October 29, 2013

എലിയെ പേടിച്ച് വിമാനം....

         ന്നലെ ചേര്‍ന്ന അവൈലബിള്‍ എലിറ്റ്ബ്യൂറോവിനു ശേഷം എലിസമാജം ഇറക്കിയ പത്രക്കുറിപ്പില്‍ കഴിഞ്ഞദിവസം കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ 934 വിമാനം മസ്ക്കറ്റില്‍ ഇറക്കിയത് തങ്ങള്‍ക്കു നേരിട്ട കനത്ത അപമാനമാണെന്നും സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തമാക്കി.


  കാലാകാലങ്ങളായി വിസാ നിയമം പരിഷ്കരിക്കുന്ന ഭരണകൂടങ്ങള്‍ തങ്ങളോടു കാണിക്കുന്ന അവഗണനയാണ്  പ്രശ്നം ഇത്തരത്തില്‍ ഗുരുതരമാക്കിയത്‌.പാസ്സ്പോര്‍ട്ടും വിസയും അനുവദിച്ചു കിട്ടാന്‍ തങ്ങള്‍ കരണ്ടാത വാതിലുകളില്ലെന്ന്‍ പ്രസിഡണ്ട്‌ എലിയാമാഡവും  സെക്രട്ടേറി എലിപ്പണിക്കറും വ്യക്തമാക്കി. ഗള്‍ഫ് സന്ദര്‍ശനം നടത്തുകയായിരുന്ന തങ്ങളുടെ ചാമ്പ്യന്‍ എലികുരുവിള മടക്കയാത്ര വിമാനത്തിലാക്കിയത്‌ ഇത്രയും ഊതിവീര്‍പ്പിച്ച് വിവാദമാക്കി  തങ്ങളെ അപമാനിക്കേണ്ടിയിരുന്നില്ല എന്ന്‍ ഇരുവരും പറഞ്ഞു.

   യാത്രക്കാരനായ ഒരു എലി വിരോധിയുടെ ജല്‍പനം കേട്ട് വിമാനം മസ്ക്കറ്റിലിറക്കി കള്ളവണ്ടി കയറിയ എലികുരുവിളയുടെ നാട്ടിലേക്കുള്ള യാത്ര തടഞ്ഞു വച്ചത് മൂഷികവംശം പൊറുക്കില്ല, ഇതിനെതിരെ വരുന്ന മാസം രണ്ടാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് ആഗോള തലത്തില്‍ കരണ്ടുതിന്നല്‍ യജ്ഞം നടത്തും,വിസാ പാസ്സ്പോര്‍ട്ട് നിയമങ്ങളില്‍ തങ്ങള്‍ക്കനുകൂലമായി ഒരു തീരുമാനം വരുന്നതുവരെയും നടന്ന സംഭവത്തില്‍ വേണ്ടപ്പെട്ട അധികാരികള്‍ മാപ്പ് ചോദിക്കുന്നത് വരെയും സമരം തുടരുമെന്നും ആഗോള തലത്തില്‍ എലികള്‍ സംഘടിച്ച് സമരം രൂക്ഷമാക്കണമെന്നും സെക്രട്ടറി ആഹ്വാനം ചെയ്തു. യാതൊരു ആയുധവുമില്ലാതെ യാത്ര ചെയ്യുകയായിരുന്ന എലികുരുവിളയെ ഭീകരവാദിയായി ചിത്രീകരിക്കാനുള്ള ചില താത്പര കക്ഷികളുടെ നീക്കങ്ങളും പ്രതിഷേധാര്‍ഹാമാണ്. പരാതിക്കാരനായ യാത്രക്കാരനെ പ്രത്യേകമായി നേരിടാന്‍ എലിസമാജം തങ്ങളുടെ യൂത്ത് ഫഡറേഷനെ ഇറക്കുന്നതാണ്.

  മുന്‍പ് മൂഷികവംശത്തിന്‍റെ വിദേശ യാത്രകള്‍ കപ്പലില്‍ മാത്രമായിരുന്നു. ടൈറ്റാനിക്ക് ദുരന്തത്തിനു ശേഷം കുറേ കാലം യാത്ര നിര്‍ത്തിവെച്ചതായിരുന്നു. പിന്നെ പതുക്കെപ്പതുക്കെ യാത്ര സമാജം അനുവദിക്കുകയായിരുന്നു. പക്ഷെ അടുത്തകാലത്ത് സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വന്നതിനാല്‍  കപ്പല്‍യാത്രയില്‍ എലികള്‍ക്കുള്ള താത്പര്യം കുറഞ്ഞു. മാത്രവുമല്ല ദിവസങ്ങള്‍ നീളുന്ന കപ്പല്‍ യാത്ര മഹാ ബോറാണെന്നും നടുക്കടലില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നില്ലെന്നും, ഭക്ഷണം എലികള്‍ക്ക് കഴിക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നില്ലെന്നും  സ്ഥിരം യാത്രക്കാരായ എലികളില്‍ പലരും പറയുന്നു. വിശദമായ പരാതിയുമായി തങ്ങളുടെ  ഗവര്‍ണര്‍ ഗണപതിയെ സന്ദര്‍ശിക്കാന്‍ ലക്ഷം ഒപ്പുശേഖരത്തിലാണ് എലികള്‍.

