ആശയം ഏതുമാകാം
അത് സ്വാതന്ത്രമാണ്
പക്ഷെ,
ഏതെങ്കിലും വിശ്വാസത്തിൻമേൽ
അടയിരിക്കുന്നതല്ലെന്നും
ഒരു ദേശത്തിലായി ഒതുങ്ങുന്നതല്ലെന്നും
അതെന്ന് സ്വപ്നം കാണാം
വാക്കിലും നോക്കിലും കരുണ പൊഴിയും
പ്രപഞ്ചത്തിൻ്റെ സ്പന്ദനമാണതെന്നും
വെറുതെയെങ്കിലും സ്വപ്നം കാണാം.
അനന്ത നീലിമയില് പറന്നുയരാനുള്ള സ്വപ്നവുമായി വിരിയാന് തുടിക്കുന്ന അക്ഷരകുഞ്ഞുങ്ങള്ക്കായി കൊഴിഞ്ഞുവീണ കാലത്തിന്റെ തൂവല് സ്പര്ശത്തില് പ്രണയവും വിരഹവും നെയ്തെടുത്ത കിളിക്കൂട്...
December 10, 2025
ആശയം
December 09, 2025
പ്രതി
തോക്കാണ് പ്രതി
കാഞ്ചി വലിച്ചവർ അകലെയെങ്ങോ...
തോൽക്കില്ലെന്ന് നിശ്ചയിച്ച
മനസ്സിൻ്റെ മുന്നിൽ
എത്രനാൾ ഇനിയും മറഞ്ഞിരിക്കും.
November 23, 2025
വിശപ്പ്
വിശക്കണം
ഭക്ഷണം വേണം
കഴിക്കാനാകേണം
പതിനായിരങ്ങൾ വിശന്നിരിക്കുമ്പോൾ
ദാഹജലത്തിനായി അലയുമ്പോൾ
ആക്രമങ്ങളുടെ മൂർച്ച കൂട്ടാനുള്ള
നീണ്ട ചർച്ചകൾ മാത്രം
കൊന്നുതള്ളിയതിന്റെ കണക്കിൽ ജയാപജയങ്ങൾ വാദിക്കവേ
അറുപതു കോടി വയറിന്റെ
വിശപ്പിനെ കുറിച്ച്
എന്ന് ചിന്തിച്ചു തുടങ്ങും
വിശക്കാത്ത വയറുകളോട്
വിശപ്പിന്റെ കഥകൾ
പറഞ്ഞിട്ടും എന്താണ്.
November 22, 2025
ആ ലോകം
മതങ്ങളുടെ രാജ്യങ്ങളുടെ അതിർ വരമ്പുകളില്ലാത്ത ലോകം
വിശ്വാസങ്ങളിൽ രാഷ്ട്രീയങ്ങളിൽ
രക്തം പൊടിയാത്ത
ഭൂമിയിലാരും എവിടെയും
വിദേശിയാകാത്ത കാലം
സ്വപ്നമാകാം പക്ഷെ
അകലെയാകില്ലെന്ന
വിശ്വാസമാണ് ആ ലോകം.
November 14, 2025
ഈ യാത്ര
ചില യാത്രകൾ അങ്ങിനെയാണ്
വഴിനീളെ വിരിഞ്ഞ
പൂക്കൾ സാക്ഷിയായി
പെയ്തൊഴിയും കുളിർ മഞ്ഞിൽ
കൈപിടിച്ച് കൂടെ നടക്കാമെന്ന മോഹം
വേനലിൽ എരിഞ്ഞു പോയത്
അറിഞ്ഞിരിക്കില്ല .
താരകങ്ങൾ കഥപറയും രാവിൽ
ഉറങ്ങാതെ കൂട്ടിരിക്കാമെന്ന സ്വപ്നം
കർക്കിട രാവിലെ പേമാരിയിൽ
ഒലിച്ചു പോയതറിയാതെ
ഇനിയും പ്രതീക്ഷയാകാം
യാത്ര തുടരുകയാകാം.
April 20, 2025
നാഥാ
ഒരു പുഞ്ചിരിയായി നീ
വിടർന്നാൽ
മിഴികളിൽ കരുണയും
മൊഴികളിൽ സ്നേഹവും
പൊഴിയും
ഒരു മെഴുതിരി വെട്ടമായി
ഇരുളിൽ ആശ്വാസമായി
വഴികാട്ടിയാകും
ചിന്തകൾ നൈർമല്യമായി
കർമങ്ങൾ പരിശുദ്ധമായി
അഭയഹസ്തമായി
ആ കൃപ ചൊരിയും
ഉയിരിൽ
ഉയർത്തെഴുന്നേറ്റാലും
ഒരു പുൽക്കൂടൊരുക്കി
ഉള്ളം കാത്തിരിപ്പേറെയായി നാഥാ.
