ് ചോദിച്ചു, തുടർന്ന് വിക്രമാദിത്യ കഥകൾ എന്ന പുസ്തകം മാഷ് എന്റെ കൈയിൽ വെച്ച് തന്നു. അതിനു ശേഷം ആ ലൈബ്രറി ജീവിതത്തിന്റെ ഒരു ഭാഗമായി തീരുകയായിരുന്നു . പന്ത്രണ്ട് വർഷം മുന്നേ അവിടെ നിന്നും അവസാനമായി എടുത്ത വായിച്ച വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന അവിസ്മരണീയമായ നോവൽ വരെ അതു തുടർന്നു.

ആനന്ദൻ മാഷ്  എന്റെ അയൽവാസിയായിരുന്നു. ഞങ്ങൾ റോഡിൽ നിന്ന്  ക്രിക്കറ്റ് കളിക്കുന്നത് ആ വീട്ടിലെ ഉമ്മറത്തിരുന്ന്  ഇടയ്ക്കൊക്കെ മാഷ് കാണാറുണ്ട്, എങ്കിലും പന്ത് അദ്ദേഹത്തിന്റെ പറമ്പത്ത് വന്നുവീഴുന്നതും അതെടുക്കാൻ ഇടയ്ക്കിടെ ഞങ്ങൾ  കയറി  ഇറങ്ങുന്നതും മൂപ്പർക്ക് അത്ര ഇഷ്ടമായിരുന്നില്ല, എന്നാലും ഞങ്ങളെ ആരെയും അങ്ങനെ പിണക്കാറുമില്ല. അതിന് ചെറിയ ഒരു കാരണമുണ്ട്.

ഒരുകാലത്ത് പഴയ ഒരു ബജാജ് സ്കൂട്ടർ ആയിരുന്നു മാഷ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം അത് മാറ്റി ഒരു ഓമിനി വാൻ വാങ്ങി. അയൽക്കാരൻ ആയതിൽ ഞാൻ ഒത്തിരി സന്തോഷിച്ചു. വീടിനുമുന്നിൽ നേരെ നോക്കിയാൽ കാണുന്നത് ഓമിനി ആണല്ലോ.

കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്, സാധനം വിചാരിച്ചതു പോലെ അങ്ങിനെ സ്റ്റാർട്ട് ആകുന്നില്ല. ചിലപ്പോഴൊക്കെ തള്ളാൻ എന്നെ വിളിച്ചിട്ടുണ്ട്, കഴിയുന്നതുപോലെ ആ വണ്ടി ഞാൻ തള്ളിയിട്ടുമുണ്ട്. പിന്നീടങ്ങോട്ട് ആ വണ്ടി തള്ളാതവരായി ഞങ്ങളുടെ ക്രിക്കറ്റ് ടീമിൽ ആരും ഉണ്ടായിരുന്നുമില്ല.

നാട്ടിലെ വെയിലും മഴയും കുളിരും നഷ്ടമാവുന്നത് ആരും ആഗ്രഹിച്ചായിരിക്കില്ല . ദൂരെയായി പോയാലും ഓരോ തവണയും അവിടെയെത്താൻ ആഗ്രഹിക്കും . ആനന്ദൻ മാഷ് മരണപ്പെട്ട വാർത്ത കേട്ടതു വരെ അത് അങ്ങിനെയായിരുന്നു . മാഷില്ലാത്ത നാടിനെ കുറിച്ച് ചിന്തിക്കാൻ എനിക്കെന്തോ കഴിഞ്ഞിരുന്നില്ല. എത്രയോ രാത്രികളിലെ സ്വപ്നങ്ങൾ എന്നെ വേദനിപ്പിച്ചത് ആ  ചിന്തയായിരുന്നു. ആ വഴികളിലൂടെ നടക്കുമ്പോൾ, ഞാൻ താമസിച്ചിരുന്ന ആ  വീടിന്റെ ഉമ്മറത്ത് ഇടയ്ക്ക്  പോയിരിക്കുമ്പോൾ  അപ്പുറത്തെ വീട്ടിൽ മാഷ് ഉണ്ടെന്ന് ചിന്തിക്കാനെല്ലാതെ മറിച്ച് ചിന്തിക്കാൻ ഇന്നും എനിക്കാകില്ല.

April 25, 2020

കരിമ്പിലാട്ടെ രാഘവേട്ടൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

സവിശേഷ സ്വഭാവമുള്ള പലരും ശങ്കരനല്ലൂരിൽ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു രാഘവേട്ടൻ .

കരിമ്പിലാട്ടെ നാരായണിയേച്ചിയുടെ  ആ രണ്ടാമത്തെ മകന് ചെറുപ്പംതൊട്ടേ മധുരത്തോടുള്ള  കൊതി ഇത്തിരി കൂടുതലായിരുന്നു. ആരും കാണാതെ അടുക്കളയിൽ കയറി പഞ്ചസാരയോ വെല്ലമോ തിന്നുന്നത് കൊച്ചു രാഘവന്റ ഒരു ശീലമായിരുന്നു. മധുരമില്ലാതെ ചായ കുടിക്കുന്നത് വീട്ടിൽ പതിവായപ്പോൾ നാരായണിയേച്ചിക്ക് പഞ്ചസാരയും വെല്ലവും ഒളിപ്പിച്ച്  വെയ്ക്കേണ്ടി വന്നു. എങ്കിലും ഓല മേഞ്ഞ ആ കുഞ്ഞു വീട്ടിൽ നിന്നും അതൊക്കെ കണ്ടെത്തുന്നത് കൊച്ചു രാഘവന് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല .

ആ കാലത്ത് നാട്ടിലെ അത്യാവശ്യം പേരുകേട്ട യുക്തിവാദിയായി വളരുകയായിരുന്ന ഭാസ്കരേട്ടൻ  നാരായണിയേച്ചിയുടെ മൂത്ത മകനായിരുന്നു .

"ആ ചെക്കൻ രാവിലെ മുതലേ ആ എ ടി കബൂറിന്റെ പുസ്തകവും വായിച്ചിരുന്നിട്ട്  ഒരു പണിക്കും പോകുന്നില്ല ഒരു സാധനവും കൊണ്ടുതരുന്നില്ല" എന്ന സ്ഥിരം ആവലാതി നാരായണിയേച്ചി പലരോടും പറയാറുണ്ടായിരുന്നു. എ.ടി കോവൂരിന്റെ പുസ്തകം വായിക്കുന്നതിൽ ഒരു പാട് ചീത്ത കേൾക്കേണ്ടി വന്നെങ്കിലും പിൽകാലത്ത് അറിയപ്പെട്ട മജീഷ്യനായ അദ്ദേഹം ഞങ്ങളുടെയൊക്കെ മാജിക്ക് ഭാസ്കരേട്ടനായി.  ഒരിക്കൽ കൈയ്യിലുള്ള കാർഡ് തലയിൽ ഉരച്ച് കാർഡിന്റെ നിറം കറുപ്പാക്കി കാണിച്ചു തന്നപ്പോൾ  തുടങ്ങിയതാണ് മാജിക്കിനോടുള്ള കൗതുകവും മാജിക് ഭാസ്കരേട്ടനോട് തോന്നിയ ആരാധനയും .

ആ ഭാസ്കരേട്ടന്റെ അനുജനായ രാഘവേട്ടൻ മധുരം കഴിക്കുന്നതിൽ  ആയിരുന്നു തന്റെ മാജിക് കാണിച്ചത്. ഒരിക്കൽ രാഘവേട്ടന്റെ മധുരക്കൊതിയെ വെല്ലു വിളിച്ച് ഒറ്റയിരുപ്പിൽ രണ്ട് കിലോ വെല്ലം കഴിക്കാമോ എന്ന് ചങ്ങാതിമാർ ചോദിച്ചു. വെല്ലം തിന്നാൻ കിട്ടുക, അതും രണ്ട് കിലോ, കൊച്ചു രാഘവന് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പറഞ്ഞതുപോലെ അതങ്ങ് കഴിച്ച് കാണിച്ചുകൊടുത്തു. അന്നത്തെ ആ റെക്കോർഡ് തകർക്കാൻ അതിനു മുന്നും പിന്നും ശങ്കരനെല്ലൂരിൽ ആണായും പെണ്ണായും ആരും പിറന്നില്ല.