October 22, 2013

കൊച്ചുപ്രകുവിന്‍റെ ഇത്തിരി വിശേഷങ്ങള്‍ -പാഠം 1

പാഠം 1:  

  കൊച്ചുപ്രകു ഇന്നു വളര്‍ന്ന്‍ വല്യാളായി. എങ്കിലും ചെറുപ്പത്തിലെ വിശേഷങ്ങള്‍ ഒത്തിരി പറയാനുണ്ട്.

കൊച്ചുപ്രകുവിന് സിനിമ ജീവനായിരുന്നു. എങ്ങിനെയെങ്കിലും പൈസ സംഘടിപ്പിച്ച് ടാക്കീസിലെത്തി പുതിയ സിനിമകള്‍ കണ്ടാലെ കൊച്ചുപ്രകുവിന് സമാധാനമാകൂ. ജയനായിരുന്നു ഇഷ്ടതാരം. വീട്ടിലെത്തിയാല്‍ സിനിമയിലെ ഇടിവെട്ട് സ്റ്റെണ്ട് സീന്‍ തന്‍റെ വക ഒരു അവതരിപ്പക്കലുണ്ട്. അനുജത്തി പുപ്പുമോള്‍  കണ്ണുമിഴിച്ച് ഒക്കെ കാണും, ശേഷം അനിയത്തിയുടെ മുന്‍പില്‍ വല്യ ആളായി കൊച്ചുപ്രകുവിന്‍റെ ഒരു നടത്തമുണ്ട്, എല്ലാവരെയും ഇടിച്ച് താഴെയിട്ട് വരുന്ന സിനിമയിലെ ജയനെപ്പോലെ. ആ നടത്തം പലപ്പോഴും ചെന്നു നില്ക്കാറ് അടുക്കളയിലാണ്. അതിനും ചില കാരണങ്ങളുണ്ട്.

സിനിമ പോലെ കൊച്ചുപ്രകുവിന് ഇഷ്ടപ്പെട്ട  മറ്റൊന്നാണ് ഭക്ഷണം. നാട്ടില്‍ പയറ്റു നടക്കുന്നുണ്ടെകില്‍ കൊച്ചുപ്രകു അവിടെയുണ്ടാകും. ആ താത്പര്യം കണ്ടതിനാലാകാം വീട്ടുകാര്‍ പയറ്റിന് കൊച്ചുപ്രകുവിനെ തന്നെ പറഞ്ഞയക്കും. ഈ പയറ്റ് എന്നു പറഞ്ഞത് വാളും പരിചയും എടുത്തുള്ള അഭ്യാസമല്ല, പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ പരസ്പര സഹായത്തോടെ പണ്ടു കാലത്ത് നാട്ടില്‍ നടത്തുന്ന പണശേഖരമാണ്.

    മിക്കവാറും ഏതെങ്കിലും ഒരു ചായപ്പീടികയിലാണ് പയറ്റ് നടത്താറ് പതിവ്. ക്ഷണിച്ചവരൊക്കെ നിശ്ചിതമായ ഒരു പണവുമായി അവിടെയെത്തും, കൊടുക്കുന്ന പണം ശേഖരിക്കാനും അത് പുസ്തകത്തില്‍ എഴുതി വെയ്ക്കാനുമായി വേണ്ടപ്പെട്ടവര്‍ ആരെങ്കിലും കാണും . വരുന്നവര്‍ക്കൊക്കെ ഒരു ചായ സല്‍ക്കാരം പതിവാണ്. വെറും ചായ മാത്രമല്ല കേട്ടോ, കടിയായി വിഭവങ്ങള്‍ പലതും ഉണ്ടാകും, ഉപ്പുമാവ്,  ബോണ്ട, സുഗിയന്‍, വട അങ്ങിനെ എന്തെങ്കിലും ഒക്കെ. ചില പയറ്റിലെ വിഭവങ്ങള്‍ ബഹു കേമവുമായിരിക്കും പൊറോട്ടയും  കറിയും മറ്റും   കാണും. ഒരിടത്ത് കൊടുത്ത പണം അത്രയൊ അതിനധികമോ ആയി തിരിച്ചുകിട്ടും. അതിനാല്‍ തന്നെ അന്നത്തെ കാലത്ത് ബാങ്ക് ഡപ്പോസിറ്റ് പോലെയായിരുന്നു  പയറ്റില്‍ കൊടുക്കുന്ന പണം.

