കാലങ്ങൾ കുറേ കഴിഞ്ഞാണ് ചന്ദ്രേട്ടനെ കാണുന്നത്. റോഡരികിലുള്ള പെങ്ങളുടെ വീട്ടിൽ പലപ്പോഴും കാണാറുള്ളതുപോലെ ഇരുകൈയ്യും മുട്ടിൻമേൽ വെച്ച് അദ്ദേഹം ഉക്കറ്റ് ഇരിക്കുകയായിരുന്നു.
താടി നരച്ചിരിക്കുന്നു. മുടി മുൻപിൽ കുറേ കൊഴിഞ്ഞിട്ടുണ്ട്. നേരിൽ കണ്ടപ്പോൾ എപ്പോഴുമെന്നപോലെ ആ മുഖത്ത് ഒരു ചിരി വിടർന്നു. ആ നേരം അമ്മമ്മയെയാണ് ഓർമ വന്നത്. എടാ ചന്ദ്രാ ... നീ ഒരു കല്യാണം കഴിക്കെടാ.. എന്ന് ചന്ദ്രേട്ടനെ കാണുമ്പോഴൊക്കെ അമ്മമ്മ പറയുമായിരുന്നു. അന്നൊക്കെ അത് കേട്ടാൽ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ട് ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് നടന്നു പോകും.
പെങ്ങൾമാരുടെ കല്യാണം കഴിയാത്ത വിഷമമാണ് ആ ചെക്കന്... അല്ലെങ്കിൽ തന്നെ അവനെന്താ ഒരു കല്യാണം കഴിച്ചാല് ... എന്ന് അമ്മമ്മ പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്. ചന്ദ്രേട്ടൻ്റ അമ്മ ആശാരി കല്യാണി ഏടത്തി അമ്മമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു. അതിനാലാകാം, ചന്ദ്രേട്ടനോട് അമ്മമ്മയ്ക്ക് ഒരു പ്രത്യേക വാത്സല്യമായിരുന്നു.
ചന്ദ്രേട്ടൻ ആശാരി പണി നന്നായി ചെയ്യും. ചിലവ് കുറച്ച് പണികൾ എളുപ്പത്തിൽ ചെയ്തു തരും. പക്ഷേ പണിക്ക് വരാനാണ് പ്രയാസം. പ്രധാന പ്രശ്നം കള്ളുകുടി ആയിരുന്നു. പണിക്കു പോകുന്നത് തന്നെ കള്ള് കുടിക്കാനാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണിക്ക് ആവശ്യത്തിനുള്ള മരം മില്ലിൽ നിന്നും ഈർന്നെടുക്കാൻ പോയാൽ ആ പണി മറ്റുപലരെയും ഏൽപ്പിച്ച് കള്ള് കുടിക്കാനായി അങ്ങേര് പോകും. രാവിലെ ആണെങ്കിലും കുടിക്കാനുള്ള ഒരു അവസരവും ചന്ദ്രേട്ടൻ പാഴാക്കാറില്ല.
ഒരിക്കൽ വീട്ടിലെ മച്ചിൽ ചോർച്ചയുണ്ടായി. കാര്യം ചന്ദ്രേട്ടനോട് പറഞ്ഞു. വരാം എന്ന് പറഞ്ഞു. പക്ഷേ വന്നില്ല. ഓരോ ദിവസവും അങ്ങേരെ കാണുകയും കാര്യങ്ങൾ പറയുകയും ചെയ്തു. നാളെ വരാം, മറ്റന്നാൾ വരാം എന്ന് പറഞ്ഞു ദിവസങ്ങൾ കുറേ കടന്നു പോയി. മഴ കനത്തു തുടങ്ങി. മച്ചിലെ ചോർച്ച കാരണം മുകളിലെ മുറിയിൽ വെള്ളം കെട്ടി കിടക്കാൻ തുടങ്ങി. ഒരു ദിവസം ചന്ദ്രേട്ടൻ്റെ പെങ്ങളെ കണ്ടപ്പോൾ അമ്മ കാര്യം പറഞ്ഞു. വൈകുന്നേരമായപ്പോൾ ചന്ദ്രേട്ടൻ വീട്ടിൽ വന്നു. അത്യാവശ്യം കുടിച്ചിട്ടുണ്ട്. അത്.. ഞാൻ... ഇപ്പോൾ ശരിയാക്കിത്തരാം ...ഓരോ തിരക്കിൽ ആയിപോയി ..എന്നും പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി.
കള്ള് കുടിച്ചിട്ട് മുകളിൽ കയറേണ്ട, നാളെ രാവിലെ വന്ന് ചെയ്തു തന്നാൽ മതി എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. പണി നീട്ടിക്കൊണ്ട് പോയതിൽ മൂപ്പർക്ക് വല്ലാത്ത വിഷമം. അങ്ങേരുടെ പോക്ക് കണ്ട് കൂടെ ഞാനും മുകളിലത്തെ നിലയിൽ കയറി.