മുതിർന്നപ്പോൾ മധുരത്തോടുള്ള രാഘവേട്ടന്റ കൊതി അതുപോലെയങ്ങ് വളർന്നു. ചിലപ്പോൾ കല്യാണ സദ്യക്ക് പായസം തയ്യാറാക്കുമ്പോൾ മൂപ്പരും കൂടെ കൂടും. പ്രഥമൻ അല്ലാതെ ഒരു പായസം ശങ്കരനെല്ലൂരിൽ ആരും  ചിന്തിക്കാറില്ല. വറുത്തു കുത്തിയ ചെറുപയറ്  വേവുമ്പോൾ വെല്ലം ചേർത്ത്, തിളച്ചുവരുന്ന സമയത്ത് തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കുന്ന പ്രഥമൻ പുലർച്ചെ നാലു മണി ആകുമ്പോഴേക്കും തയ്യാറാകും. ആ സമയത്ത് പരിസരം മുഴുവൻ അലയടിക്കുന്ന പ്രഥമന്റെ മണം രാഘവേട്ടനെ കുറച്ചൊന്നുമല്ല വട്ടം ചുറ്റിച്ചത്.

ഒരിക്കൽ തയ്യാറായ പായസം അടുപ്പിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് കോരി ഒഴിക്കുന്നതിനിടയിൽ കൊതി സഹിക്കാനാവാതെ കോരാൻ ഉപയോഗിച്ച സ്റ്റീൽ ബക്കറ്റ് നിറച്ചും പായസം എടുത്ത് ആ വീട്ടിലെ പിന്നാമ്പുറത്തെ കുറ്റിക്കാട്ടിലേക്ക് നടന്ന കഥ മൂപ്പര് തന്നെ പറഞ്ഞിരുന്നു. പായസം മണത്ത് പുറകെ കൂടിയ നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ അടുത്തു കണ്ട കശുമാവിൽ ആ വലിയ ബക്കറ്റുമായി കയറി അതിന്റെ മുകളിൽ നിന്നാണത്രെ ആ പുലർച്ചെ പായസം മുഴുവനും കുടിച്ചു തീർത്തത്.

വീടുകളിലെ വിരുന്ന് സൽക്കാരത്തിൽ കലവറയുടെ മേൽനോട്ടം ചിലപ്പോഴൊക്കെ രാഘവേട്ടൻ ഏറ്റെടുത്തിരുന്നു . നിന്റെ അമ്മയുടെ  കല്യാണ വിരുന്നിന്  അന്നത്തെ പ്രധാന വിഭവമായ മൈസൂർപാക്ക് ഒരൊറ്റ റൗണ്ട് മാത്രമേ കൊടുത്തുള്ളൂ  ബാക്കി മുഴുവൻ ഞാൻ തന്നെ തീർത്തു എന്ന്  ചിരിച്ചുകൊണ്ട്  ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.

കാലങ്ങൾ കഴിഞ്ഞപ്പോൾ മധുരത്തോടുള്ള ആ ഭ്രമം മദ്യത്തിലേക്കായപ്പോൾ
ശങ്കരനെല്ലൂര്കാർക്ക് രാഘവേട്ടനെ നഷ്ടമായി. മാടിക്കുത്തിയ ലുങ്കിയും ഒരിക്കലും ചീകിയതായി തോന്നിക്കാത്ത ചുരുള മുടിയുമായി നീണ്ടു മെലിഞ്ഞിരിക്കുന്ന രാഘവേട്ടന്റെ രൂപം മധുരം വിളമ്പുന്ന ഇടങ്ങളിൽ ഇന്നില്ല എന്നത് ശങ്കരനെല്ലൂരിന്റെ ഒരു നഷ്ടമായി മാത്രമേ കാണാൻ കഴിയുകയുള്ളു .

April 16, 2020

ശങ്കുമാമൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

നാട്ടിലെ പണ്ടുമുതലേയുള്ള ഒരു മൊബൈല്‍ ബേക്കറിയായിരുന്നു ശങ്കുമാമന്‍. ബന്നും, റൊട്ടിയും, പെട്ടിയപ്പവും, റസ്ക്കും, പലബിസ്ക്കറ്റും മറ്റു പല നാടന്‍ വിഭവങ്ങളും കൊട്ടയിലാക്കി സൈക്കിളിന്‍റെ പുറകില്‍ വെച്ച്  നാട്ടുവഴികളിലൂടെ സൈക്കിളോടിച്ചു  പോകുന്ന അദ്ദേഹം ഒരു നിത്യ കാഴ്ചയാണ്. ബന്നും മറ്റും  വളരെ ഇഷ്ടമായതിനാൽ ആ സൈക്കിളിനെ ചുറ്റിപറ്റി പലപ്പോഴും കുട്ടികളെയും കാണാം.

      ശങ്കുമാമനെ കുറിച്ച് രസകരമായ പല കഥകളും നാട്ടില്‍ പ്രചാരത്തിലുണ്ട്.അത് പ്രധാനമായും ആ സൈക്കിളിനെ കുറിച്ചാണ്,അതിനൊരിക്കലും ബ്രേക്ക് ഉണ്ടാകില്ലത്രേ. നാട്ടിലെ വഴിയാണെങ്കിലോ  നിറയെ കുന്നിറക്കമാണ്. നാട്ടിലെ ഇത്തിരിപോന്ന പിള്ളേരു വരെ ഇത്തിരിയൊന്ന്‍ വളര്‍ന്നെന്നു തോന്നിയാല്‍ ഇന്നലെ വരെ കഴിച്ച ബന്നിനെ മറന്നുകൊണ്ട് ശങ്കുമാമനെ കളിയാക്കി പല കഥകളും പറഞ്ഞു പരത്തുന്നത്  ഒരു സാധാരണ സംഭവമാണ്.

 ഒരിക്കല്‍ ബ്രേക്കില്ലാതെ സൈക്കിളോടിച്ച് നിറുത്തുവാന്‍ വഴിയില്ലാതെ കുന്നിറക്കത്തില്‍ പറക്കുമ്പോൾ, പെട്ടന്നു തോന്നിയ ഒരു ഐഡിയയില്‍ താഴെയുള്ള കിട്ടന്‍ മാഷുടെ വീട്ടുപറമ്പിലെ  കിളയ്ക്കിട്ടിടിച്ചു നിർത്തി കിള (മണ്ണു മതിൽ) തകര്‍ത്തു എന്നതാണ് ഒരു കഥ. ആ സൈക്കിളിടിച്ചു കിള എത്ര മാത്രം തകര്‍ന്നു എന്നു ചോദിക്കാന്‍ ആരും മിനക്കെട്ടിട്ടില്ല.പിന്നീടുള്ള പല ദിവസങ്ങളിലും യാതൊരു രക്ഷയുമില്ലാതെ വരുമ്പോൾ ഈ ഐഡിയ അദ്ദേഹം ഉപയോഗിച്ചു വന്നെന്നും സ്ഥിരം സംഭവം ആയപ്പോള്‍ കിട്ടന്‍മാഷെടുത്തെ വീട്ടുകാരും ശങ്കുമാമനും തമ്മില്‍ വഴക്കായി എന്നുംമറ്റും പലരും പറഞ്ഞു പരത്തി. ശരിയാണോ എന്തോ?