 കൊച്ചുപ്രകുവാണ് വീട്ടിനെ പ്രതിനിധീകരിച്ച് പോകാറ് എന്ന്‍ ആദ്യമേ പറഞ്ഞവല്ലോ. പണം കൊടുക്കലൊക്കെ ഒരുതരം കാട്ടിക്കൂട്ടലാണ്, കൊച്ചുപ്രകുവിന്‍റെ ലക്ഷ്യം മറ്റൊന്നാണ് , അത് പയറ്റിലെ ചായക്കടി തന്നെ.



  ചില പയറ്റു കഴിഞ്ഞാല്‍ അങ്കം ജയിച്ചുവരുന്ന ആരോമലെ പോലെ വിജയശ്രീലാളിതനായി കൊച്ചുപ്രകുവിന്‍റെ ഒരു വരവുണ്ട്. അതിനു ശേഷം അനുജത്തി കേള്‍ക്കാനായി ചായക്കടികളുടെ ഒരു വിവരണവും, പുപ്പുമോള്‍ ഒക്കെ കൊതിയോടെ കേട്ടിരിക്കും.


  അപൂര്‍വ്വം ചില പയറ്റു കഴിഞ്ഞാല്‍ പരാജിതനെന്ന പോലെ തലകുത്തനെയാക്കി പതുക്കെ നടന്നു വന്ന് നിരാശയോടെ കൊച്ചുപ്രകു അനുജത്തിയോട്‌ പറയും “വെറും കൊട്ടനവിലാണെടി, റാസ്ക്കല്‍സ്...“, ചിലപ്പോള്‍  “തെണ്ടികള്‍” എന്നും സംബോധന ചെയ്യും.


                                                                                                    തുടരും... 
                                                                                                  പാഠം 2:   

October 18, 2013

ശങ്കരനെല്ലൂർ വിശേഷങ്ങൾ - അയോദ്ധ്യ

     എന്‍റെ നാട്ടില്‍ ഒരു ചായപ്പീടികയുണ്ട് നാട്ടിലെ ആണുങ്ങള്‍ പെണ്ണുങ്ങള്‍ക്ക് തലവേദനയുണ്ടാക്കാന്‍  ചീട്ടു കളിക്കാനായി  അവിടെ തമ്പടിക്കുക പതിവാണ്.
    ആടുന്ന പഴയ ബെഞ്ചും കൈയൊന്നു വെച്ചാല്‍ കുലുങ്ങുന്ന മേശയും പിന്നെ ചാറല്‍ മഴയിലും ചോരുന്ന മച്ചും.ഇതൊക്കെ ആണെങ്കിലും നാട്ടിലെ പണിയില്ലാത്ത ആണുങ്ങളുടെ വരുമാനമാര്‍ഗവും ബോറഡി മാറ്റുന്ന ക്ലബ്ബും ആയിരുന്ന അത് പലര്‍ക്കും ഒരു കൊച്ചു സ്വര്‍ഗം തന്നെയായിരുന്നു. 
    പീടികയുടെ പഴക്കത്തിനോടൊപ്പം തലയുയര്‍ത്തി നില്‍ക്കുന്ന മറ്റൊന്നു കൂടി അതിനുണ്ടായിരുന്നു ഒരു പേര്- അത് മറ്റൊന്നുമല്ല ‘അയോദ്ധ്യ’. എങ്ങിനെ ഈ പേരു വന്നു. ഞാന്‍ പലപ്പോഴും ആലോചിച്ചു .
    ചില ദിവസങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ നിന്ന്‍ ഈ അയോദ്ധ്യയിലേക്ക് ഒരു ഘോഷയാത്രയുണ്ട്. ആ ദിവസങ്ങളിലാണ്‌ നമ്മുടെ നാട്ടില്‍ സമൂഹ ഓട്ട മത്സരം നടക്കാറ്. ആടുന്ന ബെഞ്ചും മേശയും കടന്നു തുള്ളി നടത്തുന്ന ഓട്ടത്തില്‍ കഴിവുതെളിയിക്കാത്തവര്‍ക്ക് പോലീസുകാരുടെ വക പ്രോത്സാഹന സമ്മാനം ഉറപ്പാണ്‌ . പോലീസ് സ്റ്റേഷനില്‍ അവര്‍ക്കുള്ള സ്വീകരണം എങ്ങനെ എന്നൊന്നും അറിയില്ല. എങ്കിലും ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നത് ആ പേരു തന്നെയായിരുന്നു.  അവസാനം ആരോ എന്നോടു പറഞ്ഞു ‘രാമന്‍റെ പീടികയല്ലേ അത്. രാമനുള്ളടം അയോദ്ധ്യ ‘ . എന്തായാലും നാട്ടുകാരുടെ ഒരു സെന്‍സ്. ശ്രീരാമസ്വാമി ക്ഷമിക്കട്ടെ. 

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...