October 29, 2013

എലിയെ പേടിച്ച് വിമാനം....

         ന്നലെ ചേര്‍ന്ന അവൈലബിള്‍ എലിറ്റ്ബ്യൂറോവിനു ശേഷം എലിസമാജം ഇറക്കിയ പത്രക്കുറിപ്പില്‍ കഴിഞ്ഞദിവസം കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ 934 വിമാനം മസ്ക്കറ്റില്‍ ഇറക്കിയത് തങ്ങള്‍ക്കു നേരിട്ട കനത്ത അപമാനമാണെന്നും സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വ്യക്തമാക്കി.


  കാലാകാലങ്ങളായി വിസാ നിയമം പരിഷ്കരിക്കുന്ന ഭരണകൂടങ്ങള്‍ തങ്ങളോടു കാണിക്കുന്ന അവഗണനയാണ്  പ്രശ്നം ഇത്തരത്തില്‍ ഗുരുതരമാക്കിയത്‌.പാസ്സ്പോര്‍ട്ടും വിസയും അനുവദിച്ചു കിട്ടാന്‍ തങ്ങള്‍ കരണ്ടാത വാതിലുകളില്ലെന്ന്‍ പ്രസിഡണ്ട്‌ എലിയാമാഡവും  സെക്രട്ടേറി എലിപ്പണിക്കറും വ്യക്തമാക്കി. ഗള്‍ഫ് സന്ദര്‍ശനം നടത്തുകയായിരുന്ന തങ്ങളുടെ ചാമ്പ്യന്‍ എലികുരുവിള മടക്കയാത്ര വിമാനത്തിലാക്കിയത്‌ ഇത്രയും ഊതിവീര്‍പ്പിച്ച് വിവാദമാക്കി  തങ്ങളെ അപമാനിക്കേണ്ടിയിരുന്നില്ല എന്ന്‍ ഇരുവരും പറഞ്ഞു.

   യാത്രക്കാരനായ ഒരു എലി വിരോധിയുടെ ജല്‍പനം കേട്ട് വിമാനം മസ്ക്കറ്റിലിറക്കി കള്ളവണ്ടി കയറിയ എലികുരുവിളയുടെ നാട്ടിലേക്കുള്ള യാത്ര തടഞ്ഞു വച്ചത് മൂഷികവംശം പൊറുക്കില്ല, ഇതിനെതിരെ വരുന്ന മാസം രണ്ടാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് ആഗോള തലത്തില്‍ കരണ്ടുതിന്നല്‍ യജ്ഞം നടത്തും,വിസാ പാസ്സ്പോര്‍ട്ട് നിയമങ്ങളില്‍ തങ്ങള്‍ക്കനുകൂലമായി ഒരു തീരുമാനം വരുന്നതുവരെയും നടന്ന സംഭവത്തില്‍ വേണ്ടപ്പെട്ട അധികാരികള്‍ മാപ്പ് ചോദിക്കുന്നത് വരെയും സമരം തുടരുമെന്നും ആഗോള തലത്തില്‍ എലികള്‍ സംഘടിച്ച് സമരം രൂക്ഷമാക്കണമെന്നും സെക്രട്ടറി ആഹ്വാനം ചെയ്തു. യാതൊരു ആയുധവുമില്ലാതെ യാത്ര ചെയ്യുകയായിരുന്ന എലികുരുവിളയെ ഭീകരവാദിയായി ചിത്രീകരിക്കാനുള്ള ചില താത്പര കക്ഷികളുടെ നീക്കങ്ങളും പ്രതിഷേധാര്‍ഹാമാണ്. പരാതിക്കാരനായ യാത്രക്കാരനെ പ്രത്യേകമായി നേരിടാന്‍ എലിസമാജം തങ്ങളുടെ യൂത്ത് ഫഡറേഷനെ ഇറക്കുന്നതാണ്.

  മുന്‍പ് മൂഷികവംശത്തിന്‍റെ വിദേശ യാത്രകള്‍ കപ്പലില്‍ മാത്രമായിരുന്നു. ടൈറ്റാനിക്ക് ദുരന്തത്തിനു ശേഷം കുറേ കാലം യാത്ര നിര്‍ത്തിവെച്ചതായിരുന്നു. പിന്നെ പതുക്കെപ്പതുക്കെ യാത്ര സമാജം അനുവദിക്കുകയായിരുന്നു. പക്ഷെ അടുത്തകാലത്ത് സോമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്നും വ്യാപകമായ ആക്രമണം നേരിടേണ്ടി വന്നതിനാല്‍  കപ്പല്‍യാത്രയില്‍ എലികള്‍ക്കുള്ള താത്പര്യം കുറഞ്ഞു. മാത്രവുമല്ല ദിവസങ്ങള്‍ നീളുന്ന കപ്പല്‍ യാത്ര മഹാ ബോറാണെന്നും നടുക്കടലില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്നില്ലെന്നും, ഭക്ഷണം എലികള്‍ക്ക് കഴിക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നില്ലെന്നും  സ്ഥിരം യാത്രക്കാരായ എലികളില്‍ പലരും പറയുന്നു. വിശദമായ പരാതിയുമായി തങ്ങളുടെ  ഗവര്‍ണര്‍ ഗണപതിയെ സന്ദര്‍ശിക്കാന്‍ ലക്ഷം ഒപ്പുശേഖരത്തിലാണ് എലികള്‍.

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...