November 28, 2021

പ്രണയം

 എന്താണ് പ്രണയം..

കൺപീലിയിടയിൽ വിടരും 

തീനാളമോ

വഴികളിലെന്നും കാത്തുനിൽക്കും

തീരാ പ്രതീക്ഷയോ

അകലെയായാലും അടുത്തു കാണും

മരീചികയോ

അനിർവചനീയമായ ബോധതലത്തിലെ

നിതാന്ത മൗനമോ

ആത്മഹർഷത്തിൻ്റെ

അത്യുന്നമാം മോക്ഷമോ?


ഇതൊന്നുമായിരിക്കില്ല...

ചിലപ്പോൾ ഒരു ചിരിയായി

വരുന്ന പ്രണയം

ഒരു ധൈര്യമാകാം

സാന്ത്വനമാകാം

തനിച്ചല്ലെന്നുള്ള വിശ്വാസമാകാം.

November 14, 2021

സ്വപ്നങ്ങൾ...

സ്വപ്നങ്ങൾ ചിലപ്പോൾ 

അന്യമായി തീർന്നത്

ഒരുനാൾ തിരികെയെത്തുമെന്ന

പ്രതീക്ഷയാകാം.


പ്രിയമായിരുന്നത്

ഒരു മഴയിലോ ഇളം വെയിലിലോ നിലാവിലോ 

വന്നണയുമെന്ന വിശ്വാസമാകാം.


നെടുവീർപ്പുകൾക്കിടയിൽ

എന്നോ തഴുകി വന്ന മയക്കം 

ഒരു നിമിഷമേകിയ ആശ്വാസമാകാം

 

കാത്തുനിൽപ്പിലെ വർഷങ്ങളിൽ

പെയ്തുപോയ ഋതുഭേദങ്ങളിൽ

മാറ്റമില്ലാതെ സ്വപ്നങ്ങളേ

നിങ്ങൾ കൂടെയുണ്ടെങ്കിൽ

ആ ഒരു നാൾ വരാതെ ആകില്ല

ആ ചിറക് മുളയ്ക്കാതെ ആകില്ല.


September 06, 2021

ആ നാളുകൾ

ഋതുക്കൾ  മാറിമാറി
വർഷങ്ങൾ കൊഴിഞ്ഞു പോയ
രണ്ട് ദശാബ്ദങ്ങൾക്കിപ്പുറം
ആ പഴയ ക്ലാസ്സിലേക്ക് ജനപാളികൾക്കിടയിലൂടെ നോക്കവേ 
അവിടെ ഇരിക്കുന്ന കൂട്ടുകാരെ കാണാം,
ക്ലാസിന്റെ ശബ്ദം കേൾക്കാം.
ആ ബെഞ്ചുകളിലൂടെ പല മുഖങ്ങളും
ഒർമകളിൽ വെള്ളി  വെളിച്ചം തെളിച്ചു പോയെങ്കിലും 
എന്തോ എന്നെ മാത്രം കാണാനായില്ല.
എങ്കിലും കാത്തുനിൽക്കുന്ന ഒരാളെ കണ്ടു ജനവാതിലിലൂടെ പുറത്തേക്ക് നോക്കുന്ന ആ കണ്ണുകൾ ഞാൻ കണ്ടു.

എന്നു വീണ്ടെടുക്കും 
ഏതു ജന്മാന്തരങ്ങളിൽ ഇനി ഒത്തു ചേരും എന്ന ചിന്തയിൽ    
നഷ്ട ബോധത്തിന്റെ വേദനയും പേറി
തിരിച്ചു  പോരാൻ നോക്കവേ 
കാലങ്ങൾക്കിപ്പുറം സഞ്ചരിച്ച ഒരു എഴുത്ത് ആരും കാണാതെ  കൈവെള്ളയിൽ വന്ന് വീണു.
കീറിക്കളഞ്ഞ അക്ഷരങ്ങൾക്കൊപ്പം
നഷ്ടമാക്കിയ സ്വപ്നത്തെ വീണ്ടെടുക്കാൻ 
ആ വരാന്തകൾക്കിടയിൽ ഞാൻ ആ നാളുകളെ തിരയുകയായിരുന്നു.

