ശങ്കരനെല്ലൂരിൽ ഒരു രാഗൂട്ടി മാഷ് ഉണ്ടായിരുന്നു. പഴയ എട്ടാം ക്ലാസുകാരിയായ തൻ്റെ അമ്മയ്ക്ക് പരീക്ഷയിൽ രണ്ടു മാർക്കിൻ്റെ കുറവു വന്നതിനാൽ അധ്യാപിക ആകുവാനുള്ള അവസരം നഷ്ട്ടപ്പെട്ട കഥ ഒരു ആവലാതി പോലെ പലപ്പോഴും പറഞ്ഞു കേട്ടതിനാലാകാം രാഗൂട്ടിക്ക് അധ്യാപകനാകുവാൻ ആഗ്രഹം തോന്നിയത്.
പഴയ കാലത്തെ മറ്റു പലരെയും പോലെ ഇത്തിരി പ്രയാസപ്പെട്ടു തന്നെയാണ് രാഗൂട്ടി ടീച്ചേർസ് ട്രൈനിംഗ് (ടിടിസി) പാസായത്. ടിടിസി ക്ക് പോകുന്ന സമയത്ത്, ശങ്കരനെല്ലൂർ സ്കൂളിൽ ഒരു മാഷിൻ്റെ ഒഴിവുള്ളതിനാൽ അത് രാഗൂട്ടിക്ക് കൊടുക്കാകാമെന്നും മാനേജരായ ചാത്തൂട്ടി മാഷ് ഏറ്റിരുന്നു. പക്ഷേ, ടിടിസി യിലെ ആദ്യ ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ തവണ പാസായി വന്നപ്പോഴേക്കും പറഞ്ഞു വെച്ച സീറ്റ് ശങ്കരനെല്ലൂർ സ്കൂളിൽ ഉണ്ടായിരുന്നില്ല. തുടർന്ന് രാഗൂട്ടി മറ്റൊരു സ്കൂളിൽ മാഷായി ചേർന്നു.
ഒഴിവുദിവസങ്ങളിൽ വീട്ടിലെ പരിസരം വൃത്തിയാക്കിയും മെഴുകുതിരി നിർമ്മിച്ചും ക്രിയാത്മകമായി പ്രവർത്തിച്ചിരുന്ന രാഗൂട്ടി മാഷ് അൽപകാലങ്ങൾക്കുള്ളിൽ ഡണ്ടിക്കൽ ഷാപ്പ് പരിസരത്തെ ഒരു നിത്യ സാന്നിധ്യമായി മാറി. മുൻപൊക്കെ തന്റെ അച്ഛൻ കള്ളുകുടിച്ചു വന്നാൽ ആ മണം അടിച്ച് ഒക്കാനിച്ചിരുന്ന രാഗൂട്ടിയുടെ ഈ മാറ്റം വീട്ടുകാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്.
മാഷിന് ഒത്തിരി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പലർക്കും വേണ്ടി പണമിടപാടിന് ജാമ്യം നിന്ന് ശമ്പളത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിെന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെടുന്നത് ഒരു പതിവായിരുന്നു. പണം വാങ്ങിയ ആൾ അത് കൃത്യമായി തിരിച്ചടക്കാത്തതിനാൽ ബാങ്കിൽ നിന്ന് പലപ്പോഴും അദ്ദേഹത്തിെന്റെ പേരിൽ വീട്ടിലേക്ക് കത്ത് വരുമായിരുന്നു. അത്തരത്തിലുള്ള കത്ത് കാണുമ്പോഴൊക്കെയും മാഷിന്റെ അമ്മയ്ക്ക് വേവലാതിയാണ്. എത്ര പറഞ്ഞാലും ഇവൻ കേൾക്കില്ല എന്ന് ആ അമ്മ പിറുപിറുത്തു കൊണ്ടിരിക്കും.
കത്തിന്റെ കാര്യം പറഞ്ഞു കൊണ്ടുള്ള അമ്മയുടെ ആവലാതി സഹിക്കാൻ ആകാതെ, അവരോട് ദേഷ്യത്തിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ആ കത്തുമായി അതിന് കാരണക്കാരനായ ആളെയും തേടി വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന മാഷിനെ പലപ്പോഴും ചങ്ങാതിമാരുമായി ഡണ്ടിക്കൽ ഷാപ്പ് പരിസരത്ത് തന്നെയാണ് കാണാൻ കഴിയുക.
