June 26, 2026

എന്നോട് ചോദിച്ചപ്പോൾ

അകന്നു പോകുന്നതെന്തെന്ന്

ഞാൻ എന്നോട് ചോദിച്ചപ്പോൾ

സ്നേഹിക്കുന്നതിനാൽ എന്നു മറുപടി


മറക്കുവാൻ ശ്രമിക്കുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ

ഓർത്തിരിക്കുന്നതിനാൽ എന്നും


എന്തിനു വീണ്ടും കൺകൽ

നിറഞ്ഞൊഴുകുന്നെന്ന് ചോദിച്ചപ്പോൾ

ഉള്ളിലുള്ളത് ഒന്ന് തുളുമ്പിയത് മാത്രമല്ലേ എന്നും


കാത്തിരിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോൾ

അതിനു മാത്രമല്ലേ കഴിയൂ എന്നും


ഇഷ്ടം നിന്റേതു മാത്രമല്ലേയെന്ന് ചോദിച്ചപ്പോൾ

ആകാം , എന്റെ പ്രണയം സത്യമായിരുന്നെന്നും മറുപടി .

June 21, 2026

വർഷങ്ങൾക്കു ശേഷം

ഓർമ്മകൾ ചിലപ്പോൾ മനോഹരമാണ് ചിലപ്പോൾ വേദനയും. ഒത്തിരി നല്ല നിമിഷങ്ങൾ സമ്മാനിച്ച സ്കൂൾ കാലം, ഇത്തിരി കുഞ്ഞൻ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു വെച്ച ജീരകമുട്ടായിയും, മായ്ക്കാൻ പോരെങ്കിലും മനോഹരമായ ആകൃതിയിലും നിറത്തിലും വന്ന റബ്ബറുകളും (eraser) മനസ്സിനെ കൊതിപ്പിച്ച കാലം, അത് വീണ്ടും മാടി വിളിക്കുന്നത് പോലെ.

സ്കൂളിൽ കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ വെല്ലുമ്മയുടെ വീട്ടിൽ നിന്നും ഉള്ളി വറവും കൂട്ടി ചോറ് കഴിച്ചതും, അമ്മ സ്ലേറ്റിൽ വരച്ചു തന്ന കാക്കയുടെ മറ്റും ചിത്രം കാണിച്ച് കൂട്ടുകാരുടെ ഇടയിൽ ഗമ കാണിച്ചതും ആ കാലത്തെ മനോഹരമായ ഓർമകളാണ്.എന്റെ ഒരു ബന്ധു പോലീസിലായിരുന്നു, എന്തെങ്കിലും കാരണത്താൽ വഴക്കിനു വരുന്നവരോട് ഒന്നാം ക്ലാസുകാരനായ ഞാൻ പറഞ്ഞത് അങ്കിളിന്റെ തോക്കെടുത്ത് വന്ന് വെടിവെയ്ക്കും എന്നായിരുന്നു. ആ ചെറുപ്രായത്തിൽ വെടികൊള്ളാൻ താത്പര്യമില്ലാത്തതിനാൽ ഒട്ടുമിക്ക പേരും എന്റെ സുഹൃത്തുക്കളായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ദൂരദർശനിൽ കാണിച്ച സിനിമാ വിശേഷം പങ്കുവെയ്ക്കാൻ തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞങ്ങൾ സ്കൂൾ മുറ്റത്ത് ഒത്തുചേരുമായിരുന്നു. തലേ ദിവസത്തെ പല സിനിമാ രംഗങ്ങളും ഡയലോഗുകളും ഞങ്ങളുടെ വകയുള്ള അവതരണമാണത്. കുട്ടികളിൽ ചിലർ ക്ലാസിലെ ചുമര് ഓട്ടയാക്കി അവിടെ ഫോട്ടോ വെച്ച് പൂജ നടത്തുന്നതും പലപ്പോഴായി കാണാറുള്ള കാഴ്ചയായിരുന്നു.

