വർഷങ്ങൾക്കു മുന്നേ ജൂൺ മാസത്തിലെ മഴക്കാറുള്ള രാവിലെയാണ് ആദ്യമായി പാതിരിയാട് സ്കൂളിൽ ഒരു വിദ്യാർത്ഥിയായി കയറിച്ചെല്ലുന്നത്. വലിയ വെള്ള തുണിയിൽ 'നവാഗതർക്ക് SFl യുടെ സ്വാഗതം ' എന്ന് ചുവന്ന മഷിയിൽ എഴുതി തൂക്കിയിട്ടതും വായിച്ചു കൊണ്ട് ഒരു കോട്ട പോലെ തോന്നിച്ച ആ സ്കൂളിൻ്റെ അകത്തളത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ എന്തോ ഒരു പരിഭ്രമം കൂട്ടിനുണ്ടായിരുന്നു. ആ വലിയ ചുമരുകളും ഉയരമുള്ള മേൽക്കൂരയും നീളമുള്ള സ്കൂൾ വരാന്തയും വിശാലമായ ക്ലാസ്സുകളും പരിചിതമല്ലാത്ത മുഖങ്ങളും എന്തെന്നറിയാത്ത വിചാരവികാരങ്ങളാണ് നൽകിയത്. ഇവിടെ പഠിക്കാനുള്ള ധൈര്യമുണ്ടോ, മുന്നോട്ടുവെച്ച ഓരോ കാൽവെയ്പ്പിനേയും മനസ്സ് ശക്തമായി പിന്നോട്ട് വലിക്കുന്നുണ്ടായിരുന്നു. വിശാലമായ സ്കൂൾ മൈതാനം കണ്ടതായിരുന്നു ആദ്യ ദിവസത്തെ ഏക ആശ്വാസം.
കോട്ടയം രാജാവിൻ്റെ പേരിലുള്ള ആ
സ്കൂളിൽ ചേരുന്നതിനു മുന്നേ തന്നെ അവിടെയുള്ള പല അധ്യാപകരെയും കുറിച്ച് ധാരാളം കേട്ടിരുന്നു അതിൽ കൂടുതലും സുരേന്ദ്രൻ മാഷിനെ കുറിച്ചായിരുന്നു. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കിട്ടിയിട്ടുള്ള അദ്ദേഹം ആ വർഷം സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. നല്ല വെളുത്ത താടിയുമായി പുഞ്ചിരിയോടെ കാണാൻ കഴിയുന്ന സുരേന്ദ്രൻ മാഷ് ഒരു സന്യാസിയെ പോലെ തോന്നിച്ചിരുന്നു. പൊതുവേ പ്രധാനാധ്യാപകർ ജോലി കൂടുതലുള്ളതിനാൽ വളരെ അപൂർവ്വമായി മാത്രമേ ക്ലാസെടുക്കാൻ പോകാറുള്ളൂ. അതിനാൽ തന്നെ നാട്ടുകാരും വീട്ടുകാരും പറഞ്ഞു കേട്ട പ്രസിദ്ധമായ അദ്ദേഹത്തിൻ്റെ ബയോളജി ക്ലാസിൽ ഇരിക്കാനുള്ള ഭാഗ്യമുണ്ടായില്ല എന്നത് ഇന്നും ഒരു നഷ്ടമായി തോന്നുന്നു. മാഷിന് ചില പ്രത്യേകതകളൊക്കെ ഉണ്ടായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടവരെ അദ്ദേഹം പെട്ടന്നൊന്നും മറക്കാറില്ല. കാലങ്ങൾ കഴിഞ്ഞ് ഏത് ആൾക്കൂട്ടത്തിനിടയിൽ കണ്ടാലും പേരോർത്ത് വിളിക്കുമായിരുന്നു.
എട്ടാം തരത്തിലെ ക്ലാസ് ടീച്ചർ അധികം ഉയരമില്ലാതിരുന്ന നാരായണൻ മാഷായിരുന്നു. പൊതവേ പാൻറിട്ട് വരുന്ന മാഷ് ഓരോ കുട്ടികളോടും ഏതാണ് പ്രയാസമുള്ള വിഷയം എന്ന് ചോദിച്ച് മനസ്സിലാക്കുമായിരുന്നു. ക്ലാസ് ടീച്ചർ ആയതു കൊണ്ടോ എന്നറിയില്ല മാഷിനോട് ഒരു ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു. അപൂർവം ചില അവസരങ്ങളിൽ നാരായണൻ മാഷ് മുണ്ട് ധരിച്ച് വന്നത് എല്ലാവർക്കും ഒരു കൗതുകമായിരുന്നു.