August 29, 2021

ചൊക്കിയും മക്കളും

കഴിഞ്ഞ വർഷം ഇതുപോലെ ഒരു മഴക്കാലത്താണ് ഞങ്ങൾ നാട്ടിൽ എത്തിയത്. ആദ്യ ദിവസം തന്നെ ഒരാൾ വീട്ടു മുറ്റത്തെ തിണ്ടിൽ  വന്നിരുന്നു. പുതിയതായി  വന്നത്  ആരാണെന്നറിയാൻ  ചുറ്റിപ്പറ്റി നിന്നു.  അത് കണ്ട് നന്ദു പറഞ്ഞു "ഇത് എൻ്റെ പൂച്ചയാണ്,  ചൊക്കി. ". 

രണ്ടുമൂന്നു ദിവസം ചൊക്കി വീട് പരിസരത്ത് വന്നു പോയിക്കൊണ്ടിരുന്നു. വിചാരിച്ചതുപോലെ മീനു കിട്ടാത്തത് കൊണ്ടായിരിക്കണം പിന്നീടങ്ങോട്ട് അതിൻ്റെ വരവ് കുറഞ്ഞുവന്നു. ഗർഭിണിയായ അതിനോട് ഇടയ്ക്ക് അമ്മ പറയുകയും ചെയ്തു "ഞങ്ങളെല്ലാം വെജിറ്റേറിയനാണ് പൂച്ചേ..''

നന്ദു പറഞ്ഞതുപോലെ ചൊക്കി അവൻ്റെ പൂച്ചയാണോ എന്ന കാര്യത്തിൽ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല. എങ്കിലും ചൊക്കിയുടെ പ്രൊപ്രൈറ്റർ താനാണെന്നാണ് നന്ദുവിൻ്റെ എന്നത്തെയും ഭാവം. അവൻ ആ പൂച്ചയെ സ്നേഹത്തോടെ പലപ്പോഴും കുഞ്ഞൂ .. എന്നാണ് വിളിക്കാറ്. നന്ദുവിൻ്റെ ശബ്ദം കേട്ടാൽ  ആ പരിസരത്തായി അത് വന്ന നിൽക്കുകയും ചെയ്യും.  ബിസ്ക്കറ്റോ ചോക്ലേറ്റോ കിട്ടിയാൽ  തൻ്റെ കുഞ്ഞനിയത്തി മാളുവിന് കൊടുത്തില്ലെങ്കിലും ചൊക്കിക്ക് അവൻ കൊടുക്കും. അതിനാൽ തന്നെ മാളുവിനെക്കാൾ  ചൊക്കിയെയാണ് നന്ദുവിന് ഇഷ്ടം എന്ന് പലരും തമാശയായി പറയാറുണ്ട്. ആ കാര്യത്തിൽ മാളുവിനും ഇത്തിരി പരിഭവമില്ലാതില്ല.

സ്ഥിരം വരുന്ന മീൻകാരൻ്റെ സ്കൂട്ടർ ദൂരെയായി കണ്ടാൽ  " അമ്മമ്മേ... ഉച്ചൂക്കാ ''  എന്ന് വിളിച്ച് നന്ദു റോഡിലേക്ക്  ഓടും. പലപ്പോഴും ചൊക്കിയും കൂടെ കാണും. ഉച്ചൂക്കയുടെ അടുത്തുനിന്ന് ചൊക്കിക്ക് വേണ്ട മീൻ അവൻ എങ്ങിനെയെങ്കിലും ഒപ്പിച്ചെടുക്കുകയും ചെയ്യും.  കാര്യങ്ങൾ ഇങ്ങനെ നടന്നു പോകുന്ന വഴിയിൽ ഒരു ദിവസം നന്ദു വന്നു പറഞ്ഞു, "ചൊക്കി പ്രസവിച്ചു . മൂന്നു കുട്ടികൾ. കാണാൻ നല്ല ഭംഗിയുണ്ട് ''.

അവൻ പറഞ്ഞത് ശരിയായിരുന്നു. ചൊക്കി യുടെ മക്കളെ കാണാൻ നല്ല ഭംഗിയായിരുന്നു. കുട്ടികളുടെ കാര്യത്തിൽ ആ അമ്മ വളരെ ശ്രദ്ധാലുവായിരുന്നു. എങ്കിലും ഇടയ്ക്ക് കുട്ടികളിൽ ഒന്നിനെ കാണാതായി. ആ സംശയത്താലാകാം വീടിൻ്റെ പരിസരത്തായി കണ്ടൻപൂച്ചയെ കണ്ടാൽ എറിഞ്ഞ് ഓടിക്കുന്നത് നന്ദു പതിവാക്കിയത്. സാവധാനം ചൊക്കിയുടെ രണ്ട് കുട്ടികൾ വളർന്നു. അവർ അമ്മയുടെ പുറകെ നടക്കാൻ തുടങ്ങി.