March 25, 2025
നേരമായില്ല
നീല കമ്പളം പുതച്ചുറങ്ങും
ആകാശം
നക്ഷത്ര കൺകൾ
ചിമ്മി ചിമ്മി പറഞ്ഞു
ഉറങ്ങാൻ നേരമായെന്ന് .
കൂമ്പിയ മിഴികളുമായി
ചെമ്പരത്തിയും
പുലരെ വിരിയാനായി
ഈ രാവിൽ അണിഞ്ഞൊരുങ്ങും
ചെമ്പനീർ പൂമൊട്ടും
പതുക്കെ പറഞ്ഞു
ഉറങ്ങാൻ നേരമായെന്ന്.
കൃഷ്ണ പാദങ്ങളെ
പ്രണയിക്കും തുളസിയും
ആ തപസ്സിനിടയിൽ
നെറുകയിൽ വീണ
മഞ്ഞുതുള്ളിയോടൊപ്പം മന്ത്രിച്ചു
ഉറങ്ങാൻ നേരമായെന്ന്.
അകലെ നിന്നെങ്ങോ
രാക്കിളിയും അത് മൂളി
പക്ഷെ നേരമായില്ല
സ്വപ്നങ്ങളെ മാടിവിളിക്കും നക്ഷത്രങ്ങൾ
ഇഷ്ടങ്ങളെ നോക്കി
പുഞ്ചിരിതൂകവേ
പ്രതീക്ഷയായി ജ്വലിക്കവേ
അതിനാകുമോ?
ഇനി ഒരുനാൾ
അനന്തനീലിമയിലെ താരകങ്ങൾ
കൈവെള്ളയിൽ വന്നണയാൻ ഉണർന്നിരിക്കണമെന്നും അറിയാം.
March 17, 2025
രാത്രി മഴ
മഴ ചോർന്നില്ല
രാത്രി നേരമിത്രയും
ഇളം കാറ്റിനൊപ്പം പതിയെ
മുത്ത് പൊഴിയുകയാണ്
കൂടെ വന്ന ഇളം കാറ്റിന്
ഇന്നും വികൃതിയാണ്
ഒന്നും പറയാതെ
കുളിരിനൊപ്പം ഓർമകളെയും
തഴുകുകയായി.
കാലങ്ങൾ എത്ര
പുറകിലായെന്നറിയില്ല
മാറി മറയുന്ന ചിത്രങ്ങൾ
കഥകളെത്രയോ പറയുകയായി
എത്ര തവണ
കേട്ടുവെന്നറിയില്ല
എങ്കിലും രാത്രി മഴയിൽ
അത് കേൾക്കാൻ
ഇന്നും കൊതിയായി.
തിരിച്ച് പോകാൻ ആകില്ല
അത് അകലെയാണ്.
രാത്രി മഴ ഇപ്പോഴും
പൊഴിയുകയാണ്
കുളിരിളം കാറ്റും
കൂടെയാണ്.
March 13, 2025
കാത്തിരിപ്പ്
ആ കാത്തിരിപ്പിനു വിരാമമായി
മഴ പെയ്തിറങ്ങി
കാറ്റ് മുന്നേ വന്നു
വരവറിയിച്ചതും
സ്വീകരിക്കാനായി മണ്ണ്
ഒരുങ്ങിയിരുന്നു
പരിഭവമെന്നോണം
ഇടയ്ക്കിടെ മിന്നൽ പിണരുകൾ
എങ്കിലും വേനലിൽ തീജ്വാലകളായ
മണ്ണിന്റെ ദീർഘനിശ്വാസങ്ങൾ
ഈ രാവിൽ കുളിരേകും തലോടലായി
രാത്രി മാഞ്ഞതും
മഴ യാത്ര പറഞ്ഞിരുന്നു
ഇനി തനിച്ചാണ്
എങ്കിലും ഈ പുലരിയിൽ
മണ്ണ് നിർവൃതിയിൽ
മയങ്ങുകയാണെന്ന് തോന്നും
ഉണർന്നാൽ ഇനി വീണ്ടും
കാത്തിരിക്കേണ്ടതാണ്.