എട്ടാം ക്ലാസിൽ കണക്ക് പഠിപ്പിച്ചത് ചിരിച്ചുകൊണ്ട് ക്ലാസ്സിൽ കയറി വരുന്ന മമ്മൂട്ടി മാഷായിരുന്നു. തമാശ പറയുന്നതിനോടൊപ്പം പേടിപ്പിക്കുന്ന ആജാനബാഹുവായ ആ മാഷിൻ്റെ ക്ലാസിൽ ചിരിക്കണോ പേടിക്കണോ എന്ന സംശയമായിരുന്നു പലപ്പോഴും. നിഖിൽ ജി യെ ജഗൽജി എന്ന് വിളിച്ച് കളിയാക്കുന്നത് മാഷിനൊരു രസമായിരുന്നു. മറ്റ് കുട്ടികൾ ആരെങ്കിലും അവനെ അങ്ങിനെ വിളിച്ചാൽ മാഷ് അവരെ പേടിപ്പിക്കുകയും ചെയ്യുമായിരുന്നു.
തൃശൂർച്ചുവയിൽ സംസാരിച്ചിരുന്ന നീലകണ്ഠൻ മാഷായിരുന്നു മലയാളം പഠിപ്പിച്ചിരുന്നത്. മാഷിൻ്റെ മകനും ഞങ്ങളുടെ ക്ലാസ്സിൽ ആയിരുന്നു. ലളിതമായ രീതിയിൽ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹം പുതിയ ഷർട്ടോ മുണ്ടാ ധരിച്ചതായി ഒരിക്കലും തോന്നിയിരുന്നില്ല. പലപ്പോഴും മാഷ് സ്കൂൾ സ്റ്റോപ്പിനു ഒരു കിലോമീറ്റർ അകലെയുള്ള കുറ്റിപ്പുറം പോസ്റ്റ് ഓഫീസിൽ ബസിറങ്ങി സ്കൂളിലേക്ക് നടക്കുമായിരുന്നു. സ്കൂൾ വിട്ടാലും അവിടം വരെ നടന്നു പോയി ബസ് കയറും. പോസ്റ്റോഫീസ് സ്റ്റോപ്പിൽ ബസ് സ്റ്റേജിൽ വ്യത്യാസമുള്ളതിനാൽ ചെറിയൊരു പൈസയുടെ കുറവ് അദ്ദേഹത്തിന് യാത്രയിൽ കിട്ടുമായിരുന്നു. ഇന്നും അനാവശ്യമായി എന്തെങ്കിലും പൈസ ചെലവാക്കുമ്പോൾ പ്രിയപ്പെട്ട നീലകണ്ഠൻ മാഷിനെ ഓർത്തു പോകാറുണ്ട്.
ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവവും പഠിപ്പിച്ചിരുന്ന ശ്രീമതി ടീച്ചറും സൾഫ്യൂരിക് ആസിഡിൻ്റെ രാസനാമം പഠിപ്പിച്ച സരോജിനി ടീച്ചറും വലിയ കൂട്ടുകാരായിരുന്നു. അവരെ എന്നും എപ്പോഴും ഒന്നിച്ച് മാത്രമേ കാണാറുണ്ടായിരുന്നുള്ളൂ. ചരിത്രത്തിന് രസതന്ത്രവുമായുള്ള അഭേദ്യ ബന്ധം ആ കാലത്താണ് ശരിക്കും മനസ്സിലാക്കാൻ കഴഞ്ഞത്.
'ഓണം ഹമാരാ ദേശീയ ത്യോഹാർ ഹേ ഓണം കാ ദസ് ദിൻ പഹലേ അത്തം ആതാ ഹേ' എന്ന് മനപ്പാഠം പഠിപ്പിച്ച രാജു മാഷിൻ്റെ ഹിന്ദി ക്ലാസും ചെമ്പരത്തി പൂവിൻ്റെ ചിത്രം വരച്ച ലിസി ടീച്ചറുടെ ബയോളജി ക്ലാസും എട്ടാം ക്ലാസിൽ ആയിരുന്നു.
തൻ്റെ ചിത്ര കലയുടെ പാടവം മുടി ഒതുക്കുന്നതിൽ തെളിയിച്ച മോഹനൻ മാഷും എപ്പോഴെങ്കിലു ക്ലാസ്സിൽ സംഗീതം പഠിപ്പിക്കാനായി വരുന്ന ദിലീപൻ മാഷും തുന്നൽ പഠിപ്പിച്ചിരുന്ന ഷീബ ടീച്ചറും എട്ടാം ക്ലാസിലുണ്ടായിരുന്നു. മോഹനൻ മാഷ് ബോർഡിൽ ചിത്രം വരയ്ക്കുന്നത് കണ്ടു പലപ്പോഴും ആശ്ചര്യപെട്ടിട്ടുണ്ട്. ദിലീപ് മാഷ് നന്നായി പാടുമായിരുന്നു. ക്ലാസ് തുടങ്ങുമ്പോൾ തന്നെ സംഗീതത്തിന് ഒരു നോട്ട്ബുക്ക് വേണമെന്ന് പറഞ്ഞിരുന്നു. അതിൽ ആദ്യമായി അവസാനമായും എഴുതിയിരുന്നത് ഒരേയൊരു പാട്ടായിരുന്നു . വെള്ളത്തുണിയിൽ പല നിറത്തിലുള്ള നൂലുകൾ കൊണ്ട് പൂക്കളും മറ്റു ചിത്രങ്ങളും തുന്നുന്ന ഷീബ ടീച്ചറുടെ ക്ലാസ്സ് ആൺകുട്ടികളെക്കാൾ കൂടുതൽ ചിലപ്പോൾ പെൺകുട്ടികൾ ആയിരിക്കും ആസ്വദിച്ചിരിക്കുക.
