മനോഹരമായ നിമിഷങ്ങളിലൂടെ പാതിരിയാട് സ്കൂളിലെ ഞങ്ങളുടെ ഒൻപതാം ക്ലാസ് കടന്നുപോവുകയായിരുന്നു.
ആ കാലത്താണ് നീലകണ്ഠൻ മാഷിൻ്റെയും വിനീതൻ മാഷിൻ്റെയും സഹായത്തോടെ പുലരി എന്ന കയ്യെഴുത്തു മാസിക ഞങ്ങളുടെ ക്ലാസ് പുറത്തിറക്കിയത്. സ്കൂൾ അസംബ്ലിയിൽ അത് പ്രകാശനം ചെയ്യുകയും ചെയ്തു.
ക്ലാസിലെ ഭൂരിപക്ഷംപേരും ഒരു വർഷത്തിലേറെയായി ഒന്നിച്ച് തന്നെയായിരുന്നു, അതിനാൽ തന്നെ പലർക്കും നല്ല കൂട്ടുകാരെ കിട്ടി. ചിലർക്ക് ചില പ്രണയങ്ങളും വന്നു ചേർന്നു.
തേടിയെത്തിയതും തേടി അലയുകയും ചെയ്ത പ്രണയങ്ങൾ. അറിഞ്ഞിട്ടും അറിയാത്ത പ്രണയങ്ങൾ. ആ കാലമത്രയും ശനിയും ഞായറും വരാൻ കാത്തുനിന്നവർ ഒരു അവധി ദിവസം പോലും വരാതെ എന്നും പ്രണയിതാവിനെ കാണാൻ കൊതിച്ചതും ആ കാലത്ത് തന്നെയായിരിക്കും.
ആ പ്രണയം നിഷ്കളങ്കമായിരുന്നു, ഒന്നും ആഗ്രഹിക്കാതെ നിർമലത. ഈശ്വരീയമായ ആ പ്രണയത്തിന് പ്രണയിതാവിനെ ഒരു മാത്ര കണ്ടാൽ പൂർണ്ണ നിർവൃതിയായിരുന്നു.
തൻ്റെ പ്രണയത്തെ അറിയിക്കാനായി ബെഞ്ചിലും ഡെസ്കിലും പേരെഴുതി വെച്ചവർ, അടുത്ത ക്ലാസിലെ പ്രണയിതാവിനെ കാണാനായി ക്ലാസിലെ ചുമര് തുരന്നവർ, പ്രണയലേഖനങ്ങൾ കൈമാറിയവർ, വഴിയോരത്ത് കാത്ത് നിന്നവർ, സ്കൂൾ വിട്ടാൽ എന്നും പുറകെ നടന്നവർ, അവധിദിവസങ്ങളിൽ പ്രണയിതാവിൻ്റെ വീടു ചുറ്റി നടന്നവർ. എന്നാൽ ഇതിലൊന്നും പെടാതെ നിശബ്ദമായി പ്രണയിച്ച ചിലരും ഉണ്ടായിരുന്നു..
സ്കൂൾ കാലങ്ങളിൽ കൂടുതലും നിശബ്ദ പ്രണയമായിരിക്കാം, അവരെ പലപ്പോഴും ആരും അറിഞ്ഞിരിക്കില്ല. അത് പലപ്പോഴും കണ്ടറിഞ്ഞ, കേട്ടറിഞ്ഞ പ്രണയത്തേക്കാൾ ശക്തവുമായിരിക്കും. തൻ്റെ ഉള്ളിൽ നാമ്പിട്ട പ്രണയത്തെ ഒരു മഹാവൃക്ഷമാക്കി വളർത്തി, കാണുന്നതും കേൾക്കുന്നതും അറിയുന്നതും പ്രണയമായി മാറ്റുന്ന അപൂർവ്വത. അതിൽ അലിഞ്ഞു ചേർന്ന നാളുകളിൽ ഒരിക്കൽ തായ് വേരോടെ ആ പ്രണയത്തെ പറിച്ചു കളയേണ്ടി വരുമ്പോൾ ആരും അറിയാതെ തേങ്ങേണ്ടി വരുന്നതും, കാലങ്ങൾക്കിപ്പുറയും ആ വേദനയിൽ സ്വയം നീറുന്നതും ചിലപ്പോൾ നിശബ്ദ പ്രണയം മാത്രമായിരിക്കും.
നഷ്ടമായതിൻ്റെ കണക്കുകളാകാം സ്കൂൾ പ്രണയത്തിന് കൂടുതലും. സാക്ഷാത്കരിച്ചവർ ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുകയുള്ളൂ, അവർ ഒരിക്കലും തങ്ങളുടെ പ്രണയം മറ്റൊന്നിനു വേണ്ടി നഷ്ടപ്പെടുത്തുമെന്ന് തോന്നുന്നുമില്ല.
സ്കൂൾ കാലത്ത് ഒരിക്കലെങ്കിലും പ്രണയിച്ചില്ലെങ്കിൽ അതിനെ നഷ്ടം എന്ന് മാത്രമേ പറയുവാൻ കഴിയുകയുള്ളൂ; ആ സമയത്തല്ലാതെ അത്രയും ആത്മാർഥമായി, പരിശുദ്ധമായി സ്നേഹിക്കാൻ കഴിയില്ല. കാലങ്ങൾ എത്ര കഴിഞ്ഞാലും മനസ്സിൽ ഒരു വേദനയായി അവശേഷിക്കുന്നത് തന്നെയാണ് ആ പ്രണയം.
No comments:
Post a Comment