ആ കാലത്ത് ഇടയ്ക്കിടെ ചെറുതക്കാളിയുടെ വലുപ്പത്തിലുള്ള ഒരു പഴവുമായി ക്ലാസിൽ വരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. എല്ലാവരുടെയും ആശ്ചര്യമായ, മാഷൻമാരോട് ഭയമില്ലാതെ പെരുമാറുന്ന തൻവീർ... അവൻ നോമ്പെടുക്കുമ്പോൾ ഉമിനീരിറക്കാതിരിക്കാൻ ഇടയ്ക്കിടെ തുപ്പിക്കൊണ്ടിരുന്നത് ഞങ്ങൾക്ക് ഒരു കൗതുകമായിരുന്നു. അവന്റെ നോമ്പുതുറ വിശേഷങ്ങൾ അതിലേറെ രസവുമാണ്. അവന്റെ വീട്ടിൽ ഒത്തിരി തവണ ഞാൻ പോയിട്ടുണ്ട്. റോഡരികിലെ ആ വലിയ വീട്ടിലെ മുകളിലത്തെ നിലയിൽ മനോഹരമായി അലങ്കരിച്ചു വെച്ച അവന്റെ മുറി ഇന്നും ഓർമയിലുണ്ട് .

തൻവീർ സ്കൂൾ ലീഡറായിരുന്നു. അസംബ്ലി നടത്തുമ്പോൾ അവൻ പല വികൃതികളും കാണിക്കുമായിരുന്നു. അതൊക്കെ ഞങ്ങൾ കുട്ടികളും ടീച്ചേർസും ഒരു പോലെ ആസ്വദിച്ചിരുന്നു. പദ്യം പഠിക്കാതെ വന്നാൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തുന്നത് ആ കാലത്ത് വേലായുധൻ മാഷ് നടപ്പിലാക്കിയ ഒരു രീതിയായിരുന്നു. ഞങ്ങളുടെ ഉറക്കം കളഞ്ഞ ഏറ്റവും ഭയപ്പെടുത്തിയ ശിക്ഷാരീതി. ഒരിക്കൽ പെൺകുട്ടികളുടെ കൂടെ ഇരിക്കേണ്ടി വന്നതിൽ മറ്റുള്ളവരുടെ കൂടെ തൻവീറും കരഞ്ഞിരുന്നു.

പതിനൊന്നു മണിയാകുമ്പോൾ രാധാകൃഷ്ണൻ മാഷ് ടീച്ചേർസിന് വേണ്ടി ചായയുണ്ടാക്കുന്നത് കപ്പണ സ്കൂളിൽ പതിവായിരുന്നു. ആ സമയങ്ങളിൽ തൊട്ടടുത്ത കടയിൽ പഴം വാങ്ങാനായി പലപ്പോഴും പോയിരുന്നത് ഞാനും തൻവീറും ആയിരുന്നു . ഞങ്ങൾക്ക് സംസാരിക്കാനായി എപ്പോഴും എന്തെങ്കിലും വിഷയം കാണുമായിരുന്നു, ഒരിക്കൽ മാലയിട്ട സമയത്ത് ശബരിമല വിശേഷങ്ങൾ പറയുന്നതിനിടയിൽ, നീ എന്താ മാലയിടാത്തത് അവിടെ എല്ലാവർക്കും പോകാമല്ലോ വീട്ടിൽ ചോദിക്കരുതോ എന്ന് ഞാൻ അവനോട് പറഞ്ഞത് ഇന്നും ഓർക്കുന്നു .

നാലാം ക്ലാസിനു ശേഷം ഞാനും അവനും വേറെ വേറെ സ്കൂളുകളിലായി. പിന്നീട് ഇടയ്ക്ക് മാത്രമേ തമ്മിൽ കാണാറുള്ളൂ. എങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് ആരെണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ അവന്റെ പേരായിരുന്നു എന്നും പറയാറ്. കൈതേരിയിൽ നിന്നും ദൂരെ മാറി താമസിക്കേണ്ടി വന്ന ശേഷം അവനെ ഞാൻ കണ്ടിരുന്നില്ല. എന്നെങ്കിലും ബസിൽ ആ വഴിയിലൂടെ പോകുമ്പോൾ റോഡരികിലെ ആ വലിയ വീടും അതിലെ ആ മുറിയും കാണാൻ ശ്രമിക്കും, പക്ഷെ, ഒരിക്കലും അവനെ കാണാൻ കഴിഞ്ഞില്ല.