ആഴ്ചയിൽ രണ്ടു PT ക്ലാസ് ഉണ്ടായിരുന്നു. ആറ്റുനോറ്റു കാത്തിരിക്കുന്ന P T ക്ലാസിനു വേണ്ടിയാണ് സ്കൂളിൽ വരുന്നതെന്ന് തന്നെ പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. മഴയുള്ള ദിവസങ്ങൾ ശ്രീധരൻ മാഷ് ഗ്രൗണ്ടിലേക്ക് വിടില്ല. അല്ലാത്ത സമയങ്ങളിൽ ഗ്രൗണ്ടിൽ എത്തിയാൽ മാഷുടെ വക എക്സസൈസ് ചെയ്യിപ്പിക്കൽ ഉണ്ട്. അതിനുശേഷം മാത്രമേ ഫുട്ബോൾ കിട്ടുകയുള്ളൂ. വ്യാഴാഴ്ചയിലെ അവസാന പീരിഡിലെ ഞങ്ങടുടെ P T സമയത്തു തന്നെയായിരുന്നു ഏഴാം ക്ലാസിനും P T. ഏഴാം ക്ലാസും എട്ടാം ക്ലാസും തമ്മിലുള്ള ഫുട്ബോൾ മാച്ചായിരുന്നു എല്ലാ വ്യാഴാഴ്ചയുടെയും പ്രത്യേകത. ഏതെങ്കിലും മാഷ് അവധി ആയാൽ ആ സമയം ഗ്രൗണ്ടിൽ കളിക്കാൻ പോകാനായി മാഷുടെ അനുവാദം തേടാറുണ്ട്. ചിലപ്പോഴൊക്കെ മാഷ് സമ്മതിച്ചിട്ടുമുണ്ട്.
എല്ലാത്തിനും അപ്പുറം എട്ടാംക്ലാസിൽ ഞങ്ങൾ പേടിച്ചിരുന്ന മറ്റൊരു മാഷ് ഉണ്ടായിരുന്നു. ഞങ്ങൾക്ക് ക്ലാസ്സെടുക്കുന്നില്ലെങ്കിലും ഓരോരുത്തരുടെയും മനസ്സിൽ ഭീതി നിറച്ചിരുന്ന അനന്തൻ മാഷ്. എട്ടാം ക്ലാസിനു തൊട്ടപ്പുറത്തുള്ള പത്താം ക്ലാസിൽ അദ്ദേഹം കണക്ക് ക്ലാസെടുക്കുന്നതിൻ്റെ ശബ്ദകോലാഹലങ്ങൾ ഭയപ്പാടോടെ ഞങ്ങൾ കേട്ടിരുന്നു. ദേഷ്യം പിടിച്ച് മാഷ് പുസ്തകം വലിച്ചെറിയുന്ന ശബ്ദം പലപ്പോഴും ഞങ്ങൾ 8 A യിൽ ഇരുന്നു കൊണ്ട് അറിയുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഭയത്തിന് കാരണം മറ്റൊന്നുമായിരുന്നില്ല, 9 A യിൽ കണക്ക് പഠിപ്പിക്കുന്നത് അനന്തൻ മാഷ് ആണെന്ന യാഥാർത്ഥ്യമാണ്. ഒൻപതാം ക്ലാസിലെ കണക്ക് ക്ലാസ് വിചാരിച്ച് എട്ടാം ക്ലാസ് മുതൽ ഞങ്ങൾ പേടിച്ചു തുടങ്ങി. അനന്തൻ മാഷിനെയും മാഷിൻ്റെ ക്ലാസിനേയും കുറിച്ചുള്ള പല കഥകളും പലയിടത്തായി പറഞ്ഞു കേട്ടത് ഞങ്ങളുടെ ഭയത്തെ വർധിപ്പിച്ചതേയുള്ളൂ . അനന്തൻ മാഷിൻ്റെ കണക്ക് ക്ലാസ്സ് എങ്ങനെ കഴിഞ്ഞുകൂടും എന്ന് പേടിച്ച് ഒൻപതാം ക്ലാസിൽ എത്തിയപ്പോഴാണ് അത് സംഭവിച്ചത്.
തുടരും...
No comments:
Post a Comment