എന്താ അമ്മെ ഒരു വിഷമം പോലെ ?
ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ..
അതിനെന്താ ...
എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്ണുങ്ങളുടെയും ഒരു കാര്യേ .
എന്ത് കാര്യം .
നമ്മളൊക്കെ ചെറുപ്പത്തിലേ എന്തൊക്കെ പണികളാ ചെയ്തേ ..
അതാണോ , ഞങ്ങളും പണി എടുക്കാറില്ലേ .
ഉം ... അതൊന്നുമല്ല . അടിച്ചു വാരണം , അലക്കണം. വെള്ളം ഇല്ലാത്തപ്പോൾ ദൂരെയുള്ള തോട്ടിലാ അലക്ക് . അത് കഴിഞ്ഞാൽ അടുക്കളയിലെ കാര്യവും നോക്കണം. വൈകുന്നേരമാകുമ്പോൾ പശുവിനെ മേയ്ക്കാൻ പോണം അല്ലെങ്കിൽ പുല്ലു പറിക്കണം . അന്നൊക്കെ പത്തോ പന്ത്രണ്ടോ വയസ്സായിരിക്കും .
ആ പ്രായത്തിലോ ?
എന്നിട്ടെന്താ , പതിനെട്ട് വയസ്സാകുമ്പോളേക്കും കല്യാണം കഴിപ്പിക്കും . ഭർത്താവിന്റെ വീട്ടിൽ എത്തിയാൽ അവിടെയും പണിതന്നെ .
അതിന് സ്വന്തം വീട്ടിൽ ഇടയ്ക്ക് വന്ന് റെസ്റ്റൊക്കെ എടുത്തൂടേ. കല്യാണം കഴിഞ്ഞതല്ലേ പഴേ പോലെ ആയിരിക്കില്ലാലോ .
നല്ല കാര്യായി . അതിനൊന്നും സമ്മതിക്കില്ല. എങ്ങാനും കുറച്ച ദിവസം വീട്ടിൽ നിന്നാൽ, തിരിച്ചെത്തിയ ദിവസം മുതൽ എല്ലാരുടെയും മുഖഭാവവും പെരുമാറ്റവും കാണുമ്പോൾ തോന്നിപ്പോകും , പോകേണ്ടായിരുന്നെന്ന്.
സങ്കടാവില്ലേ ?
ഉം , സഹിക്കാൻ കഴിയാത്തപ്പോ കുളിമുറി പോയി കരയും .
ആരോടെങ്കിലും പറഞ്ഞൂടായിരുന്നോ
ആരോട് പറയാൻ . നാലഞ്ഞ് കൊല്ലം കൊണ്ട് രണ്ടോ മൂന്നോ കുട്ട്യാളാകും , അവരോടോ . അതിന് അവരെ ശരിക്കും പൊന്നാരിക്കാൻ വരെ സമയം കിട്ടുമോ. പ്രായമായാൽ മക്കളോ മരുമക്കളോ ഒരു താങ്ങായി വരുമെന്ന് സ്വപ്നം കാണും അത്ര തന്നെ .
നല്ല സ്വപ്നം തന്നെ .
സ്വപ്നല്ലേ ഉള്ളൂ . ഇപ്പോഴൊക്കെ ഓരോരോ കാരണങ്ങളല്ലേ ; പഠിക്കണം , പുതുമോടി , ഗർഭിണി , കുഞ്ഞിനെ നോക്കണം , ക്ഷീണം ... മുപ്പത് വയസ്സായാലും കുട്ടികളാണെന്നല്ലേ പറയുന്നേ . നമുക്കും ഒരു കുട്ടിക്കാലമൊന്നും ഇല്ലായിരുന്നോന്നാ ചിന്തിക്കുന്നേ.
അത് പിന്നെ ഗർഭിണികളെയൊക്കെ നന്നായി പരിഗണിക്കണല്ലോ .
ശരിയാ .. പരിഗണിക്കണം . ഒരു കാലത്തും ആരുടെയും പരിഗണന കിട്ടാത്തവർ നമ്മളല്ലേ.അന്നും ഇന്നും ഒരു ആനുകൂല്യവും കിട്ടാത്ത തൊഴിലാളികൾ.
No comments:
Post a Comment