വർഷങ്ങൾക്കു ശേഷം വേലായുധൻ മാഷെ കണ്ടപ്പോൾ തൻവീറിനെ കുറിച്ച് അന്വേഷിച്ചു. നീയത് അറിഞ്ഞില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.... അവൻ ഇന്നീ ലോകത്തിലില്ല എന്ന് മാഷ് പറഞ്ഞത് പിന്നീടുള്ള പല രാത്രിയും എനിക്ക് നൽകിയത് ദീർഘ നിശ്വാസങ്ങളായിരുന്നു... പിന്നീടുള്ള യാത്രകളിൽ കൗതുകവും ആശ്ചര്യവും നിറച്ച ആ വീട്ടിലേക്ക് ഞാൻ നോക്കാറില്ല. കണ്ണടച്ചല്ലാതെ ആ വഴി പോകാറില്ല. എന്റെ സ്കൂളിനെ കുറിച്ചുള്ള ഓർമകളിൽ വേദനയായി നീ മാറുന്നത് ... സുഹൃത്തെ ഇന്നും എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

June 20, 2026

ഞാനറിയുന്നു

അകലെയാണെങ്കിലും

ഒന്നും പറയാറിലെങ്കിലും

അറിയുന്നു ഞാൻ...

കാണന്നമെന്നില്ലെന്നു പറയുമ്പോൾ

തൂവുന്ന കണ്ണുനീരിലും

കാണുന്നു ഞാൻ...


അകന്നു പോകുന്ന കാലടികളിലും

അരികിലായ് വന്നണയുന്ന പ്രണയമായി

മധുരമേറുന്ന ഓർമയായി

വെളിച്ചമായി

നീയെന്നിൽ തന്നെയാണെന്ന്

ഞാനറിയുന്നു.

കാത്തിരിക്കുന്നു എന്നും

നിന്നെ വരവേൽക്കാൻ വിരിഞ്ഞു നിന്ന

ചെമ്പരത്തോയോട് പറഞ്ഞു

ഇനി വരില്ലെന്ന് .


ആ മുടിയിൽ ചൂടാനായി മൊട്ടിട്ടു നിന്ന

മുല്ലയോട് പറഞ്ഞു

ഇനി വരില്ലെന്ന് .


നിൻ കൈകളാൽ

കൃഷ്ണ പാദങ്ങളെ പുൽകാൻ കൊതിച്ചു നിന്ന

തുളസിയോടു പറഞ്ഞു

ഇനി വരില്ലെന്ന്.


നിന്നെ താലോലിക്കാനായി കാത്തു നിന്ന

അമ്മ മനസ്സോടും പറഞ്ഞു

ഇനി വരില്ലെന്ന് .


ഒരായിരം തവണ

എന്നോട് പറഞ്ഞിട്ടിട്ടും

എന്തോ ഞാൻ നിന്നെയും കാത്തിരിക്കുന്നു എന്നും .

June 18, 2026

ആ തുടിപ്പ്

നിമിഷമോരോന്നും കളഞ്ഞു പോകാതെ

കാണണം കിന്നാരം പറയണം

ശ്വാസമോരോന്നും എന്നിൽ നിറയും

നിന്റെ കൂടെ ആകണം

ഇനി എല്ലാം നിനവുകൾ മാത്രമോ ?


പ്രിയമായ ആ വഴികളിൽ

ഒരുനാൾ ഇനി പോകവേ

മനസ്സ് പതറില്ലെന്നതും

നേർത്തൊരു വിശ്വാസം മാത്രമോ ? .


ഒന്നിച്ചു തൊഴാൻ കൊതിച്ചിടങ്ങളിൽ

ഈറനണിഞ്ഞ കൺകളാൽ

തനിച്ചെങ്കിലും പോകണം

ആശ്വാസമേകാൻ പറയണം.


രാത്രിമഴയിൽ കൂട്ടായി വന്ന മിഴിനീര്

മഴ തീർന്നും പെയ്തൊഴിയാതെ

ഏതൊരു ആഴിയിൽ

വലിച്ച് പോകുന്നതെന്നും അറിയില്ല .


