വർഷങ്ങൾക്കു ശേഷം നാട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ ആ പഴയ ശങ്കരനെല്ലൂരിനെ എവിടെയൊക്കെയോ നഷ്ടമായതു പോലെ. ശങ്കരനെല്ലൂർ ശിവക്ഷേത്രം മുതൽ കൈതച്ചാൽ വരെയുള്ള വയലിലെ പഴയ വഴികൾ പലതും കാണാനില്ല, പുതിയ വയൽ വഴികളിൽ പലതും മുള്ള് നിറഞ്ഞിരിക്കുന്നു. അമ്പലക്കുളത്തിൽ ആരുമില്ല. ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്ക്കുമ്പോൾ ഓർമ്മകളുടെ തലോടൽ പലപ്പോഴും വേദനയായി മാറുന്നു. പലതും അന്യമായതുപോലെ.
ശങ്കുമാമൻ മരണപ്പെട്ടത് കുറച്ചു ദിവസങ്ങൾക്ക് മുൻപേ ആയിരുന്നു. ശങ്കരനെല്ലൂരിലെ നാട്ടുവഴികളിലൂടെ, ബന്നുമായി സൈക്കിൾ ഓടിച്ചു പോകുന്ന ശങ്കുമാമൻ ഇനി ഓർമ മാത്രമാണ്. ആ സൈക്കിളും അതിൻ്റെ പുറകിൽ വെച്ചുകെട്ടിയ വലിയ കൊട്ടയും അതിനെ മൂടിയ നീല കളർ പ്ലാസ്റ്റിക് ഷീറ്റും ഇനിയൊരിക്കലും ഈ നാട്ടുവഴികളിലൂടെ കടന്നു പോവുകയില്ല. എവിടെയെങ്കിലും വെച്ച് കണ്ടാൽ അടുത്തു വന്ന് പഴയ പല കഥകളും പറഞ്ഞു തരുന്ന ദെച്ചിമി കുഞ്ഞീമ്മയും ഇന്നില്ല. നാട്ടുവഴികളിലൂടെ പിറുപിറുത്തു പോകുന്ന 'ചൂടത്തി ഓമന' എന്ന് എല്ലാവരും വിളിക്കുന്ന ഓമനേച്ചിയേയും ഇനി കാണാനാകില്ല. ഓരോരുത്തരെയും നഷ്ടമാകുമ്പോൾ എൻ്റെ നാടിനെ നഷ്ടമാകുന്നതായി തോന്നുന്നു. പഴയ പലതും നഷ്ടപ്പെടുത്തി പുതുമയുള്ള പലതുമായി നാട് ഒരുങ്ങി നിൽക്കുന്നതായി തോന്നുന്നു.
ആശാരിക്കാവ് പുതുക്കി പണിതിരിക്കുന്നു. എങ്കിലും പഴയ കാവും അവിടേക്ക് പോകുന്ന ചെരിഞ്ഞ വഴികളുമാണ് മനസ്സിൽ. ആൺതുണയില്ലാതെ ഒറ്റയ്ക്ക് ജീവിച്ച് തൻ്റേടം കാട്ടിയ ദെച്ചിമിയേച്ചി ഇന്നില്ല. ഒന്നിനാലും തളർത്തപ്പെടാതെ ജീവിച്ച അവർ നാട്ടിലെ സ്ത്രീശക്തിയുടെ പ്രതീകമായിരുന്നു.
ആനന്ദൻ മാഷിൻ്റെ നഷ്ടം വാക്കുകൾക്കതീതമായിരുന്നു. ഇന്നും ഉൾക്കൊള്ളാൻ കഴിയാതെ പല ഓർമ്മകളും സ്വപ്നങ്ങളിൽ ചിലപ്പോൾ തേങ്ങലായി മാറുന്നു. ജീവിച്ചിരിക്കുമ്പോൾ പലരെയും നാം ശ്രദ്ധിക്കാറില്ല. കരിമ്പിലാട്ടെ രാഘവേട്ടനെ നഷ്ടമായപ്പോൾ നാടിന് കൈമോശം വന്നത് അതിൻ്റെ മധുരമായിരുന്നു. ചീട്ടു ബാലേട്ടൻ പോയപ്പോൾ നാടിൻ്റെ ഒരു കാലഘട്ടം തന്നെ പലരുടെയും ഓർമകളിൽ മാത്രമായി.
ഇനിയൊരിക്കലും നാട് പഴയതുപോലെ ആകില്ല. നഷ്ടമായ പലരും ഇവിടുത്തെ തുടിപ്പുകൾ ആയിരുന്നു. എങ്കിലും ഒന്നു നഷ്ടമായില്ല എന്ന് ചിന്തിക്കാൻ തന്നെയാണ് ആഗ്രഹം. നഷ്ടമാകാതെ പലതും ഇനിയുമുണ്ട്, നാടിൻ്റെ മുഖമായി മാറുന്നവർ. അവർ നാടിനെ നിർവചിക്കുകയും അവരിലൂടെ നാട് സഞ്ചരിക്കുകയാണ്, അറിയപ്പെടുകയാണ് കൂടുതൽ സ്പഷ്ടമാവുകയാണ്. അത് ഈ ശങ്കരനെല്ലൂരിലെ ഓരോരുത്തരുമാണ്.
No comments:
Post a Comment