     മറ്റൊരു കഥയിൽ, ഒരു ദിവസം നാട്ടിലെ പ്രശസ്തമായ ഡണ്ടിക്കൽ ഷാപ്പിലെ  കുന്നിറക്കത്തില്‍ സാധാരണപോലെ ശങ്കുമാമന്‍ സൈക്കിൾ  പറപ്പിച്ചു വിടുകയായിരുന്നു. കുറച്ചൊന്നു കഴിഞ്ഞപ്പോളാണ് ബ്രേക്ക് തീരെയില്ലെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്.
കുന്നിറക്കത്തിനു താഴെ റോഡിന്‍റെ വളവിനനുസരിച്ച്  സൈക്കിള്‍ വളയ്ക്കാതെ അദ്ദേഹം നേരെ വിട്ടു. മുന്‍പിലെ താഴ്ചയുള്ള പറമ്പില്‍ സൈക്കിള്‍ ചെന്നു വീണതും കണ്ടു നിന്നവരൊക്കെ ഓടിച്ചെന്നു നോക്കി.
താഴെ സൈക്കിള്‍ വീണുകിടക്കുന്നു.
പക്ഷെ ശങ്കുമാമനെ കാണാനില്ല.
നാട്ടുകാരൊക്കെ അന്യോന്യം പിറുപിറുക്കവേ, ആരോ ഒരാൾ കശുമാവിന്‍ കൊമ്പില്‍ പിടിച്ചു തൂങ്ങി നിൽക്കുന്ന ശങ്കുമാമനെ കണ്ടു. ആ കൊമ്പില്‍ പിടിക്കാമെന്ന് കണക്കുകൂട്ടിയാണത്രെ മൂപ്പര്‍ സൈക്കിള്‍ നേരെ വിട്ടത്!!!

     ശങ്കുമാമനെ കുറിച്ചുള്ള  മറ്റൊരു കഥ എന്തെന്നാല്‍ സൈക്കിളിന്‍റെ വേഗത നിയന്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുന്നിറക്കത്തില്‍ മൂപ്പര്‍ എഴുന്നേറ്റു നിന്നു എന്നതാണ്.നല്ല ഉയരമുള്ള ആളായതിനാല്‍ സൈക്കിള്‍ അതിന്‍റെ വഴിക്ക് അങ്ങിനെയങ്ങ്  പോയി... അങ്ങേര്  രക്ഷപ്പെട്ടു. ഇനിയും ഇതു പോലെ എന്തൊക്കെ കേള്‍ക്കാനിരിക്കുന്നു... ശങ്കരനെല്ലൂർ വിശേഷങ്ങൾ അങ്ങിനെയൊന്നും തീരില്ല...

April 12, 2020

കിട്ടൻ മാഷെ പീടിക - ശങ്കരനെല്ലൂർ വിശേഷങ്ങൾ

അന്നൊരു വിഷുദിവസം  കുറച്ച് ഇറുങ്ങിയ ഷർട്ടുമിട്ടാണ് കുട്ടൻ വീട്ടിൽ വന്നത്.
വിഷു ആയിട്ട് പുതിയ ഷർട്ടൊക്കെ ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു.

ഷർട്ട് കുറച്ച് ചെറുതായി പോയല്ലോ കുട്ടാ എന്ന് പറഞ്ഞപ്പോൾ,  അതെ, ഇത്തിരി ടൈറ്റാണ്, കഴിഞ്ഞ ഓണത്തിനു  കൊടുത്ത തുണിയാണ് ഇന്നലെയാണ് വിജയേട്ടൻ തയ്ച്ചു തന്നത് എന്ന് ഇത്തിരി വിഷമത്തോടെ അവൻ പറഞ്ഞു .

എന്തായാലും ഓണത്തിന് കിട്ടിയില്ലെങ്കിലും വിഷുവിന് കിട്ടിയല്ലോ എന്ന് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .

അവൻ ചിരിച്ചോ എന്ന് ഓർമ്മയില്ല.

കിട്ടൻ മാഷെ പീടികയിൽ ഇരുന്നുകൊണ്ട് വിജയേട്ടൻ തയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കാര്യങ്ങൾ നന്നായി ചെയ്യുമ്പോൾ കുറച്ച് നേരമൊക്കെ വൈകും. അത്  അത്ര വലിയ തെറ്റൊന്നും അല്ലെന്ന്  വിജയേട്ടന് നന്നായി അറിയാം.

ഇടക്കാലത്ത് വിജയേട്ടൻ പലചരക്ക് കച്ചവടം  തുടങ്ങി. സാധനം വാങ്ങാൻ പോയാൽ പൊതിയേണ്ട പേപ്പർ വളരെ കൃത്യമായി മുറിച്ചെടുക്കും. അതിനിത്തിരി സമയമെടുക്കുമെങ്കിലും സ്കെയിൽ വെച്ചാൽ പോലും ആ കൃത്യത കിട്ടില്ല. അളവും തൂക്കവും വളരെ കൃത്യമായിരിക്കും കുറച്ചു സമയമെടുക്കുമെങ്കിലും ഒരു മണി പോലും അളവിൽ വ്യത്യാസം ഉണ്ടാകില്ല.

സാധനം പൊതിഞ്ഞതിനുശേഷം വിജയേട്ടന്  മീശ ഒന്നു തടവി ശരിയാക്കണം. ശേഷം മേശപ്പുറത്തിരിക്കുന്ന ചീർപ്പ് എടുത്ത് മുടി വാരി, മുണ്ട് ഒന്ന് കൂടി മാടി കെട്ടണം. ഇത്തരത്തിൽ വളരെ വൃത്തിയായി കാര്യങ്ങൾ ചെയ്യുന്നതിനാണ്  സമയം കൂടുതൽ എടുക്കുന്നു എന്ന് പലരും പറയുന്നത് .

വിജയേട്ടൻ അത്തരം കമൻറുകൾ ഒന്നും  ശ്രദ്ധിക്കാറില്ല. അത്യാവശ്യം ആൾക്കാർ കടയിൽ നിന്ന് സാധനം വാങ്ങാറുമുണ്ട്.
പക്ഷേ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇടേണ്ട ചായപ്പൊടി വാങ്ങിക്കാൻ പോകുന്നവരും വീട്ടിൽ വന്ന വിരുന്നുകാർക്ക് വേണ്ടി പഴമോ മറ്റ് സാധനങ്ങളോ വാങ്ങാൻ പോകുന്നവരും ആ സമയത്ത് അവിടെ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സൗമ്യനായ വിജയേട്ടനെ ശങ്കരനെല്ലൂരുകാർക്ക് ഇഷ്ടമാണ്. ദച്ചിമി കുഞ്ഞിമ്മ സുഖമില്ലാതെ മകനെയും കൊണ്ട് ആ പീടികത്തിണ്ണയിൽ പലപ്പോഴും പോയിരുന്നത് ആ ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെയാകാം.

ആ സംഭവത്തിനുശേഷം മറ്റേതെങ്കിലുമൊരു ഓണത്തിന് തുണിയുമായി കുട്ടൻ വിജയേട്ടന്റെ  അടുത്ത് പോയോ എന്നറിയില്ല. അവൻ ഒരിക്കലും മറക്കാത്ത ആ വിഷുക്കോടിയെ കുറിച്ച് വിജയേട്ടന് വലിയ ധാരണ ഒന്നും ഉണ്ടാകില്ല, മൂപ്പർ എത്ര ഓണവും വിഷുവും കണ്ടതാണ്.

വീണ്ടും ഒരു പൂരം

വീണ്ടും ഒരു പൂരം കൂടി വന്നെത്തി. വിഷുവിന് മുൻപിലുള്ള  പൂരത്തിന് അട പുഴുങ്ങുന്നതാണ്  പ്രധാനം.  അപ്പോഴേക്കും  നാടാകെ കണിക്കൊന്ന പൂത്തു തുടങ്ങിയിരിക്കും. അട പുഴുങ്ങി കാമനെ പറഞ്ഞയക്കുമ്പോൾ മുച്ചിലോട്ട് കാവിലെ മുറ്റത്തായി അലങ്കരിച്ച് വെയ്ക്കുന്ന ചെമ്പകപ്പൂവുകൾ  പൂരത്തിന്റെ ഓർമകൾക്കെന്നും ചെമ്പകത്തിന്റെ മണം പകരാറുണ്ട്.