ബേക്കറി പലഹാരങ്ങൾ ചൊക്കിക്ക് വളരെ ഇഷ്ടമാണ്. ഇടയ്ക്ക് വന്നപ്പോൾ അത് കൊടുത്തതിനാൽ പിന്നീടങ്ങോട്ട് വൈകുന്നേരത്തെ ചായ സമയത്ത് ചൊക്കിയും  മക്കളും വീട്ടുമുറ്റത്ത് തമ്പടിക്കൽ പതിവാക്കി.

കുട്ടികൾ ഇത്തിരി വളർന്നു . എങ്കിലും അമ്മയെ തന്നെ ചുറ്റിപ്പറ്റി നടക്കും. അമ്മ എന്തു ചെയ്യുന്നുവോ അത് അവരും ചെയ്യും. മണ്ണിൽ കിടന്നുരുളുക , കൈകൾ കൊണ്ട് മുഖം തുടയ്ക്കുക തുടങ്ങി എവിടെയും അമ്മയെ അനുകരിക്കും. ചൊക്കി കോലായുടെ  ഒരുഭാഗത്ത് ഇരുന്നാൽ സ്ഥലമില്ലെങ്കിലും തൊട്ടുരുമി രണ്ടു കുട്ടികൾക്കും അടുത്ത് തന്നെ ഇരിക്കണം. പക്ഷെ, വീണ്ടും ഗർഭിണിയായപ്പോൾ  മകളുടെ  ഈ ചുറ്റിപ്പറ്റി കളി ചൊക്കിക്ക് അത്ര രസിച്ചില്ല. കഴിവതും മാറി നിന്നു പക്ഷെ കുട്ടികൾ വിടാതെ പിന്തുടർന്നു. ഇടയ്ക്ക് ഒച്ചയാക്കി..  പേടിപ്പിച്ചു... അവിടെയും രക്ഷയില്ല. ഇത്തിരി സമയത്തിനു ശേഷം കുട്ടികൾ വീണ്ടും  അടുത്തു വന്നിരിക്കും. ഒരിക്കൽ സഹികെട്ട് ചൊക്കി  മരത്തിൻ്റെ മുകളിലെ ഒരു ചില്ലയിൽ  കയറിയിരുന്നു,  പുറകെ തൊട്ടു താഴെയുള്ള ചില്ലയിൽ മക്കളും വന്നിരുന്നു. അവസാനം ചൊക്കി പരാജയം സമ്മതിച്ചു . തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ തെളിക്കുക എന്ന രീതിയിൽ മക്കളുടെ സ്നേഹവും പരസ്പരമുള്ള വികൃതിയും കണ്ടുകൊണ്ട്  അവരുടെ അടുത്തുനിന്ന് മാറാതെ നിന്നു.

ഇടയ്ക്ക് മക്കൾ റോഡിലേക്ക് ഇറങ്ങുമ്പോഴോ, ഏതെങ്കിലും കണ്ടൻപൂച്ച അടുത്തുണ്ടെങ്കിലോ ചൊക്കി തലയുയർത്തി മക്കളെ ഒന്ന് നോക്കും. ഏത് കണ്ടൻ വന്നാലും ചൊക്കിയുടെ മക്കളെ തൊടാൻ ആകില്ല.  ചെറുതായതിനാൽ ഏത് മരത്തിൻ്റെയും എത്ര മുകളിൽ കയറാനും ആ കുട്ടികൾക്ക് കഴിയുമായിരുന്നു.

പക്ഷെ കഴിഞ്ഞ കുറേ ദിവസമായി ചൊക്കി യുടെ ഒരു കുട്ടിയെ കാണാനില്ല. കുറുക്കൻ പിടിച്ചതോ മറ്റെന്തെങ്കിലും സംഭവിച്ചതോ ആർക്കും  ഒന്നും അറിയില്ല.

