ഈ മഴത്തുള്ളികൾ എത്രയെത്ര സ്വപ്നങ്ങളുമായാകാം ഭൂമിയിലേക്ക് വരുന്നത്. മഴ പ്രതീക്ഷയാണ് ; നൊമ്പരമാണ്; പലപ്പോഴും ഇന്നലകളിലേക്കുള്ള തിരിച്ചു പോക്കാണ്.
മഴ നനഞ്ഞ് സ്കൂളിൽ പോയതും കൂട്ടുകാരോടൊപ്പം ഒരു കുടയിൽ പാതി നനഞ്ഞ് സ്കൂളിൽ കയറിയതും , മേലാകെ നനഞ്ഞ് ക്ലാസിലെ തണുത്ത ബെഞ്ചിൽ ഇരിക്കുമ്പോൾ നേർത്ത കാറ്റിനോടൊപ്പം ഉള്ളിൽ നിന്നും വരുന്ന വിറയലും ഇന്നും ഓർക്കവേ ഒരു കുളിരാണ് .
ആയിത്തര മമ്പറത്ത് പഠിക്കുമ്പോൾ വലിയ വയലും തോടും മുറിച്ചു നടന്നു വേണം സ്കൂളിലെത്താൻ. ആ ദിവസങ്ങളിൽ രാത്രി മുഴുവൻ മഴ പെയ്താൽ വല്യ സന്തോഷമാണ്.
അടുത്ത ദിവസം രാവിലെ എന്നത്തേയും പോലെ യൂണിഫോം ധരിച്ച് ബാഗുമായി വീട്ടിൽ നിന്നും ഇറങ്ങും. ദൂരെ നിന്നു തന്നെ വയൽ ഒരു പുഴ പോലെ ഒഴുകുന്നത് കാണാം. ഈ അവസ്ഥയിൽ വയൽ മുറിച്ച് കടക്കേണ്ടി വരില്ല എന്ന സന്തോഷം മനസ്സിൽ അലയടിക്കുമ്പോഴും സരോജിനി ടീച്ചർ വരുന്നതും കാത്ത് നിൽക്കും. ടീച്ചർ എത്തിയാൽ എല്ലാവരും തങ്ങളുടെ നിസ്സഹായത അറിയിക്കും. ഈ വയൽ കടന്നാൽ തന്നെ ആയിത്തറയിലെ തോട് കരകവിഞ്ഞ് ഒഴുകുന്നുണ്ടെന്നും അത് മുറിച്ച് കടക്കാൻ ഇത്തിരി പ്രയാസമാകുമെന്നും ടീച്ചറോട് പറയും . ചിലപ്പോൾ മഴ തുടർന്നാൽ വൈകുന്നേരം തിരിച്ച് വരുന്നതിലെ പ്രശ്നങ്ങളും ചിലർ തങ്ങളാലാവുന്ന തരത്തിൽ വിവരിക്കും . നിങ്ങൾ വീട്ടിലേക്ക് പോയ്ക്കോളൂ ഞാൻ സ്കൂളിൽ വിളിച്ച് പറയാം എന്ന് പറഞ്ഞ് ടീച്ചർ തിരിച്ചു പോകും. അതിനാൽ ആ കാലത്ത് ഓരോ രാത്രിയിലും നിർത്താതെ മഴ പെയ്യാൻ കൊതിക്കുന്നവരായിരുന്നു ഞങ്ങളിൽ പലരും.
പ്ലസ്ടുവിന് പെരളശ്ശേരിയിൽ പഠിക്കുമ്പോൾ ബസിലായിരുന്നു സകൂളിൽ പോയിരുന്നത്. ചില ദിവസങ്ങളിൽ രാത്രി പെയ്ത മഴ രാവിലെയും തുടരും . കറണ്ട് ഉണ്ടാകില്ല. രാവിലെ എട്ടു മണി കഴിഞ്ഞാലും വെളിച്ചമുണ്ടാകില്ല. ഉണരാൻ വൈകിയതിനാൽ എങ്ങിനെയെങ്കിലും കുളിച്ച് ഉള്ള ഭക്ഷണവും കഴിച്ച് ഇറങ്ങുമ്പോൾ ഇന്ന് സ്കൂൾ അവധി ആയിരിക്കുമോ എന്ന് ആലോചിക്കാറുണ്ട്.
ബസ് ഉണ്ടാകുമോ . കണ്ടക്ടറും ഡ്രൈവറും നേരം വൈകി എഴുന്നേറ്റതിനാൽ ബസ് വരാൻ വൈകുമായിരിക്കും . ചിലപ്പോൾ ഇന്ന് ഓടില്ലായിരിക്കാം. ഇത്തരത്തിൽ ചിന്തിച്ച് ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും കൃത്യ സമയത്ത് ബസ് എത്തിയിരിക്കും . സാധാരണ കാണാവുന്ന എല്ലാവരും ബസിൽ ഉണ്ടാവുകയും ചെയ്യും . ക്ലീനർ തല മുഴുവൻ മൂടിയ ഒരു തൊപ്പിയോ തോർത്തോ കൂടെ കരുതുമെന്നല്ലാതെ വലിയ ഒരു വ്യത്യാസമൊന്നും ബസിൽ ഉണ്ടാകാറില്ല.
ക്ലാസിൽ ആരും ഈ മഴയത്ത് എത്തിയിരിക്കില്ല, പലരും വരില്ലായിരിക്കാം, ചിലർ നേരം വൈകാം ... ഇത്തരത്തിൽ ചിന്തിച്ച് ക്ലാസിലേക്ക് കയറവേ തുറന്നു കിടക്കുന്ന കുടകൾ കാണുമ്പോഴേ അറിയാം എന്നത്തേയും പോലെ ഞാൻ മാത്രമാണ് നേരം വൈകിയതെന്ന് .
ആ സമയത്ത് അറിയാതെ വിചാരിച്ച് പോകാറുണ്ട് ഇവർക്കൊന്നും മഴ പെയ്തില്ലെ.. കറണ്ട് പോയില്ലെ... മൂടി പുതച്ച് ഉറങ്ങണ്ടേ.