പൂരം എത്ര നേരത്തെ വരുന്നോ അത്രയും സന്തോഷമാണ് . പൂര ദിവസം രാവിലെ പൂരക്കഞ്ഞി  തയ്യാറാക്കും.  നല്ലവണ്ണം തേങ്ങയിട്ട് തയ്യാറാക്കിയ ആ പച്ചരി കഞ്ഞി  ചൂടോടെ ഇലയിൽ വിളമ്പും, കൂടെ കഴിക്കാനായി  പരിപ്പും പച്ചക്കായയും ചേർത്തുണ്ടാക്കിയ എരിവില്ലാത്ത കറിയും കാണും.

പൂരത്തിന് തുടങ്ങുന്ന അട പുഴുങ്ങൽ വിഷു വരെ നീണ്ടുനിൽക്കും. വിഷു കഴിഞ്ഞാൽ അത്തരത്തിൽ അട പുഴുങ്ങരുതെന്ന  വിശ്വാസമുള്ളതിനാൽ കൊതി മാറും വരെ അട കഴിക്കാൻ പലരും ശ്രമിക്കാറുണ്ട് .

അട തയ്യാറാക്കുന്ന ദിവസം  ഉപ്പില ചപ്പ് പറിക്കണം ആവശ്യമായ വാഴനാരും വേണം . പലപ്പോഴും സന്ധ്യ കഴിഞ്ഞാണ് അട തയ്യാറാക്കുക.

നല്ലവണ്ണം പൊടിച്ച് വറുത്ത പച്ചരി ചൂടുവെള്ളത്തിൽ കുഴച്ച്  ഉരുളകളാക്കിയതിനു ശേഷം  കൈയിൽ വെച്ച് പരത്തി അതിനുള്ളിൽ തേങ്ങയും വെല്ലവും നിറച്ച്  ഉപ്പിലചപ്പിൽ  പൊതിഞ്ഞ് വാഴനാര് കൊണ്ട് കെട്ടി അടുപ്പത്ത് ആവിയിൽ വേവിച്ച് തയ്യാറാക്കുന്നതാണ് പൂരം അട.

വെന്ത് വരുമ്പോഴുള്ള അടയുടെ മണം വിവരണാതീതമാണ്. ചിലർ ആരും, കാണാതെ, വെല്ലത്തിനും തേങ്ങയ്ക്കും പകരമായി അടയ്ക്കുള്ളിൽ ചക്കക്കുരുവോ തോടുള്ള കശുവണ്ടിയോ നിറയ്ക്കും.  തിരിച്ചറിയാൻ പ്രത്യേകതരത്തിൽ വാഴനാര് കെട്ടുകയും ചെയ്യും.

പൂരം തുടങ്ങിയാൽ പല വീടുകളിലും പ്രഭാതഭക്ഷണം അടയാണ്. രാത്രി തയ്യാറാക്കിയ അടയ്ക്ക് രാവിലെ വേറെ തന്നെ ഒരു രുചിയാണ് . അട പൊതിഞ്ഞ  ഉപ്പില ചപ്പ് പലവട്ടം മണപ്പിച്ചു നോക്കാത്തവരും ചുരുക്കമായിരിക്കും.

അടുത്ത ബന്ധുക്കൾ മരണപ്പെട്ടാൽ വീട്ടുകാർ ആ വർഷം അട തയ്യാറാക്കാറില്ല. കുഞ്ഞുപ്രായത്തിൽ അത്തരം ഒരു വർഷത്തിൽ അടയെ കുറിച്ച്  വാതോരാതെ ഞാൻ പറയുന്നത് കേട്ട എന്റെ കുഞ്ഞു സുഹൃത്ത്  അവന്റെ വീട്ടിൽ തയ്യാറാക്കിയ അടയുമായി അടുത്ത ദിവസം രാവിലെ എന്റെ അരികിൽ വന്നത് കണിക്കൊന്നയ്ക്കും  ചെമ്പക പൂവിനും കൂടെയുള്ള മധുരമായ പൂരത്തിന്റെ ഓർമ്മയാണ്.

March 27, 2020

ആശാരിക്കാവ് : ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിലെ ചെട്ടിയാംകണ്ടി കാവിനെ ആശാരിക്കാവ് എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്

കാവിൽ എല്ലാ ദിവസവും വൈകുന്നേരം വിളക്ക് വെയ്ക്കും. എന്തെങ്കിലും വിശേഷങ്ങളോ നേർച്ചയോ ഉണ്ടെങ്കിൽ കുറച്ച് വെളിച്ചെണ്ണയുമായി കാവിലെത്തും. കാവിനരികിലായി കഴിയുന്ന വീടുകളിലെ ഏതെങ്കിലും ആൺകുട്ടിയായിരിക്കും വിളക്ക് കൊളുത്തുക. കാവിലെ നടയിൽ  വിളക്ക് തെളിഞ്ഞാൽ ശംഖ് മുഴങ്ങും. കാവ് മുറ്റത്തുള്ള  മറ്റ് ദേവസ്ഥാനങ്ങളിലെ തറകളിലും വിളക്ക് തെളിയും. സന്ധ്യാസമയത്ത് എണ്ണയുമായി പോയാൽ ആ തറകളുടെ അരികിൽ  പ്രാർത്ഥിക്കാനായി തനിച്ച് പോകാറില്ല. കാവിൽ ഉഗ്രമൂർത്തികളാണെന്നും സന്ധ്യ കഴിഞ്ഞ് അവിടെ നിൽക്കരുതെന്നും വീട്ടിലെ മുതിർന്നവർ പറഞ്ഞേൽപ്പിച്ചതിനാൽ  കൂടുതൽ നേരം അവിടെ നിൽക്കാതെ പെട്ടെന്ന് തന്നെ തിരിച്ചു വരും.

ഏപ്രിൽ മാസം നാലും അഞ്ചും ആണ് ആശാരി കാവിൽ തെയ്യം. തെയ്യം തുടങ്ങുന്നതിനു കുറച്ചു ദിവസം മുന്നേ ആവശ്യമായ തേങ്ങയും കുരുത്തോലയും പറിക്കാൻ  ചെണ്ടയും കൊട്ടി കാവിൽ നിന്നും കുറച്ചു പേർ പരിസരത്തുള്ള വീടുകളിൽ വരും. പരീക്ഷ കഴിഞ്ഞുള്ള  വേനൽ അവധി ആഘോഷമാകുന്നത്  അന്നു മുതലാണ്. ദൂരെയുള്ള ബന്ധുക്കളൊക്കെ അപ്പോഴേക്കും എത്തിയിരിക്കും. തെയ്യ പറമ്പിൽ എന്തെങ്കിലും കച്ചവടം ചെയ്യാനുള്ള ആലോചനയും ഉണ്ടാകും. ബത്തക്കയോ നാരങ്ങ വെള്ളമോ പ്രൈസ് ബോർഡോ അങ്ങിനെ എന്തെങ്കിലും. കച്ചവടം നടത്താനുള്ള പണത്തിനായി മുൻകൂട്ടി റോഡിൽ നിന്നും ഇടകളിൽ നിന്നും ശേഖരിച്ചു വെച്ച കശുവണ്ടി വിൽക്കും.

വിഷുവിന് പത്തു ദിവസം മുന്നേ ആണ് തെയ്യം. അതിനാൽ തന്നെ പടക്കങ്ങളും അത്യാവശ്യം കിട്ടുമായിരുന്നു. ചില വർഷങ്ങളിൽ പൂരം തുടങ്ങുന്നത് തെയ്യത്തിന്റെ ദിവസങ്ങളിലാണെങ്കിൽ , ബന്ധുക്കളെല്ലാം ഒരുമിച്ച് ചേർന്ന് പൂരത്തിന്റെ അട തയ്യാറാക്കും.