ചൊക്കിയുടെ കുട്ടിയെ ആരോ കൊന്നതാണ് എന്ന സംശയം നന്ദുവിനുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം ചായ ഗ്ലാസെടുത്തപ്പോൾ വിജേഷേട്ടൻ്റെ കൈയ്യ് ഒന്ന്  വിറച്ചു. അപ്പോൾ തന്നെ നന്ദു അത് തുറന്നു ചോദിച്ചു '' ചൊക്കിയുടെ കുട്ടിയെ കൊന്നത്  കെകെ ആണോ "? വിജേഷേട്ടനെ കെകെ  എന്നാണ് അവൻ വിളിക്കാറ്. പൂച്ചയെ കൊന്നാൽ കൈയ്യ് വിറയ്ക്കും എന്ന്  പണ്ടേ എല്ലാവരും പറയാറുണ്ടല്ലോ ..

നന്ദുവിൻ്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചുവെങ്കിലും പറമ്പിലൂടെ രാത്രി പോകുന്ന കുറുക്കന്മാരിൽ ആരുടെ കൈയ്യാണ് വിറയ്ക്കുന്നത് എന്ന് നോക്കിയാൽ അതിൽ ഒരു തീരുമാനം ആകുമെന്ന് തോന്നുന്നു. എങ്കിലും ആ അമ്മയുടെ കൂടെ ഇപ്പോൾ ഒരാളെ മാത്രം കാണുമ്പോൾ ഒരു വിഷമം. ആ  അമ്മയും കുട്ടിയും മറ്റേയാളെ തിരഞ്ഞു നടക്കുന്നുണ്ടാകുമോ ?


July 13, 2021

സ്ത്രീ...

സ്ത്രീ... 

കാലങ്ങളായി  അസ്തിത്വത്തിനു വേണ്ടി പടപൊരുതുന്നവൾ...

സ്വതന്ത്ര്യത്തിനായി

അകത്തളങ്ങളിൽ എന്നും  നിശബ്ദ സമരം നടത്തുന്നവൾ...

രാത്രി അവൾ  വൈകിയാൽ 

ചിലർക്ക്  കൊള്ളരുതാത്തവൾ...  

വൈകി വരുന്ന പുരുഷൻ .... 

അവിടെ ചോദ്യങ്ങൾ ഇല്ല. എന്തുമാകാം.

ഒരു  വിഭാഗത്തിൻ്റെ  ബാധ്യതയായി

ഈ സദാചാരം ഇനിയും

എത്ര നാൾ...

July 10, 2021

പ്രത്യുപകാരം

കഴിഞ്ഞ ദിവസം മാളു അമ്മയോട് ഒരു കാര്യം തിരക്കി.

പുപ്പമ്മമ്മേ.... നമ്മൾ ഒരാളെ സഹായിച്ചാൽ അയാളിൽ നിന്നു തന്നെ സഹായം തിരിച്ചു കിട്ടുമോ... ?

ഏഴു വയസ് പ്രായം വരുന്ന ഈ കൊച്ചു കുട്ടി ഇത്തരം ചോദ്യം ചോദിക്കാൻ കാരണമെന്തെന്ന് തോന്നിയെങ്കിലും, അമ്മ പറഞ്ഞു,

നമ്മൾ സഹായിച്ചവർ തന്നെ നമ്മളെ സഹായിക്കണമെന്നില്ല. ചിലപ്പോൾ വേറെ ആരെങ്കിലും സഹായിക്കാം.

ശേഷം എന്താ കാര്യം എന്ന് അമ്മ മാളുവിനോട് തിരക്കി

അത് പുപ്പമ്മമ്മേ ... കഴിഞ്ഞ ദിവസം ഒരു ഉറുമ്പ് വല്യ ഒരു ഭക്ഷണ സാധനവും ചുമന്നോണ്ട് അതിൻ്റെ മാളിയിലേക്ക് പോവുകയായിരുന്നു. അതിനാണെങ്കിൽ അത് പൊന്തുന്നുമില്ല. ഞാനാ ഭക്ഷണ സാധനം ഉറുമ്പിൻ്റെ പുറത്ത് നിന്ന് തട്ടി തെറിപ്പിച്ചു കളഞ്ഞു.

ഇതാണോ സഹായം? അമ്മ സംശയ ഭാവത്തിൽ നിന്നു.

അൽപം നിർത്തിയ ശേഷം മാളു തുടർന്നു.