March 08, 2025
രാവും പകലും
ഓരോ രാവും
ഒരായിരം കിനാക്കളിൽ
പുതച്ചുറങ്ങി
മഞ്ഞിൻ കുളിർ തലോടലിൽ
പ്രതീക്ഷയുടെ പുലരിയായി
ഓരോ പുലരിയും
ഒരായിരം പ്രയത്നങ്ങളെ
തുഴഞ്ഞ്
വിയർപ്പിൻ കുളിരിൽ
നിർവൃതിയുടെ സായാഹ്നമായി
ഒരോ സായാഹ്നവും
പരസ്പര വിശ്വാസത്തിൻ
അണയാത്ത ദീപപ്രഭയിൽ
സ്നേഹപൂർവം രാവുകളായി
രാവും പകലും
പരസ്പരം കാത്തിരിപ്പാണ്
കാണില്ലെന്നറിയാം
അരികിലായി വന്നാൽ
ദൂരെയായി പോകണമെന്നറിയാം
ആ പ്രണയം
അത് അങ്ങനെയാണ്.
March 06, 2025
സാക്ഷി
അന്നേ.. പ്രണയം
നിൻ കൈകളിൽ
ഏല്പിച്ചതാണ്
ഇന്നും അത്
സുരക്ഷിതമാണെന്നറിയാം.
രണ്ടു ദശാബ്ദങ്ങളായി
പെയ്തുപോയ മഴയും മഞ്ഞും
പെയ്തൊഴിയാത കണ്ണുനീരിൽ
കാണാതെ പോയിരിക്കാം.
ചുട്ടു പൊള്ളുന്ന
വേനലിൻ ചൂടും
അണയാത്ത നെഞ്ചിലെ
കനലിൽ
അറിഞ്ഞില്ലായിരിക്കാം
ഋതുചക്ര പ്രവാഹത്തിനപ്പുറവും
നാം കാത്തിരിക്കും
തിരിച്ചു വേണമെന്നു പോലും
പറയാതെ
സൂക്ഷിക്കാനായി
അന്ന് കൈമാറിയതിന്
കാലം മൗന സാക്ഷിയാണ്.
January 06, 2025
കാത്തിരിക്കാം
ഏത് കാലൊച്ചയ്ക്കായി
നിമിഷമോരോന്നും
കാതോർത്തിരിപ്പു നീ
ഏത് പൂവിൻ സുഗന്ധത്തിനായി
കാലമേറെയായി
അലയുന്നു നീ
ഏത് നിലാവിൻ അഴകിനായി
ഇമയണയാതെ
കാത്തിരിപ്പു നീ
ഏത് പുലർകാലം
വന്നണയുവാനായി
എന്നോ ധ്യാനിച്ചിരിപ്പു നീ
മഴയായി വെയിലായി കാറ്റായി
ആ പ്രതീക്ഷകൾ
സ്വപ്നങ്ങൾ...
എല്ലാം ഒളിപ്പിച്ചു വെച്ച് കാലവും
കൊഴിഞ്ഞു പോവുകയായി
കാത്തിരിക്കാം
ജീവശ്വാസം തുടരും വരെയും
അതിനപ്പുറവും
ഏതു ജന്മാന്തരത്തിൽ
വന്നുചേരുമെന്ന് അറിയാതെ
പ്രതീക്ഷയോടെ എന്നും
കൃഷ്ണാ...
സൊറ -4
എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...
-
വർഷങ്ങൾക്കു മുന്നേ ജൂൺ മാസത്തിലെ മഴക്കാറുള്ള രാവിലെയാണ് ആദ്യമായി പാതിരിയാട് സ്കൂളിൽ ഒരു വിദ്യാർത്ഥിയായി കയറിച്ചെല്ലുന്നത്. വലിയ വെള്ള തുണിയ...
-
കാലങ്ങൾ മുന്നേ ഒറ്റപ്പെട്ട വഴിയിൽ പകച്ചു നിന്ന എന്നോടായിരുന്നു ആദ്യ സമരം. സ്തബ്ധമായ നാവ് ചലിപ്പിക്കാൻ നഷ്ടമായ ചിന്തകളെ വീണ്ടെടുക്കാൻ വിപ്ല...
-
ചെറുപ്രായത്തിൽ ആ വഴികളിൽ നിറമുള്ള പൂവുകളായിരുന്നു. മുള്ളുകളും പതുങ്ങിയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയ ബാല്യത്തിൽ, ഒരുനാൾ വീണുപോയ...