ഓരോ നിമിഷവും അലയടിക്കും

ആ ഓർമ്മകളിലും

ആശ്വാസമായി വേദനയായി

നെഞ്ചിൽ ഊർന്ന് വരും

അവാച്യമാം ആ തുടിപ്പ്

എന്നെ കുറിച്ചുള്ള

നിന്റെ ഓർമകളോ

അതോ ഇതും നിനവോ ?

June 16, 2026

ശ്രീ ദേവീ ...

പ്രണയത്തിൻ ശ്രീകോവിലിൽ

നീറുമൊരു മനസ്സാൽ തട്ടി വിളിച്ചപ്പോൾ

മുല്ലമൊല കോർത്ത മണിവാതിൽ തുറന്ന്

അരികിലായി വന്ന് അനുഗ്രഹമേകിയ

ശ്രീ ദേവീ...

പുലർകാല മഞ്ഞിൽ ഒഴുകിവരും

അരുവിയെക്കാൾ ശീതളം പൊഴിയും

ആ കൺകളാൽ എന്നെ നോക്കിയപ്പോൾ

ആ അഗ്നി അടങ്ങിയിരുന്നു .

ജന്മാന്തരങ്ങളിലേക്കുള്ള വെളിച്ചമായി മാറിയിരുന്നു .


കനലുകൾ ചിലത് അവശേഷിക്കാം

കാലങ്ങൾ കഴിഞ്ഞാൽ അത് കത്തിപ്പടരാം

ചിലപ്പോൾ വിഴുങ്ങാം

പക്ഷെ, അതിനെ അണയ്ക്കാൻ

ഇനി ആ നടയിൽ വന്നണയാൻ

ആവതല്ലെന്നും അറിയാം


എങ്കിലും ധന്യമാണ്

ആ ഹൃദയത്തിൽ നിന്നും

പൊഴിഞ്ഞ മണി മുത്തുകൾ

ഈ ഹൃദയത്തിൽ എന്നും

സൂക്ഷിച്ച വെയ്ക്കാം

ആ നിമിഷങ്ങളെയും ഓർത്തു വെയ്ക്കാം.

June 13, 2026

എന്നും നീ മാത്രമേ ...

നിന്നിലേക്കുള്ള യാത്ര

പതിവാഴയിൽ എന്നോ നഷ്ടമായി

നിന്നെ കാണാനായി മാത്രം

കാത്തു നിന്ന കൺകളെയും മറന്നു

നിന്നെ തേടി നടക്കേണ്ട

വഴികളെ മറന്നു

നിന്നെ മാത്രം താലോലിക്കും

മനസ്സിനെയും മറന്നു

എന്നും നീ മാത്രമേ കൂട്ടിനുള്ളു എന്നതും

മറന്നൂ കൃഷ്ണാ ...

June 11, 2026

ആ പുഞ്ചിരി

കാണാൻ ഒന്നു മിണ്ടാൻ

അരികെ വന്നപ്പോൾ

നീയേകിയ പുഞ്ചിരിയും

അകലെയായി മറയുവോളം

ഉമ്മറക്കോലായിൽ വന്നു നിന്നതും

നിലാവിനോടുള്ള കൗതുകമൊ അതോ ...


നീല രാവിൽ

മഞ്ഞിൽ പുതഞ്ഞുറങ്ങുമ്പോഴും

താമര പൂക്കളെ മൂളി ഉറക്കുമ്പോഴും

അമാവാസിയിൽ കൊഴിഞ്ഞു തീരുമ്പോഴും

നിലാവിന്റെ ഉള്ളിലെന്നും

ആ പുഞ്ചിരി മാത്രമാണ്

മറ്റൊരു പൗർണ്ണമിയിൽ

കാണാമെന്നുള്ള പ്രതീക്ഷയാണ് .


എന്തെ ഞാൻ മറന്നൂ...

  കാലങ്ങൾ എത്രയായി കൂടെ കൂട്ടാൻ പറഞ്ഞിട്ടും ഒന്ന് ചിരിച്ചു എന്നെല്ലാതെ ഇതുവരെ നീ ഒന്നും പറഞ്ഞില്ല നിന്നെ അറിഞ്ഞ നാൾ മുതൽ കാ...