ഞാനാ ഭക്ഷണം അതിൻ്റെ മാളിയുടെ മുന്നിൽ വെച്ചു കൊടുത്തു. ആ ഉറുമ്പ് വേഗം തന്നെ അത് മാളിയിലേക്ക് വലിച്ചു കൊണ്ടു പോയി.

അമ്മ കൗതുകത്തോടെ എല്ലാം കേട്ടു നിന്നു. 

നല്ല കാര്യം തന്നെ. എങ്കിലും ആ ഉറുമ്പിൽ നിന്ന് എന്ത് സഹായമാണ് കുഞ്ഞു മാളു പ്രതീക്ഷിക്കുന്നത് എന്ന സംശയം ഇപ്പോഴും അവശേഷിക്കുന്നു. അത് മാളു തന്നെ ഒരിക്കൽ പറഞ്ഞു തരുമായിരിക്കും.


July 04, 2021

നഷ്ടമായത്

കടന്നു വന്ന വഴികളിൽ

എന്നോ നഷ്ടമായതാണ്

പക്ഷേ നഷ്ടമായത്

എന്തെന്നറിയില്ല .


സുഖവും ദുഃഖവും

പ്രണയവും വിരഹവും

വിപ്ലവവും ആത്മീയതയും

മാറി വന്ന വഴികളിൽ

എവിടെ അത്  നഷ്ടമാക്കിയെന്നറിയില്ല. 


ആത്മീയതയിലെ മൗനങ്ങളിൽ

വിപ്ലവ വഴിയിലെ ചിന്തകളിൽ

വിരഹത്തിലെ നെടുവീർപ്പുകളിൽ

പ്രണയത്തിലെ സ്വപ്നങ്ങളിൽ

ദു:ഖത്തിലെ കണ്ണുനീരുകളിൽ

തിരിഞ്ഞു നോക്കവേ

ഞാനറിഞ്ഞു ;

നഷ്ടമായത് ....

എന്നെയെന്ന്.

May 15, 2021

ചില മഴ ഓർമകൾ

ഈ മഴത്തുള്ളികൾ എത്രയെത്ര സ്വപ്നങ്ങളുമായാകാം ഭൂമിയിലേക്ക് വരുന്നത്. മഴ പ്രതീക്ഷയാണ് ; നൊമ്പരമാണ്;  പലപ്പോഴും ഇന്നലകളിലേക്കുള്ള തിരിച്ചു പോക്കാണ്.  

മഴ നനഞ്ഞ് സ്കൂളിൽ പോയതും കൂട്ടുകാരോടൊപ്പം ഒരു കുടയിൽ പാതി നനഞ്ഞ് സ്കൂളിൽ കയറിയതും , മേലാകെ നനഞ്ഞ് ക്ലാസിലെ തണുത്ത ബെഞ്ചിൽ ഇരിക്കുമ്പോൾ  നേർത്ത കാറ്റിനോടൊപ്പം ഉള്ളിൽ നിന്നും വരുന്ന വിറയലും ഇന്നും ഓർക്കവേ ഒരു കുളിരാണ് .

ആയിത്തര മമ്പറത്ത് പഠിക്കുമ്പോൾ വലിയ വയലും തോടും മുറിച്ചു നടന്നു വേണം സ്കൂളിലെത്താൻ. ആ ദിവസങ്ങളിൽ രാത്രി മുഴുവൻ മഴ പെയ്താൽ വല്യ സന്തോഷമാണ്. 