വാച്ചും റേഡിയോയും റിപേർ ചെയ്യുന്നത് രാഗൂട്ടി മാഷിന് ഒരു ഹോബി ആയിരുന്നു. കേടായതിൻ്റെ കാരണം തേടി മണിക്കൂറുകൾ അദ്ദേഹം ഉപകരണത്തിന്റെ മുന്നിൽ കുത്തിയിരിക്കുമായിരുന്നു. ആ സമയത്ത് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുകയോ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ സാധനം ശരിയാകാത്തതിൻ്റെ ദേഷ്യം മുഴുവൻ അവരോട് തീർക്കാറുമുണ്ട്. ചെറുപ്പത്തിൽ, വാച്ചും റേഡിയോയും നന്നാക്കുന്നതിനെ കുറിച്ചുള്ള ഒരു ബുക്ക് രാഗൂട്ടി തപാലിൽ വരുത്തി പഠിച്ചിരുന്നു. അതിനാൽ അത്തരം സാധങ്ങൾ കേടായാൽ നാട്ടിലെ ചുരുക്കം ചിലർ അത് നന്നാക്കാനായി മാഷിനെയാണ് ഏൽപ്പിച്ചിരുന്നത്. വലിയ ഒരു റിപ്പയർ ഒന്നുമല്ലെങ്കിലും ആരെങ്കിലും റേഡിയോ നന്നാക്കാൻ കൊടുക്കുന്നത് രാഗൂട്ടി മാഷിന് ഒത്തിരി അഭിമാനവും സന്തോഷവുമായിരുന്നു.
രാഗൂട്ടി മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അമ്മയോടുള്ള സ്നേഹമായിരുന്നു. മറ്റ് മക്കളാരും അധികമായി പ്രകടിപ്പിക്കാത്ത സ്നേഹം, ആ മകന് അമ്മയോട് ഉണ്ടായിരുന്നു. അമ്മയ്ക്കും അങ്ങിനെ തന്നെയായിരുന്നു. ചില കാരണങ്ങളാൽ മാഷ് വീടെടുത്ത് താമസിച്ചത് ഭാര്യവീട്ടിന് അരികിലായിരുന്നു . എങ്കിലും എന്നും സ്കൂൾ വിട്ടു കഴിഞ്ഞാൽ വൈകുന്നേരം അമ്മയെ കണ്ടേ ആ മകൻ തന്റെ വീട്ടിലേക്ക് പോകാറുള്ളൂ. മകൻ വരുമ്പോഴേക്കും കഴിക്കാനായി ഇഷ്ടപ്പെട്ട വിഭവങ്ങളായ അരിപ്പത്തിരിയോ, ഓട്ടു ചട്ടിയിൽ വെച്ച് ചുട്ടെടുത്ത ഓട്ടടയോ തയ്യാറാക്കി ആ അമ്മ കാത്തിരിക്കും. വീട്ടിൽ എന്ത് തയ്യാറാക്കിയാലും ഇത് എന്റെ രാഗൂന് എന്ന് പറഞ്ഞ്, ആ അമ്മ മാറ്റിവെയ്ക്കുന്നത് മറ്റുള്ള മക്കളൊക്ക ഇത്തിരി ദേഷ്യത്തോടെ തന്നെയായിരിക്കും പലപ്പോഴും നോക്കിക്കണ്ടിരുന്നത്.
പലപ്പോഴും ഭാര്യയോട് പിണങ്ങിയെന്ന കാരണം പറഞ്ഞ് അമ്മയുടെ കൂടെ താമസിക്കാൻ വരുന്ന രാഗൂട്ടി മാഷെ കാണുമ്പോൾ, അമ്മയുടെ കൂടെ താമസിക്കാനായി വെറുതെ ഒരു കാരണം ഉണ്ടാക്കി വരികയാണോ എന്ന് തോന്നാറുണ്ട്. അമ്മ മരിച്ചതിൽ പിന്നെ രാഗൂട്ടി മാഷ് ശങ്കരനെല്ലൂർ അധികം വന്നിട്ടില്ല. അധികം താമസിയാതെ മാഷും അമ്മയുടെ അരികിലേക്ക് പോയി. പലപ്പോഴും അമ്മയോടുള്ള മകൻ്റെ സ്നേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ശങ്കരനെല്ലൂരിലെ രാഗൂട്ടി മാഷിൻ്റെ മുഖം തന്നെയാണ് മനസ്സിൽ വരിക.
No comments:
Post a Comment