തെയ്യം തുടങ്ങുന്നതിനു ഒരു ദിവസം മുന്നേ  തെയ്യം കലാകാരന്മാർക്ക് വിശ്രമിക്കേണ്ട പന്തൽ തയ്യാറാകാൻ തുടങ്ങും. കാവിലെ വലിയ മരങ്ങളുടെ താഴെയായി ഓലകൊണ്ട് മറച്ച് തയ്യാറാക്കുന്ന പന്തലിനു താഴെ പച്ചോലയും കുരുത്തോലയും വിരിക്കും. ആകാംക്ഷയുടെ ഇതൊക്കെ കണ്ടു കൊണ്ട്  ഒത്തിരി കുട്ടികളുമുണ്ടാകും.

തലേദിവസം രാവിലെതന്നെ ബലൂണും വളകളും മറ്റും വിൽക്കുന്നവർ  സാധനങ്ങളുമായി എത്തിതുടങ്ങും . താൽക്കാലിക പീടികകൾ  പെട്ടന്ന് തന്നെ അവർ തയ്യാറാക്കും. അപ്പോഴേക്കും  ആ പരിസരത്ത് എത്തിച്ചേർന്ന കുട്ടികൾ കച്ചവടക്കാരൻ പുറത്തെടുക്കുന്ന ഓരോ സാധനത്തിന്റെയും വില ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ടാകും.

ഉച്ച കഴിഞ്ഞാൽ തെയ്യത്തിന്റെ  വരവറിയിച്ചു കൊണ്ടുള്ള ചെണ്ടകൊട്ട് തുടങ്ങും, തെയ്യം മലയിറങ്ങി വരുന്നു എന്നതാണ് വിശ്വാസം. ചില വർഷങ്ങളിൽ അടിയും മറ്റും നടന്നതിനാൽ ഇത്തിരി പരിഭ്രമത്തോടെ തന്നെയാണ് തെയ്യ ദിവസങ്ങൾ കടന്നു പോയിരുന്നത് .

സന്ധ്യക്ക് വെള്ളാട്ടം ഇറങ്ങാൻ നേരം ആളുകൾ എത്തി തുടങ്ങും. ചുവന്ന ചമയങ്ങളുമായി ഓരോ മൂർത്തികളുടെയും വെള്ളാട്ടം ഇറങ്ങുമ്പോഴേക്കും തെയ്യ പറമ്പിൽ കച്ചവടം തുടങ്ങിയിരിക്കും. ചട്ടി കളിക്കാർ തങ്ങളുടെ വിരിയുമായി ഏതെങ്കിലും ഭാഗത്ത് കൂടും. അതിനിടയിൽ പാൽ ഐസുമായി ഉത്തമേട്ടനും എത്തിയിട്ടുണ്ടാകും.

പൈസ വെച്ചുള്ള ചീട്ടുകളിയോ  ചട്ടികളിയോ നടക്കുന്നതറിഞ്ഞ്  തെയ്യപ്പറമ്പിൽ പോലീസ് എത്താറുണ്ട്. പലപ്പോഴും അത്തരം കളികൾ നടന്നിരുന്നത് പൊയ്യയിൽ ആയിരുന്നു. നിറയെ ആൽമരവും തൂങ്ങിനിൽക്കുന്ന വള്ളികളുമായി കാവിനോട് ചേർന്ന് വയൽ അരികിലുള്ള സ്ഥലമാണ് പൊയ്യ. ഞങ്ങൾ പലപ്പോഴും ക്രിക്കറ്റ് കളിച്ചിരുന്നത് അവിടെയായിരുന്നു.

തെയ്യ രാത്രിയിലെ ആകർഷകമായ ചടങ്ങാണ് വസൂരിമാലയുടെ കുളിച്ചെഴുന്നള്ളത്ത്. പാതിരാവിൽ താഴെയുള്ള തോട്ടിൽ നിന്നും കുളിച്ചൊരുങ്ങി വരുന്ന ദേവിയെ കാണാനായി ഉറക്കമൊഴിഞ്ഞ് ഒത്തിരി പേർ കാത്തു നിൽക്കും.  വഴിയിലെ വീടുകളിൽ ആ സമയം വിളക്കുവച്ച് ദേവിയോടുള്ള ഭക്തിയും ബഹുമാനവും പ്രകടിപ്പിക്കും. വാദ്യഘോഷങ്ങളുടെയും കൂവിവിളികളുടെയും നടുവിൽ ഉയരത്തിൽ ഉറഞ്ഞുതുള്ളി വരുന്ന ദേവിയുടെ കരങ്ങൾ രണ്ടുപേർ ബലിഷ്ഠമായി പിടിച്ചിരിക്കും . ആ കരങ്ങളിലൂടെ ദേവി ഉയരത്തിൽ ഉറഞ്ഞു തുള്ളുന്നത് മെയ് വഴക്കത്തിന്റെ  ആകർഷകമായ കാഴ്ച  തന്നെയാണ് .

ശരീരം ചുറ്റും വലിയ തീപ്പന്തങ്ങൾ അണിഞ്ഞ് ഉയരമുള്ള മുടിയുമായി ഭക്തജനങ്ങളുടെ ഓംകാരം വിളികളോടെ കാവിനെ പ്രകാശമാനമയമാക്കി കൊണ്ട് പുലർച്ചെ നാല് മണിയാകുമ്പോൾ കണ്ഠാകർണ്ണൻ  ഇറങ്ങും. എണ്ണ പകർന്നു കൊണ്ടിരിക്കുന്ന ആ വലിയ തീപന്തങ്ങളുമായി തെയ്യം കാവിനെ വലം വെച്ച്  വരുമ്പോഴേക്കും രാവിലത്തെ തണുപ്പ് മാറിയിരിക്കും. തെയ്യം ശക്തിയായി തുള്ളുമ്പോൾ ചുറ്റും തെറിച്ചുവീഴുന്ന തീ ഗോളങ്ങൾ ആ പുലരിയിൽ തരുന്നത് ഭക്തിയുടെയും സാഹസികതയുടെയും വേറിട്ടൊരു കാഴ്ചയാണ്.

കൈയ്യിലുള്ള നീളൻ വടികളിൽ കയറി നിന്നുകൊണ്ട് കാവ് ചുറ്റി അഭ്യാസം ചെയ്യന്ന ഗുളികൻ തെയ്യമേകുന്ന ആകാംക്ഷയും. ഭക്തരെ സ്നേഹ വാത്സല്യത്തോടെ  മാറോടു ചേർത്തു നിർത്തി പൊട്ടിച്ചിരിക്കുന്ന ശാസ്തപ്പനും കോഴിയുടെ കഴുത്ത്  കടിച്ചു പറിച്ച് രക്തം കുടിക്കുന്ന നരസിംഹ സങ്കൽപമായ വിഷ്ണുമൂർത്തിയും  തെയ്യ ദിവസങ്ങളിലെ ഓരോ അനുഭവങ്ങളാണ്.

നട്ടുച്ചക്ക് വസൂരിമാല ഇറങ്ങുമ്പോൾ നേർച്ചയുള്ളവർ മുല്ല മാല അണിയിക്കാൻ കാത്തു നിൽക്കും. തലേന്ന് രാത്രിയിലെ കുളിച്ചെഴുന്നള്ളത്ത് പോലെ ദേവിയുടെ മുടി നിവരുമ്പോൾ വാദ്യഘോഷങ്ങളോടെ കൂവിവിളികളും ഉണ്ടാകും.  ശരീരം നിറയെ മുല്ല മാല അണിഞ്ഞ ദേവി ചിലപ്പോൾ രോഷത്തോടെ ആൾക്കൂട്ടങ്ങളുടെ നടുവിലേക്ക് ഓടിയടുക്കുമ്പോൾ പേടിക്കാത്തവരുണ്ടാകില്ല. തെയ്യം ക്ഷേത്രം വലം വയ്ക്കുമ്പോൾ കൂവി വിളികളുമായി കുട്ടികളും കൂടെ കാണും. അവസാനം ശിവസങ്കല്പമായ ഭൈരവൻ തെയ്യത്തിന്റെ കാലിൽ വീഴുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുമ്പോൾ കൂവി വിളികൾ അവസാനിക്കുകയും ദേവി ശാന്തയാകുകയും ചെയ്യും.