അടുത്ത ദിവസം രാവിലെ എന്നത്തേയും പോലെ യൂണിഫോം ധരിച്ച് ബാഗുമായി  വീട്ടിൽ നിന്നും ഇറങ്ങും. ദൂരെ നിന്നു തന്നെ വയൽ ഒരു പുഴ പോലെ ഒഴുകുന്നത് കാണാം.  ഈ അവസ്ഥയിൽ വയൽ മുറിച്ച് കടക്കേണ്ടി വരില്ല എന്ന സന്തോഷം മനസ്സിൽ അലയടിക്കുമ്പോഴും  സരോജിനി ടീച്ചർ വരുന്നതും  കാത്ത് നിൽക്കും.  ടീച്ചർ എത്തിയാൽ എല്ലാവരും തങ്ങളുടെ നിസ്സഹായത അറിയിക്കും. ഈ വയൽ കടന്നാൽ തന്നെ ആയിത്തറയിലെ തോട് കരകവിഞ്ഞ് ഒഴുകുന്നുണ്ടെന്നും അത് മുറിച്ച് കടക്കാൻ ഇത്തിരി പ്രയാസമാകുമെന്നും ടീച്ചറോട് പറയും . ചിലപ്പോൾ മഴ തുടർന്നാൽ  വൈകുന്നേരം തിരിച്ച് വരുന്നതിലെ പ്രശ്നങ്ങളും ചിലർ  തങ്ങളാലാവുന്ന തരത്തിൽ വിവരിക്കും . നിങ്ങൾ വീട്ടിലേക്ക് പോയ്ക്കോളൂ ഞാൻ സ്കൂളിൽ വിളിച്ച് പറയാം എന്ന് പറഞ്ഞ് ടീച്ചർ തിരിച്ചു പോകും. അതിനാൽ  ആ കാലത്ത്  ഓരോ രാത്രിയിലും നിർത്താതെ മഴ പെയ്യാൻ കൊതിക്കുന്നവരായിരുന്നു ഞങ്ങളിൽ പലരും.

പ്ലസ്ടുവിന് പെരളശ്ശേരിയിൽ പഠിക്കുമ്പോൾ ബസിലായിരുന്നു സകൂളിൽ പോയിരുന്നത്. ചില ദിവസങ്ങളിൽ രാത്രി പെയ്ത മഴ രാവിലെയും തുടരും . കറണ്ട് ഉണ്ടാകില്ല. രാവിലെ എട്ടു മണി കഴിഞ്ഞാലും വെളിച്ചമുണ്ടാകില്ല. ഉണരാൻ വൈകിയതിനാൽ എങ്ങിനെയെങ്കിലും കുളിച്ച് ഉള്ള ഭക്ഷണവും കഴിച്ച് ഇറങ്ങുമ്പോൾ ഇന്ന് സ്കൂൾ അവധി ആയിരിക്കുമോ എന്ന് ആലോചിക്കാറുണ്ട്. 

ബസ് ഉണ്ടാകുമോ . കണ്ടക്ടറും ഡ്രൈവറും നേരം വൈകി എഴുന്നേറ്റതിനാൽ ബസ് വരാൻ വൈകുമായിരിക്കും . ചിലപ്പോൾ ഇന്ന് ഓടില്ലായിരിക്കാം. ഇത്തരത്തിൽ ചിന്തിച്ച് ബസ്‌ സ്റ്റോപ്പിൽ എത്തുമ്പോഴേക്കും കൃത്യ സമയത്ത് ബസ് എത്തിയിരിക്കും . സാധാരണ കാണാവുന്ന എല്ലാവരും ബസിൽ ഉണ്ടാവുകയും ചെയ്യും . ക്ലീനർ തല മുഴുവൻ മൂടിയ ഒരു തൊപ്പിയോ തോർത്തോ കൂടെ കരുതുമെന്നല്ലാതെ വലിയ ഒരു വ്യത്യാസമൊന്നും ബസിൽ ഉണ്ടാകാറില്ല.

ക്ലാസിൽ ആരും  ഈ മഴയത്ത് എത്തിയിരിക്കില്ല, പലരും വരില്ലായിരിക്കാം, ചിലർ നേരം വൈകാം ... ഇത്തരത്തിൽ ചിന്തിച്ച് ക്ലാസിലേക്ക് കയറവേ തുറന്നു കിടക്കുന്ന കുടകൾ കാണുമ്പോഴേ  അറിയാം എന്നത്തേയും പോലെ ഞാൻ മാത്രമാണ് നേരം വൈകിയതെന്ന് . 

ആ സമയത്ത്  അറിയാതെ വിചാരിച്ച് പോകാറുണ്ട് ഇവർക്കൊന്നും മഴ പെയ്തില്ലെ.. കറണ്ട് പോയില്ലെ... മൂടി പുതച്ച് ഉറങ്ങണ്ടേ.


April 08, 2021

നീ വരുമ്പോൾ

ഏത് ജൻമാന്തരങ്ങളിൽ

ഊർന്നു പോകുന്നെന്നറിയാതെ

കണ്ണിമ അണയാതെ 

നോക്കി നിൽക്കുന്നു ഞാൻ


ഹൃദയ കോണിൽ എവിടെ നീ 

ഉടക്കി എന്നറിയില്ല

എന്ന് കൂട് കൂട്ടിയെന്നറിയില്ല.

