പ്രണയം... ഓരോ ജീവനും കാണാനും കേൾക്കാനും അറിയാനും കൊതിക്കുന്ന പൂർണതയുടെ രാധാകൃഷ്ണ ഭാവം.
ആ പൂർണ്ണതയിൽ ശരീരമില്ല, മനസ്സ് മാത്രം. രാധ കൃഷ്ണനായും, കൃഷ്ണൻ രാധയുമായി രൂപാന്തരപ്പെടുന്ന നിർവൃതിയുടെ സാക്ഷാത്കാരത്തിന്റെ രാധാകൃഷ്ണ ഭാവം.
അവിടെ കാലമോ ദേശമോ ദൂരമോ കാഴ്ചയോ തടസ്സമല്ല. പ്രണയം എന്ന വികാരം മാത്രം. മനസ്സുകളെ ഒന്നാക്കുന്ന ആത്മ സാക്ഷാത്കാരം... ഏവരുടെയും അവകാശം.
വീണ്ടും ആ ഹൃദയത്തിലേക്ക്...
കാലങ്ങൾക്ക് ശേഷം ഹൃദയം അവളെ കണ്ടു. തന്റെ നഷ്ട പ്രണയത്തി വേദനകൾ അവൾ തന്നെ ഹൃദയത്തോട് പറഞ്ഞു. ഒന്നും തിരിച്ചു പറയാൻ കഴിയാതെ ഹൃദയം നിശബ്ദനായി.
അവൾ വേദനിക്കാതിരിക്കാനാണ് ഹൃദയംകൊതിച്ചത്. പക്ഷെ ആ പ്രണയ നിഷേധം ഇന്നും അവളിൽ എരിഞ്ഞു കൊണ്ടിരിക്കുന്നു. നീ സന്തോഷവതിയാകട്ടെ എന്ന് ആശംസിച്ച് അന്ന് അവളിൽ നിന്നും അകന്നു പോയതാണ്, കാലങ്ങൾക്കിപ്പുറം അവളെ കണ്ടപ്പോൾ ആ നടന്നു പോയ വഴികളിലേക്ക് ഇന്നും അവൾ നോക്കി നിൽക്കുകയാണെന്ന് ഒരു തോന്നൽ.
ആ പരിഭവങ്ങൾ കേട്ടപ്പോൾ ഒരിക്കലെങ്കിലും അവളെ നോക്കി പുഞ്ചിരിക്കാമായിരുന്നു എന്ന് തോന്നി. എത്രയോ തവണ മനസ്സാ ക്ഷമാപണം നടത്തി. പക്ഷേ അതൊന്നും ആ വേദനകൾക്ക് പകരമാകില്ലായിരുന്നു .
ഏവരും കൊതിച്ചിരുന്ന ആ പ്രണയം ഹൃദയത്തെ തേടി വന്നത് ആ കടലാസിലൂടെ ആയിരുന്നു. അന്ന് അവൾ എഴുതിയ വരികളിൽ "ഇഷ്ടമാണ് മറക്കാൻ കഴിയില്ല" എന്നത് മാത്രമാണ് ഹൃദയം വായിച്ചത്. തുടർന്ന് എഴുതിയതൊന്നും വായിച്ചു നോക്കാതെ സ്കൂൾ മുറ്റത്ത് കീറിയ ആ കടലാസു തുണ്ടുകളെ ഓർത്ത് അവളെക്കാൾ ചിലപ്പോൾ ഹൃദയം വേദനിച്ചിട്ടുണ്ടാകും.
വർഷങ്ങൾക്കിപ്പുറം സ്കൂളിലെ ആ വരാന്തയിൽ വീണ്ടും എത്തിയപ്പോൾ കീറിക്കളഞ്ഞ ആ കടലാസ് കഷ്ണത്തിനുവേണ്ടി ഹൃദയം ചുറ്റും നോക്കിയിരുന്നു, തിരിച്ചു കിട്ടുമായിരുന്നെങ്കിൽ ഒന്ന് ചേർത്തുവെക്കാൻ.. പക്ഷേ കാലം പുറകോട്ട് പോകില്ലായിരുന്നു.