സന്ധ്യ ആകുമ്പോഴേക്കും തെയ്യ പറമ്പിൽ ആളൊഴിഞ്ഞിരിക്കും.  കമ്പ്യൂട്ടറൈസ്ഡ് ഐസ് വിൽക്കുന്ന രവിയേട്ടൻ തന്റെ  ഓട്ടോയുമായി നേരത്തെ പോയിട്ടുണ്ടാവും മറ്റ് കച്ചവടക്കാരൊക്കെ സാധനങ്ങളൊക്കെ എടുത്തു വച്ചിട്ടുണ്ടാവും. തെയ്യം കലാകാരന്മാർ തങ്ങളുടെ സാധനങ്ങൾ തോളിൽ തൂക്കി മറ്റൊരു തെയ്യപറമ്പിൽ  പോകാനുള്ള തിരക്കിലായിരിക്കും.

ഭക്തിയും കലയും കളിയും വ്യാപാരവും പ്രണയവും നിറഞ്ഞ ഉത്സവമാണ് കഴിയുന്നത്.  ഓരോ ദൈവവും ഇറങ്ങുന്നത് കാത്ത് രാത്രിയിൽ ഉറങ്ങാതിരിക്കുമ്പോൾ അറിയാതെ വരുന്ന മിഴികളിലെ തളർച്ച മാറ്റുന്നത് തെയ്യത്തിനോടുള്ള ലഹരിയായിരുന്നു.വാടിയ കുരുത്തോലകളും നിലത്തു വീണ ബലൂൺ കഷ്ണങ്ങളും  മാത്രമായി അനാഥമായി നിൽക്കുന്ന ആ തെയ്യ പറമ്പിൽ നിന്നും പുറത്തിറങ്ങുമ്പോഴും അടുത്ത വർഷത്തെ തെയ്യത്തെ കുറിച്ചുള്ള ചിന്തയാകും മനസ്സിൽ.

March 25, 2020

ഡണ്ടിക്കൽ ഷാപ്പ് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

മറ്റേതൊരു നാടിനെ പോലെയും ശങ്കരനെല്ലൂരിനും ഒരു കള്ളുഷാപ്പുണ്ട്. ഡണ്ടിക്കൽ കുന്നു കയറിയാൽ ഇടതുഭാഗത്തായി കാണാവുന്ന നാടിന്റെ സ്വന്തം ഡണ്ടിക്കൽ ഷാപ്പ്. ഈ ഷാപ്പിന്റെ  കുന്നിറക്കത്തിലൂടെ തന്നെയാണ് ബ്രേക്ക് ഇല്ലാതെ സൈക്കിളുമായി ശങ്കുമാമൻ പലപ്പോഴും പോയിരുന്നത്.

നാട്ടിലെ കള്ള് ചെത്തുകാരുടെ വരുമാന മാർഗ്ഗമായ ഈ ഷാപ്പിനോട് ചേർന്നാണ് ജനാട്ടന്റെ  പീടിക. ചായ കുടിക്കാനും പത്രം വായിച്ച് ലോകവിവരം പറയാനും രാവിലെ തന്നെ അവിടെ പലരും ഒത്തുകൂടും. നാട്ടിലെ ഏതു വാർത്തയും ആദ്യം ചർച്ച ചെയ്യുന്നത് അവിടെയായിരുന്നതിനാൽ വീട്ടിൽ എത്ര നല്ല ചായ വെച്ച് കൊടുത്താലും ആണുങ്ങൾക്ക് ജനാട്ടന്റെ ചായ തന്നെ വേണം. ജനാട്ടന്റെ പാലവിൽ കഴിക്കാനും കുറച്ചുപേർ രാവിലെ ഉണ്ടാകും. ഒരു ചെറിയ പ്ലേറ്റിൽ ഒരുപിടി അവിലിട്ട് അതിനു മീതെ ചൂട് പാലൊഴിച്ച ശേഷം കുറച്ച് പഞ്ചസാര മുകളിൽ വിതറി തയ്യാറാക്കുന്നതാണ് പാലവിൽ .

വീട്ടിൽ മുത്തപ്പന് പയംകുറ്റി വെയ്ക്കുമ്പോഴും, അപൂർവമായി വെള്ളയപ്പം ഉണ്ടാക്കുന്ന അവസരങ്ങളിലും കള്ളു വാങ്ങിക്കാനായി കുട്ടികളെ ഷാപ്പിലേക്ക് പറഞ്ഞയക്കും. വീട്ടിലെ പ്രായമായവർക്കു വേണ്ടി സ്ഥിരമായി വൈകുന്നേരം കുപ്പിയുമായി ഷാപ്പിലേക്ക് പോകുന്ന ചില കുട്ടികളും ഉണ്ടായിരുന്നു. ചിലപ്പോൾ ആ കുപ്പിയിലെ കള്ള് വീട്ടിലെ മറ്റു ചിലർ കുടിക്കുകയും അറിയാതിരിക്കാൻ വെള്ളമൊഴിക്കുകയും ചെയ്യും, ശേഷമുണ്ടാകുന്ന  കലപിലകളും വീടുകളിൽ സാധാരണമാണ്.

നാട്ടിലെ ആസ്ഥാന കുടിയന്മാരും ചീട്ടുകളിക്കാരും ആ ഷാപ്പു പരിസരത്തായുണ്ടാകും. ഷാപ്പിന്റെ  തൊട്ടടുത്തുള്ള പിറുത്തിക്കാടാണ് പലപ്പോഴും ചീട്ടുകളി കേന്ദ്രം. പലരും ഷാപ്പിൽ നിന്നും കുപ്പിയുമായി അവിടേക്ക് പോകുന്നതും തിരിച്ചു വരുന്നതും കാണാം.

പലപ്പോഴും വീട്ടിലെ ചിലരെ അന്വേഷിക്കാനായി  കുട്ടികളെ ഷാപ്പിനരികെ പറഞ്ഞയ്ക്കും. അവിടെയെത്തിയാൽ എന്താ.. എന്ന് അന്വേഷിക്കുന്ന ചിലരുടെ ചോദ്യവും നോട്ടവും. ചീട്ടുകളി സ്ഥലത്താണ് ആളെങ്കിൽ അങ്ങോട്ടേക്ക് വിടില്ല.  ആരെങ്കിലും പോയി വിളിക്കും, ചിലപ്പോൾ പറഞ്ഞേക്കാം പൊയ്ക്കോളൂ എന്ന മറുപടിയായിരിക്കും.

ഉച്ചയാകുമ്പോൾ ഷാപ്പിലെ അടുക്കളയിൽ നിന്നും ഉയർന്നുവരുന്ന ഒരു മണമുണ്ട്. ചില നാടൻ പണിക്കാർ തങ്ങളുടെ ഉച്ചയൂണ് ഷാപ്പിലാണ് പറഞ്ഞു വെയ്ക്കാറ്, നല്ല എരുവുള്ള കല്ലുമ്മക്കായി വറവും  മീൻ മൊളേഷനും കൂട്ടി ചോറ് കഴിക്കാം ആവശ്യമുള്ളവർക്ക് കൂടെ ഇത്തിരി കള്ളും കുടിക്കാം.

