July 24, 2026

എന്തെ ഞാൻ മറന്നൂ...

 കാലങ്ങൾ എത്രയായി

കൂടെ കൂട്ടാൻ പറഞ്ഞിട്ടും

ഒന്ന് ചിരിച്ചു എന്നെല്ലാതെ

ഇതുവരെ നീ ഒന്നും പറഞ്ഞില്ല


നിന്നെ അറിഞ്ഞ നാൾ മുതൽ

കാണാനായി കൊതിച്ചു

സ്വരം കേൾക്കാനായി അലഞ്ഞു

ഒരു പുഞ്ചിരി മാത്രം നൽകി

അതിനും നീ മൗനം തുടർന്നു .


നാൾളത്രയും തപസ്യ പോൽ

നിന്നെ മാത്രം ഓർത്തതും

നാവിൽ നീ നിറഞ്ഞതും

ഹൃദയത്തിൽ തെളിഞ്ഞതും

നേരെ നയിച്ചതും

എന്തെ ഞാൻ മറന്നൂ ... കൃഷ്ണാ ...

ആ പൂർണത

ഏതോ ഒരു നിമിഷം

നിന്നിൽ ചേർന്നാൽ

നേടുന്ന ഒന്നല്ല

ഞാൻ തേടുന്ന

പൂർണത

അത് ഓരോ നിമിഷവും

നിന്നിൽ അലിഞ്ഞു ചേരുന്നതാണ്

വാക്കിലും നോക്കിലും ചിന്തയിലും

നീ നിറയുന്നതാണ്

ഞാൻ നീ ആയി മാറുന്നതാണ് .


നിന്റെ കൈവിരൽ പിടിച്ച് നടക്കണം

കൺകളിൽ നോക്കി

രാപകൽ മായുന്നതറിയാതെ

കൂട്ടിരിക്കണം

മടിയിൽ തലവെച്ച്

ദുഃഖങ്ങളെല്ലാം പറഞ്ഞ് കരയണം

പിന്നെ ആശ്വാസമായി

പാട്ട് കേട്ട് ഉറങ്ങണം.


നിന്റെ കൂടെ നിനക്കാശ്വാസമായി

നിന്റെ പ്രാണനായി മാറണം

എന്നും നിന്റെ സന്തോഷമാകണം

ഓരോ മാത്രയും പ്രണയം

തളിർക്കണം

എന്നും ഒന്നാകണം .


എല്ലാം സ്വപ്നങ്ങൾ മാത്രമാകാം

എങ്കിലും ,

നീയില്ലാത്ത ലോകമെന്ന് ചിന്തിക്കാൻ

ഞാൻ ഉണ്ടോ എന്ന് നീ ഇനിയും ചിന്തിച്ചില്ല .

July 23, 2026

അകലുമെന്ന്

അകലുമെന്ന് മാത്രം പറയരുത്

പിന്നെ ഞാൻ

ഞാനെല്ലാതാകും

പകലും ഇരുട്ടാകും

ഏതു വസന്തവും എരിയുന്ന കനലാകും

ഏതൊരു ഓർമയും നോവാകും


ഒരിക്കലും നീ അറിയില്ല

എന്നിലെ നിന്നെ ,

അല്ലെങ്കിലും എന്നെ അറിഞ്ഞവരായി

ആരുമില്ലെന്ന സത്യവും ഞാൻ മറന്നു പോയി .


നീ അരികിലുള്ളതിന്റെ നിർവൃതിയും

അകലുമെന്നതിന്റെ വിങ്ങലും

ചിരിയും കണ്ണുനീരും ഒന്നിക്കുമെന്ന്

ഇന്ന് ഞാൻ അറിയുന്നു.

July 22, 2026

പ്രിയമേ ...

പ്രിയമേ ...

നിന്നോട് ഒന്ന് മിണ്ടാൻ

ഓരോ നിമിഷവും നിന്നിൽ

അലിഞ്ഞു ചേരുവാൻ

ഞാനെന്തേ കൊതിക്കുന്നതിത്രയും .


അറിയില്ല നിനക്കിപ്പോഴും

നീ എനിക്ക് എന്താണെന്ന്

ശ്വാസത്തിലും നീ നിറയുകയാണെന്നും

ഹൃദയ സ്പന്ദനവും നീ ആണെന്നും

എന്ന് നീ അറിയുമെന്നും അറിയില്ല.


ചിലപ്പോൾ നിന്റെ കൗതകത്തിനിടയിൽ

നീ ഒന്നും കാണില്ലായിരിക്കാം

ചിലപ്പോൾ അറിയാതെ പോലെ

മൗനം തുടരാം ..

അതിനും അർത്ഥങ്ങൾ പലതല്ലോ .

July 21, 2026

കൂട്ടുകാരിക്ക്

 പ്രിയ കൂട്ടുകാരി

നിന്നെ ഞാൻ ഓർക്കാറുണ്ടായിരുന്നു

പക്ഷെ അതൊരിക്കലും

നീ എന്നെ ഓർത്തതിനരികെ പോലുമല്ല

മനസ്സ് പിടയുന്ന നേരങ്ങളിൽ

ഉള്ളം ശൂന്യാമായ നിമിഷങ്ങളിൽ

അകലെ നിന്നും എല്ലാം അറിഞ്ഞ്

നീ ആശ്വസിപ്പിക്കാറുണ്ടായിരുന്നു

ബാല്യത്തിൽ ഒന്നിച്ചുണ്ടായ നിമിഷങ്ങൾ

നീ ഓർത്തോർത്തു പറഞ്ഞത്

ചില നേരങ്ങളിൽ

നിറകൺകളോടെ ഞാൻ കേട്ടു


എന്നെ ഇത്രമേൽ അറിയുന്ന ഒരാൾ ...

ഞാൻ അറിയാതെ പോയതും

എന്നോടുള്ള നിന്റെ വാത്സല്യം ആയിരിക്കാം

നിന്റെ ഓരോ വാക്കുകളും പ്രാർത്ഥനകളും

എനിക്ക് കിട്ടിയ അനുഗ്രഹമാണെന്നും

ഞാൻ അറിയുന്നു .

എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...