അവളോട് എന്നും ദേഷ്യം മാത്രമായിരുന്നു. പക്ഷേ അന്ന് ആ രാത്രി റേഡിയോയിൽ കേട്ട ആ ഗാനം ......
അത് അവളെക്കുറിച്ചാണ് എന്ന തോന്നൽ. ചുറ്റും അവളെ മാത്രം കണ്ടു .അതായിരുന്നു പ്രണയദേവത ഹൃദയത്തെ തഴുകി ആ നിമിഷം .
ആ നിമിഷം മുതൽ അവളെ കാണാനായാണ് ആ ഹൃദയം തുടിച്ചത്.
എങ്കിലും ആ സ്നേഹം അവൾ അറിയാതിരിക്കാൻ ശ്രമിച്ചു. ദേഷ്യപ്പെടുമ്പോഴും അവഗണിക്കുമ്പോഴും അവളുടെ പ്രണയം എത്രമാത്രമാണെന്ന് ഹൃദയത്തിന് അറിയാമായിരുന്നു. ആ അവൾ പ്രണയം തിരിച്ചറിഞ്ഞാൽ അതിന്റെ വ്യാപ്തി എത്രമാത്രം വലുതാകുമെന്നും അത് താങ്ങാൻ തന്റെയോ അവളുടെയോ ചുറ്റുപാടുകൾക്ക് കഴിയില്ലെന്നും ഹൃദയം മനസ്സിലാക്കിയിരുന്നു .
അവളെ ഒന്ന് കാണാൻ എന്തെകിലും പറയാൻ കൂടെ ചേർത്തു നിർത്താൻ എത്രയോ കൊതിച്ചിരുന്നു. അതിനു കഴിയാതെ അകന്നു മാറി നിൽക്കേണ്ടി വന്നപ്പോൾ ഹൃദയം അനുഭവിച്ച വേദനകളെ ആരും അറിഞ്ഞിരുന്നില്ല. കാലങ്ങൾക്കപ്പുറം ഹൃദയത്തിന്റെ പ്രണയം തിരിച്ചറിഞ്ഞ് അവൾ നേരിട്ടും അല്ലാതെയും ഒരുപാട് കുറ്റപ്പെടുത്തിയപ്പോൾ ഒരു അപരാധിയായി എല്ലാം കേട്ടുനിന്നു .
അവളായിരുന്നു ശരി. ആ പ്രണയത്തെ തകർത്തത് ഹൃദയമായിരുന്നു. അവൾക്ക് ഒരു പുഞ്ചിരി മതിയാകുമായിരുന്നു. പക്ഷെ അതിന് പോലും കഴിയാതെ അവളുടെ ഭാഷയിൽ ഹൃദയം ഒരു ദുഷ്ടനായി.
എങ്കിലും ഹൃദയത്തിന് അറിയാം അവളെ പ്രണയിക്കാതെ ആ പ്രണയമില്ലാതെ താനില്ലെന്ന്. അവളെ ഇന്നും പ്രണയിക്കുന്നു...അത് ഇന്നത്തെ അവളെ അല്ല. ഇന്ന് അവൾ ഭാര്യയാണ് അമ്മയാണ് ആ അവൾ ഹൃദയത്തിന്റെ സുഹൃത്താണ്. ഹൃദയം പ്രണയിക്കുന്നത് അവളെയാണ്, ക്ലാസിലെ ജനവാതിലിലൂടെ താൻ വരുന്നതും കാത്തിരിക്കുന്ന എത്ര ദേഷ്യപ്പെട്ടാലും തന്നോട് മിണ്ടാൻ കൊതിച്ചിരുന്ന തന്റെ എല്ലാമെല്ലാമായ അന്നത്തെ അവളെ.
ഹൃദയത്തിൻറെ ഭാഷ കടമെടുത്താൽ അവൾ അന്നും എന്നും എന്നിലുണ്ട്, ഞാൻ അവളിലും. ആ ചേർച്ചയിൽ ഞങ്ങളും പൂർണ്ണരാണ്; രാധാകൃഷ്ണരാണ്.
No comments:
Post a Comment