വൈകുന്നേരമാകുമ്പോഴേക്കും  പലരും ആ പരിസരത്ത് ഒത്തുകൂടും. സന്ധ്യ കഴിയുമ്പോഴേക്കും ചിലരുടെ കണ്ണുകൾ  ചുവന്നിരിക്കും. കാലുകൾ ശരിയായി ഉറപ്പിക്കാൻ കഴിയാത്തവരും എന്തെങ്കിലും പറഞ്ഞ് ശബ്ദം ഉണ്ടാക്കുന്നവരും കുഴഞ്ഞ വായിൽ പാട്ടു പാടുന്നവരും അങ്ങിനെ  കള്ളും മീനും ചേർന്ന മണവുമായി ആ പരിസരത്തിനാകെ മത്തുപിടിച്ചതായി തോന്നും. ആ സമയങ്ങളിൽ അതിലൂടെ പോകാൻ  കുട്ടികൾക്കും സ്ത്രീകൾക്കും ഇത്തിരി ഭയമാണ് . രാത്രി ഷാപ്പ് അടച്ചാൽ ഉച്ചത്തിൽ സംസാരിച്ചും പാട്ടു പാടിയും ചൂട്ടയും തെളിച്ച് പോകുന്നവർ
നാട്ടുവഴികളിലെ കാഴ്ചയാണ്.

March 24, 2020

മഹാദേവക്ഷേത്രം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരമഹാദേവന്റെ പേരിലറിയപ്പെടുന്ന ശങ്കരനെല്ലൂർ അത്ര വലിയ ചരിത്രപ്രസിദ്ധമൊന്നുമല്ല, എങ്കിലും ആ ക്ഷേത്രത്തെക്കുറിച്ച് പഴമക്കാർ പറഞ്ഞിരുന്ന ചിലതുണ്ട്, അത് പ്രധാനമായും  ഒരു കാലത്ത് ദേശത്തിന് പേടി സ്വപ്നമായിരുന്ന ഒരു യക്ഷിയെ കുറിച്ചുള്ള കഥയാണ്. ഇന്നും നാട്ടുകാർ ആ പേര് പറയാൻ ഇഷ്ട്ടപ്പെടാറില്ല, അതിനാൽ തന്നെ ഇവിടെ സൂചിപ്പിക്കുന്നുമില്ല.

ക്ഷേത്ര കുളത്തിൽ കുളിച്ച് അർധരാത്രിയിൽ നാടു മുഴുവൻ ചുറ്റി നടക്കുമായിരുന്നു ആ യക്ഷി തന്റെ നീണ്ടിടം പെട്ട മുടിയുമായി ഓരോ വീട്ടിലും കയറി ചുണ്ണാമ്പ്  ചോദിക്കുമായിരുന്നത്രെ. യക്ഷിയെ പേടിച്ച് പലരും ചിരട്ടയിൽ ചാണകവെള്ളം കലക്കി വീടിനു മുന്നിൽ  വെച്ചിരുന്നു. അങ്ങിനെ ചെയ്താൽ യക്ഷി വരില്ലെന്നായിരുന്നു വിശ്വാസം. രാത്രി ആരും പുറത്തിറങ്ങാതെയായി, നാട്ടുകാരുടെ ദുരിതങ്ങളും ഏറി വന്നു. അവസാനം നാട്ടിലെ പ്രധാനിയായ  ഒരു നമ്പൂതിരി  മന്ത്രവാദം ചെയ്ത് യക്ഷിയെ  ബന്ധിച്ച് ക്ഷേത്രത്തിന് പുറകിൽ കൃഷ്ണന്റെ അടുത്തായി ഒരു സ്ഥാനവും നൽകിയെന്നാണ് കഥ. യക്ഷി കുളിച്ചിരുന്ന ആ  ക്ഷേത്രക്കുളത്തിൽ മൂന്ന് വലിയ കിണറുകളുണ്ടെന്നും  പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്.

പുലർകാലത്ത്  മഞ്ഞ് പൊഴിഞ്ഞു വീഴുന്ന ആ ക്ഷേത്രക്കുളത്തിലാണ് ഞങ്ങൾ കുളിക്കാൻ പോയിരുന്നത്. നീന്തുവാനും നീന്തൽ പഠിക്കുവാനും  ചിലരെ കളിയായി മുക്കുവാനും മുങ്ങി നീന്തുവാനും കുളിക്കാനെന്ന് പറഞ്ഞ് കളിക്കാനായി പോകുന്നവർ .ഓടിവന്ന് കുളത്തിലേക്ക്  ചാടുന്നവരും ചാഞ്ഞുനിൽക്കുന്ന  തെങ്ങിൽ കയറി  കുളത്തിലേക്ക് തുള്ളുന്നവരും  ഒത്തിരിയുണ്ടായിരുന്നു.

ആ ക്ഷേത്രക്കുളത്തിൽ  നീന്തുമ്പോൾ പലപ്പോഴും ആ കിണറുകളെ കുറിച്ച്  ചിന്തിച്ചു പോകും ആ കിണറിന്റെ സ്ഥാനത്തണോ ഇപ്പോഴുള്ളത് എന്ന പരിഭ്രമം. കുളത്തിലെ ഒത്തമധ്യം  കഴിഞ്ഞ് ഇത്തിരി നീന്തിയാൽ ഒരിടത്ത് വെച്ച് ശ്രീകോവിലിലെ വിളക്ക് കാണാം . അവിടെ ഒൻപതു തവണ കൈകൂപ്പി മുങ്ങി ഓം നമശിവായ ചൊല്ലുന്നത് അനിർവചനീയമായ അനുഭവമാണ്.

കുളിച്ചു കയറി തോർത്തുമ്പോഴേക്കും വിറച്ചു തുടങ്ങും, ഈറനുടുത്ത്  ഭഗവാന്റെ മുൻപിൽ തൊഴുകുമ്പോൾ കൈ കുമ്പിളിൽ കിട്ടുന്ന തീർത്ഥവും ചന്ദനവും ചിലപ്പോഴായി കിട്ടുന്ന പായസവും ആസ്വദിക്കാത്തവരുണ്ടാകില്ല.

പടിഞ്ഞാറ് ദർശനമായി നിൽക്കുന്ന മഹാദേവൻ ധ്യാനത്തിലാണ്. തന്റെ  പ്രണയിനിയായ സതിയുടെ വിരഹത്തിൽ  ഏകനായി കഴിയുന്ന മഹാദേവൻ. ആ ക്ഷേത്രവും ക്ഷേത്ര ദർശനവുമേകിയ  പ്രണയവും വിരഹവും ചെറുതല്ല. പലപ്പോഴും  അവിടെ അനുഭവവേദ്യമായത്  ഭക്തിയുടെയും പ്രണയത്തിന്റെയും തന്മയീഭാവമാണ്, രണ്ടും വ്യത്യസ്തമല്ല എന്ന ദർശനമാണ്. ആ ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ അരികിലായി വന്നു ചേരുന്ന പ്രണയവും ആ ക്ഷേത്രത്തിൽ നിന്നും അകലെയായി പോയപ്പോൾ അരികിലായി വന്നു ചേർന്ന വിരഹവും ധ്യാനസ്ഥനായിരിക്കുന്ന ആ ദേവന്റെ പ്രതിഫലനമാകാം.

March 15, 2020

ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിനെ കുറിച്ചുള്ള ഓർമകളുടെ തുടക്കം വയൽ അരികിലുള്ള ആ തോട്ടിൽ നിന്നാണ്.ആശാരി കാവിൽ കെട്ടിയാടുന്ന വസൂരിമാലയുടെ കുളിച്ചെഴുന്നള്ളത്തിന്റെ തുടക്കവും  അവിടെ നിന്നാണ്.

തെയ്യ ദിവസം അർദ്ധരാത്രിയിൽ കോലധാരി തോട്ടിൽ നിന്നും കുളിച്ച്, മുഖത്തെഴുത്തിനു ശേഷം മുല്ല മാലയും ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ്, വാദ്യഘോഷങ്ങളോടെ ഉഗ്രരൂപിണിയായി കുട്ടികളുടെ ഉച്ചത്തിലുള്ള കൂവിവിളികളോടെ  തീപന്തത്തിന്റെ വെളിച്ചത്തിൽ അവിടെ നിന്നും ഉയർന്നു തുള്ളിക്കൊണ്ട് കാവിലേക്ക് വരും.ചെറു മീനുകളെ പിടിക്കാൻ തോർത്തുമായി തോട്ടിൽ പോകുമ്പോഴൊക്കെയും ഉറഞ്ഞുതുള്ളി വരുന്ന വസൂരിമാലയുടെ ചിത്രമായിരുന്നു  മനസ്സിൽ.

