കഴിഞ്ഞ വർഷം ഇതുപോലെ ഒരു മഴക്കാലത്താണ് ഞങ്ങൾ നാട്ടിൽ എത്തിയത്. ആദ്യ ദിവസം തന്നെ ഒരാൾ വീട്ടു മുറ്റത്തെ തിണ്ടിൽ വന്നിരുന്നു. പുതിയതായി വന്നത് ആരാണെന്നറിയാൻ ചുറ്റിപ്പറ്റി നിന്നു. അത് കണ്ട് നന്ദു പറഞ്ഞു "ഇത് എൻ്റെ പൂച്ചയാണ്, ചൊക്കി. ".
രണ്ടുമൂന്നു ദിവസം ചൊക്കി വീട് പരിസരത്ത് വന്നു പോയിക്കൊണ്ടിരുന്നു. വിചാരിച്ചതുപോലെ മീനു കിട്ടാത്തത് കൊണ്ടായിരിക്കണം പിന്നീടങ്ങോട്ട് അതിൻ്റെ വരവ് കുറഞ്ഞുവന്നു. ഗർഭിണിയായ അതിനോട് ഇടയ്ക്ക് അമ്മ പറയുകയും ചെയ്തു "ഞങ്ങളെല്ലാം വെജിറ്റേറിയനാണ് പൂച്ചേ..''
നന്ദു പറഞ്ഞതുപോലെ ചൊക്കി അവൻ്റെ പൂച്ചയാണോ എന്ന കാര്യത്തിൽ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല. എങ്കിലും ചൊക്കിയുടെ പ്രൊപ്രൈറ്റർ താനാണെന്നാണ് നന്ദുവിൻ്റെ എന്നത്തെയും ഭാവം. അവൻ ആ പൂച്ചയെ സ്നേഹത്തോടെ പലപ്പോഴും കുഞ്ഞൂ .. എന്നാണ് വിളിക്കാറ്. നന്ദുവിൻ്റെ ശബ്ദം കേട്ടാൽ ആ പരിസരത്തായി അത് വന്ന നിൽക്കുകയും ചെയ്യും. ബിസ്ക്കറ്റോ ചോക്ലേറ്റോ കിട്ടിയാൽ തൻ്റെ കുഞ്ഞനിയത്തി മാളുവിന് കൊടുത്തില്ലെങ്കിലും ചൊക്കിക്ക് അവൻ കൊടുക്കും. അതിനാൽ തന്നെ മാളുവിനെക്കാൾ ചൊക്കിയെയാണ് നന്ദുവിന് ഇഷ്ടം എന്ന് പലരും തമാശയായി പറയാറുണ്ട്. ആ കാര്യത്തിൽ മാളുവിനും ഇത്തിരി പരിഭവമില്ലാതില്ല.
സ്ഥിരം വരുന്ന മീൻകാരൻ്റെ സ്കൂട്ടർ ദൂരെയായി കണ്ടാൽ " അമ്മമ്മേ... ഉച്ചൂക്കാ '' എന്ന് വിളിച്ച് നന്ദു റോഡിലേക്ക് ഓടും. പലപ്പോഴും ചൊക്കിയും കൂടെ കാണും. ഉച്ചൂക്കയുടെ അടുത്തുനിന്ന് ചൊക്കിക്ക് വേണ്ട മീൻ അവൻ എങ്ങിനെയെങ്കിലും ഒപ്പിച്ചെടുക്കുകയും ചെയ്യും. കാര്യങ്ങൾ ഇങ്ങനെ നടന്നു പോകുന്ന വഴിയിൽ ഒരു ദിവസം നന്ദു വന്നു പറഞ്ഞു, "ചൊക്കി പ്രസവിച്ചു . മൂന്നു കുട്ടികൾ. കാണാൻ നല്ല ഭംഗിയുണ്ട് ''.
അവൻ പറഞ്ഞത് ശരിയായിരുന്നു. ചൊക്കി യുടെ മക്കളെ കാണാൻ നല്ല ഭംഗിയായിരുന്നു. കുട്ടികളുടെ കാര്യത്തിൽ ആ അമ്മ വളരെ ശ്രദ്ധാലുവായിരുന്നു. എങ്കിലും ഇടയ്ക്ക് കുട്ടികളിൽ ഒന്നിനെ കാണാതായി. ആ സംശയത്താലാകാം വീടിൻ്റെ പരിസരത്തായി കണ്ടൻപൂച്ചയെ കണ്ടാൽ എറിഞ്ഞ് ഓടിക്കുന്നത് നന്ദു പതിവാക്കിയത്. സാവധാനം ചൊക്കിയുടെ രണ്ട് കുട്ടികൾ വളർന്നു. അവർ അമ്മയുടെ പുറകെ നടക്കാൻ തുടങ്ങി.
ബേക്കറി പലഹാരങ്ങൾ ചൊക്കിക്ക് വളരെ ഇഷ്ടമാണ്. ഇടയ്ക്ക് വന്നപ്പോൾ അത് കൊടുത്തതിനാൽ പിന്നീടങ്ങോട്ട് വൈകുന്നേരത്തെ ചായ സമയത്ത് ചൊക്കിയും മക്കളും വീട്ടുമുറ്റത്ത് തമ്പടിക്കൽ പതിവാക്കി.