നിലത്തുറക്കാത്ത കാലുമായി ചന്ദ്രേട്ടൻ മച്ചിൻ്റെ മുകളിലേക്ക് കയറി. ഓട് മാറ്റി വെയ്ക്കുന്നതിനിടയിൽ മുറിയുടെ മുകളിലെ ഷീറ്റുനു വേണ്ടി അടിച്ച കനം കുറഞ്ഞ വാരിയിൽ ചവിട്ടി ചന്ദ്രേട്ടൻ താഴെ വീണു. വലിയ ഒരു ശബ്ദം. എന്തോ സംഭവിച്ചു എന്ന പേടിയിൽ മുറിയുടെ ഒരു ഭാഗത്തേക്ക് ഞാൻ ഓടി. മച്ചിലെ ഒരു ഭാഗത്തെ ഓടും മുഴുവനും ചന്ദ്രേട്ടൻ്റെ മുകളിലക്ക് വീണിരിക്കുന്നു. അൽപ നേരത്തിനു ശേഷം ആ ഓടു കൂമ്പാരങ്ങൾക്കിടയിൽ നിന്ന് അദ്ദേഹം തലയുയർത്തി. പതുക്കെ എഴുന്നേറ്റ് മുകളിലേക്ക് നോക്കി. ശരിയാക്കാം എന്ന വിധത്തിൽ വീണ്ടും മച്ചിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആരും സമ്മതിച്ചില്ല. ശരിക്കും നിൽക്കാൻ തന്നെ കഴിയാതിരുന്ന ചന്ദ്രേട്ടൻ വീച്ചു വീച്ച് നടന്നാണ് അന്ന് വീട്ടിലേക്ക് പോയത്.
ചെറിയ ഒരു പണി ആയിരുന്നു. പക്ഷേ പണിയാൻ വന്നിട്ട് ഒരു ഭാഗത്തെ ഓടും വാരിയും ആകെ തകർന്ന് വീണിരിക്കുന്നു. മഴയാണെങ്കിൽ കനക്കുന്നു . ആ ഒരു രാത്രി മുകളിലത്തെ മുറികളിൽ കെട്ടികിടന്ന വെള്ളം താഴത്തെ മുറിയിലേക്ക് ഒലിച്ചിറങ്ങി. രാത്രിയിൽ ഉറക്കത്തിനിടയിൽ മഴപെയ്യുതതേ എന്ന് എത്രയോ തവണ പ്രാർത്ഥിച്ചിട്ടും മഴ നന്നായി തന്നെ പെയ്തു . ആ പഴയ വലിയവീട്ടിൽ വെള്ളം കയറി എന്തൊക്കെ സംഭവിക്കും എന്ന് അറിയാതെ പേടിച്ച ഒരു രാത്രി.
അടുത്ത ദിവസം അമ്മാവൻ ഏർപ്പാടാക്കിയ ചിലർ വന്ന് ഓടിനു മുകളിൽ ഷീറ്റ് വലിച്ചുകെട്ടി പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. ആ സംഭവത്തിനു ശേഷം രണ്ടുമാസം ചന്ദ്രേട്ടൻ പണിക്ക് പോയില്ല, പരിക്ക് കാരണം വീട്ടിലിരിക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ സഹതപിക്കണോ ദേഷ്യപ്പെടണോ എന്നറിയാത്ത അവസ്ഥയായിരുന്നു.
ചന്ദ്രേട്ടൻ ഒരു സൗമ്യൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കുടിച്ചു കഴിഞ്ഞ് വീട്ടിലെത്തിയാൽ പഴയ ഒരു മേശയുടെ കള്ളി തുറക്കുകയും അടക്കുകയും ചെയ്തു കൊണ്ടിരിക്കും എന്നല്ലാതെ മറ്റ് ഉപദ്രവങ്ങളൊന്നുമില്ല. ഉറങ്ങുന്നതുവരെ, അല്ലെങ്കിൽ ചൂട് മാറുന്നതു വരെ പെങ്ങൾമാരെ ബുദ്ധിമുട്ടിക്കാതെ അദ്ദേഹം അത് തുടർന്നുകൊണ്ടിരിക്കും.
ഇന്നും ചന്ദ്രേട്ടൻ ഇതു പോലെ തന്നെ ആയിരിക്കാം. അന്ന് വീണു കിടക്കുന്ന ഓടുകൾക്കിടയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഞാൻ കണ്ടിരുന്ന ആ ചിരി ഇന്നും ആ മുഖത്ത് വ്യക്തമായി കാണാം.