വെള്ളമൊഴുക്കുള്ള കാലങ്ങളിൽ സ്ത്രീകൾ ആ തോട്ടിൽ തുണി അലക്കാൻ പോകാറുണ്ടായിരുന്നു. പലർക്കും അവരുടേതായ അലക്കു കല്ലും മിച്ചം വരുന്ന സോപ്പ് ഒളിപ്പിച്ചു വെക്കാനുള്ള പൊത്തുകളും അവിടെയുണ്ടായിരുന്നു .

വീട്ടിലെ പെണ്ണുങ്ങൾ അലക്കാൻ പോകുമ്പോൾ കൂട്ടിനു പോയാൽ മീൻ പിടിക്കാനായി തോർത്ത് തരുമായിരുന്നു. അതിനാൽ അലക്കാനായി പെണ്ണുങ്ങളുടെ കൂടെ തോട്ടിൽ പോകുന്നത് കുട്ടികൾക്ക് വലിയ ഇഷ്ടമായിരുന്നു. മീൻ പിടിച്ച് കഴിഞ്ഞ് തിരിച്ചു കൊടുക്കുന്ന തോർത്തിലെ മണ്ണും ചരലും കണ്ട് ഇനി തോർത്തു തരില്ല എന്നു പറഞ്ഞുള്ള ശകാരവും ഒരുപാട് തവണ കേട്ടിട്ടുണ്ട്.

തോട്ടിന്റെ അരികിലാണ് പൊട്ടന്റെ വീട്. തോട്ടിൽ പോകുന്ന സമയങ്ങളിൽ പലപ്പോഴും കുട്ടികൾ പറഞ്ഞിരുന്നത് പൊട്ടൻ ആൾക്കാരെ പിടിക്കാൻ വരുന്ന പേടിപ്പെടുത്തുന്ന കഥകളായിരുന്നു. തോട്ടിലേക്ക് പോകുന്ന വഴി പലപ്പോഴും പൊട്ടനെ കാണാറില്ല. എങ്കിലും, ആ വീടിൻന്റെ പരിസരത്ത് എവിടെയെങ്കിലും പൊട്ടനുണ്ടോ എന്ന്  നോക്കുമായിരുന്നു.

തിരിച്ചു വരുന്ന വഴി അവിടെ എത്താറാകുമ്പോൾ, " പൊട്ടനതാ  ഓടിക്കോ.." എന്ന് കൂടെ ഉള്ളവർ ആരെങ്കിലും പറയുന്നത് കേട്ട് പലപ്പോഴായി ഓടിയത് ഇന്നും ഓർമ്മയാണ്. ഉം ഉം എന്ന് ശബ്ദമുണ്ടാക്കി പൊട്ടൻ നടക്കുന്നതും ഇരിക്കുന്നതും ആ ഓട്ടത്തിനിടയിൽ പലപ്പോഴായി  നെഞ്ചിടിപ്പോടെ കണ്ടിട്ടുണ്ട്.

ശങ്കരനെല്ലൂരിൽ സ്ഥിരതാമസമാക്കിയതിനു ശേഷമാണ് പൊട്ടന്റെ അമ്മ ദച്ചിമി കുഞ്ഞീമയെ കാണുന്നത്. അവരുടെ അച്ഛൻ നാട്ടിലെ ഒരു ജന്മി ആയിരുന്നു എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്. ദച്ചിമി കുഞ്ഞീമയുടെ രണ്ട് മക്കളിൽ ഇളയവനാണ് പൊട്ടൻ. മൂത്തയാൾ ശ്രീധരൻ , സുന്ദരനായിരുന്നു, നല്ല സ്വഭാവഗുണമുള്ളയാൾ.
ദുരൂഹമായ ഏതോ കാരണത്താൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അയാൾ കുറച്ച് കാലത്തിനു ശേഷം മരണപ്പെടുകയായിരുന്നു. ശങ്കരനെല്ലൂരിന്റ ആ ദുരൂഹതയാണ് ഒരു പ്രഹളികയെന്നോണം എന്നും ചിന്തകളിൽ നിറഞ്ഞിരുന്നത്.

ദച്ചിമി കുഞ്ഞീമയും അമ്മമ്മയും കൂട്ടുകാരാണ്. വീട്ടിലേക്ക് വരുമ്പോഴൊക്കെയും  മാധവി അവിടെ ഇല്ലേ .. എന്ന് സ്നേഹത്തോടെയും പരിഭവത്തോടെയും അവർ ഉച്ചത്തിൽ വിളിച്ചു ചോദിക്കുമായിരുന്നു. കൂട്ടുകാരികൾ രണ്ടുപേരും പലതും സംസാരിക്കും,  അമ്മമ്മ പണ്ട് രാത്രിയിൽ ഭാഗവതം വായിക്കുന്നതും, അത് കേൾക്കാനായി ദച്ചിമി കുഞ്ഞീമയുടെ അച്ഛൻ ഉറങ്ങാതെ  കാത്ത് നിൽക്കുന്നതും, അങ്ങിനെ പലതും, എങ്കിലും ആ സംസാരം പലപ്പോഴും ചെന്നെത്താറ് പൊട്ടനിലാണ്. കണ്ണു കാണാത്ത തന്റെ മകന് പൂവു പറിച്ച് കൃഷ്ണ വിഗ്രഹത്തിൽ ചാർത്തുന്നത് വലിയ ഇഷ്ടമാണ് എന്ന് ആ അമ്മ ഒരിക്കൽ പറഞ്ഞിരുന്നു. പൊട്ടനെ കുറിച്ചുള്ള ഇത്തരം സംസാരങ്ങൾ കേൾക്കുന്നതിനിടെ  ഒരിക്കൽ അയാളെ മഹാനുഭാവാ എന്ന് മനസാ വിളിച്ചു പോയിട്ടുണ്ട്.

കൂട്ടുകാരിക്ക് വിശേഷിച്ച് എന്തെങ്കിലും പലഹാരം അമ്മമ്മ കൊടുത്താൽ ഇത് എന്റെ പൊട്ടന് വലിയ ഇഷ്ടമാണ് എന്ന് പറഞ്ഞ്, ചിലപ്പോൾ അവർ അത് പൊതിഞ്ഞു കൊണ്ടുപോകും. തന്റെ മകന്  ഇഷ്ടപ്പെട്ട പലതും  തയ്യാറാക്കി കൊടുക്കാൻ കഴിയുന്നില്ല എന്നുള്ള വിഷമം അവരുടെ വാക്കുകളിൽ പലപ്പോഴും പ്രകടമായിരുന്നു.

അമ്മമ്മ മരിച്ചതിൽ പിന്നെ ദച്ചിമി കുഞ്ഞീമ്മ വീട്ടിലേക്ക് അധികം വരാറില്ല .
ഇടക്കാലത്ത് ആ അമ്മ തന്റെ  മകനെയും കൂട്ടി തൊട്ടടുത്തുള്ള   പീടികയിലേക്ക്  പോകാറുണ്ടായിരുന്നു. ആ പീടികത്തിണ്ണയിൽ ഇരിക്കുമ്പോൾ  അടുത്ത് വരുന്നവരെ തൊട്ടും മണപ്പിച്ചും മനസ്സിലാക്കാൻ അയാൾ ശ്രമിക്കുമ്പോൾ ആ അമ്മയും സഹായിക്കും. അൽപ നേരം അവിടെ ഇരുന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞതിനു ശേഷം തന്റെ മകനെയും കൂട്ടി പതുക്കെ വീട്ടിലേക്ക് നടന്നു പോകുന്ന പ്രായമായ ആ അമ്മയെ ഒരിക്കലും മറക്കാൻ കഴിയില്ല.

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...