കുട്ടികൾ ഇത്തിരി വളർന്നു . എങ്കിലും അമ്മയെ തന്നെ ചുറ്റിപ്പറ്റി നടക്കും. അമ്മ എന്തു ചെയ്യുന്നുവോ അത് അവരും ചെയ്യും. മണ്ണിൽ കിടന്നുരുളുക , കൈകൾ കൊണ്ട് മുഖം തുടയ്ക്കുക തുടങ്ങി എവിടെയും അമ്മയെ അനുകരിക്കും. ചൊക്കി കോലായുടെ ഒരുഭാഗത്ത് ഇരുന്നാൽ സ്ഥലമില്ലെങ്കിലും തൊട്ടുരുമി രണ്ടു കുട്ടികൾക്കും അടുത്ത് തന്നെ ഇരിക്കണം. പക്ഷെ, വീണ്ടും ഗർഭിണിയായപ്പോൾ മകളുടെ ഈ ചുറ്റിപ്പറ്റി കളി ചൊക്കിക്ക് അത്ര രസിച്ചില്ല. കഴിവതും മാറി നിന്നു പക്ഷെ കുട്ടികൾ വിടാതെ പിന്തുടർന്നു. ഇടയ്ക്ക് ഒച്ചയാക്കി.. പേടിപ്പിച്ചു... അവിടെയും രക്ഷയില്ല. ഇത്തിരി സമയത്തിനു ശേഷം കുട്ടികൾ വീണ്ടും അടുത്തു വന്നിരിക്കും. ഒരിക്കൽ സഹികെട്ട് ചൊക്കി മരത്തിൻ്റെ മുകളിലെ ഒരു ചില്ലയിൽ കയറിയിരുന്നു, പുറകെ തൊട്ടു താഴെയുള്ള ചില്ലയിൽ മക്കളും വന്നിരുന്നു. അവസാനം ചൊക്കി പരാജയം സമ്മതിച്ചു . തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ തെളിക്കുക എന്ന രീതിയിൽ മക്കളുടെ സ്നേഹവും പരസ്പരമുള്ള വികൃതിയും കണ്ടുകൊണ്ട് അവരുടെ അടുത്തുനിന്ന് മാറാതെ നിന്നു.
ഇടയ്ക്ക് മക്കൾ റോഡിലേക്ക് ഇറങ്ങുമ്പോഴോ, ഏതെങ്കിലും കണ്ടൻപൂച്ച അടുത്തുണ്ടെങ്കിലോ ചൊക്കി തലയുയർത്തി മക്കളെ ഒന്ന് നോക്കും. ഏത് കണ്ടൻ വന്നാലും ചൊക്കിയുടെ മക്കളെ തൊടാൻ ആകില്ല. ചെറുതായതിനാൽ ഏത് മരത്തിൻ്റെയും എത്ര മുകളിൽ കയറാനും ആ കുട്ടികൾക്ക് കഴിയുമായിരുന്നു.
പക്ഷെ കഴിഞ്ഞ കുറേ ദിവസമായി ചൊക്കി യുടെ ഒരു കുട്ടിയെ കാണാനില്ല. കുറുക്കൻ പിടിച്ചതോ മറ്റെന്തെങ്കിലും സംഭവിച്ചതോ ആർക്കും ഒന്നും അറിയില്ല.
ചൊക്കിയുടെ കുട്ടിയെ ആരോ കൊന്നതാണ് എന്ന സംശയം നന്ദുവിനുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ചായ ഗ്ലാസെടുത്തപ്പോൾ വിജേഷേട്ടൻ്റെ കൈയ്യ് ഒന്ന് വിറച്ചു. അപ്പോൾ തന്നെ നന്ദു അത് തുറന്നു ചോദിച്ചു '' ചൊക്കിയുടെ കുട്ടിയെ കൊന്നത് കെകെ ആണോ "? വിജേഷേട്ടനെ കെകെ എന്നാണ് അവൻ വിളിക്കാറ്. പൂച്ചയെ കൊന്നാൽ കൈയ്യ് വിറയ്ക്കും എന്ന് പണ്ടേ എല്ലാവരും പറയാറുണ്ടല്ലോ ..
നന്ദുവിൻ്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചുവെങ്കിലും പറമ്പിലൂടെ രാത്രി പോകുന്ന കുറുക്കന്മാരിൽ ആരുടെ കൈയ്യാണ് വിറയ്ക്കുന്നത് എന്ന് നോക്കിയാൽ അതിൽ ഒരു തീരുമാനം ആകുമെന്ന് തോന്നുന്നു. എങ്കിലും ആ അമ്മയുടെ കൂടെ ഇപ്പോൾ ഒരാളെ മാത്രം കാണുമ്പോൾ ഒരു വിഷമം. ആ അമ്മയും കുട്ടിയും മറ്റേയാളെ തിരഞ്ഞു നടക്കുന്നുണ്ടാകുമോ ?