ചിലപ്പോൾ നിലാവിലെ കുളിരായി

പുലരിയിലെ ചൈതന്യമായി

നീ തഴുകി വരുമ്പോൾ

കൺകൾ ഈറനണയുന്നതെന്തിനെന്നും

അറിയില്ല.


അറിയില്ല, എനിക്കിന്നും പ്രണയമേ 

നിന്നോട് മുഖം തിരിച്ചതെന്തിനെന്നും

പ്രണയത്തോടുള്ള പ്രണയം 

ആരും അറിയാത്തതെന്തെന്നും.

ഇന്നും

കാണാതെ

കേൾക്കാതെ

ഒന്നും  പറയാതെ 

അക്ഷരങ്ങൾ 

പ്രണയത്തെ നെയ്തെടുക്കുമെങ്കിൽ

ആ തീപ്പൊരി സൂക്ഷിച്ചിടാം.


കത്തിപ്പടരാതെ

ഒരു ചാറ്റൽ മഴയിൽ

അണയാൻ കൊതിച്ചാലും

ഇനി കഴിയില്ലന്ന് തോന്നുന്നു.


April 01, 2021

നീ എന്നിൽ

അറിയില്ല 

ഒരു കവിതയായ്

പ്രഹേളികയായ്

നീ എന്നിൽ വിടരുന്നതെന്തിനെന്ന്.


ഓരോ നേരവും 

നിൻ ചിത്രം

എന്നിലേക്ക് തൊടുക്കുന്ന അനുഭൂതികളെ

ഏതക്ഷരങ്ങളാൽ  ചാലിച്ചെടുക്കുമെന്നും

അറിയില്ല.


അറിയാം 

കാണാമറയത്തെങ്കിലും

കാണുന്ന നിമിഷമോരോന്നും നീ

എന്തെന്നറിയാത്ത മരീചികയെന്ന്.

ഒന്നും പറയാനാകാതെ

സ്വയം മറന്ന ആ നിമിഷങ്ങളിൽ

എന്നോ നിൻ മുഖചിത്രം 

ഞാനെന്നിൽ പ്രതിഷ്ഠിച്ചിരുന്നെന്ന്.


ആരാധനയാകാം

പക്ഷെ പ്രണയമെന്ന് പറയാൻ....

ആകില്ല

കാലമേ അത് നിനക്കറിയാം 

February 04, 2021

സ്നേഹ പുഷ്പാഞ്ജലി

പുലർകാല മഞ്ഞ് പെയ്തിറങ്ങിയ തിരുനടയിൽ 

അമ്മയെ കാണും നേരം

കലകളെ തഴുകിയുണർത്തിയ സോപാനങ്ങളിൽ

മൃദംഗനാദത്തിനായി കാതോർത്തു പോയി.


കാത്തിരുന്ന വർഷങ്ങളൾക്കൊടുവിൽ

ഉപാസകർ സായൂജ്യം നേടിയ

നിൻ മടിത്തട്ടിൽ എത്തിച്ചേർന്നതും

മനസ്സ് കാണിക്കയായതും

ചുറ്റമ്പലത്തിൽ ഇരുന്നതും

പ്രദക്ഷിണം ചെയ്തതും 

തിരുനാമം നാവിൽ നിറഞ്ഞതും 

വീണാ വാണിയുടെ പ്രസാദമല്ലോ.


പഴശ്ശിയുടെ പോരാട്ടവീര്യങ്ങളിൽ

പോർക്കാളിയായ അമ്മയുടെ കാരുണ്യം കേട്ടറിഞ്ഞപ്പോൾ 

മഹാത്യാഗത്തിൻ്റെ ഓർമകളിൽ

കേരളസിംഹത്തിനും 

വനപോരാളികൾക്കും 

ബാഷ്പാഞ്ജലി.


കലോപാസകരുടെ  മാനസ സരോവരത്തിലെ 

സഹസ്രദള പത്മത്തിൽ 

ആത്മഹർഷമായി കുടികൊള്ളും

മൃദംഗ ശൈലേശ്വരി...

അക്ഷരങ്ങളിൽ  അനന്തജ്ഞാനമായി വിടരുന്ന അവിടുത്തേക്ക്  

സ്നേഹ പുഷ്പാഞ്ജലി.

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...