തുടർച്ചയായ പരാജയങ്ങൾ ചിന്തിപ്പിക്കും എന്ന് പറയാറില്ലേ, അത് ഞങ്ങളുടെ സ്വാതി ടീമിൻ്റെ കാര്യത്തിൽ ശരിയായിരുന്നു. നാണംകെട്ട തോൽവികൾ ഞങ്ങളെ ഇത്തിരി ചിന്തിപ്പിച്ചു. എങ്ങിനെ ബാറ്റ് ചെയ്യണം അല്ലെങ്കിൽ എങ്ങിനെ ബോൾ ചെയ്യണം എന്നതിലുപരി എങ്ങിനെ ഫീൽഡ് ചെയ്യണം എന്നാണ് ഞങ്ങൾ ചിന്തിച്ചത്.
അത് ഒരു പരീക്ഷണം ആയിരുന്നു. പലർക്കും തമാശയും ആയിരുന്നു. കോക്കോടൻ ടീമിലെ പലരും പരിഹാസഭാവത്തോടെ തന്നെ പുതിയ ഫീൽഡിംഗ് കണ്ടുനിന്നു.
പരീക്ഷണത്തിൻ്റെ ആദ്യപടി സ്ലിപ്പിൽ ഒരാളെ നിർത്തിയതായിരുന്നു. ടിവിയിൽ മാത്രം കണ്ടു ശീലിച്ച ഫീൽഡിങ്. നേരാവണ്ണം കീപ്പറിന് തന്നെ വല്ലപ്പോഴുമേ ക്യാച്ച് കിട്ടാറുള്ളൂ പിന്നെ തൊട്ടപ്പുറം ഒരാളുടെ ആവശ്യമുണ്ടോ, അതിനു പകരം സിക്സ് ലൈനിൽ നിർത്തുന്നതല്ലെ നല്ലത് എന്ന് ഞങ്ങളിൽ തന്നെ പലരും ചിന്തിച്ചിരുന്നു. കീപ്പർ തന്നെ വെറുതെയാണ് എന്ന് ചിന്തിച്ചിരുന്ന ഒരു കാലത്ത് സ്ലിപ്പിൽ ഒരാളെ നിൽപ്പിക്കുമ്പോൾ ആരും അതൊരു തമാശയായേ കാണൂ.
ആ കളിയിൽ ആദ്യം ബാറ്റ് ചെയ്തത് കോക്കോടൻ ടീം ആയിരുന്നു. ബോൾ കുറ്റിക്ക് നേരെ എറിയേണ്ടതില്ല എന്ന് ആദ്യമേ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഓഫ് സൈഡിൽ കഴിയുന്നത്ര ഫാസ്റ്റിൽ ബോൾ എറിയാൻ കുട്ടനും സജിത്തും ശ്രമിച്ചു. ആദ്യ ഓവറിൽ തന്നെ ഫലം കണ്ടു. ഓഫ് സൈഡിൽ എറിഞ്ഞ ഒരു ബോൾ ബാറ്റിലെ എഡ്ജിൽ തട്ടി സ്ലിപ്പിലേക്ക് തെറിച്ചു . സ്ലിപ്പിൽ നിന്നിരുന്ന ചോട്ടു ടിവിയിൽ കണ്ടു മറന്ന മനോഹരമായ ഒരു ക്യാച്ചിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഡൈവ് ചെയ്തു. ബോൾ കൈകളിൽ ഭദ്രം. അതെ ആ നിമിഷം ആയിരുന്നു ഞങ്ങളുടെ ആഹ്ലാദ പ്രകടനത്തിൻ്റെ തുടക്കം. ആ വിക്കറ്റ് ഞങ്ങൾക്കേകിയ ആത്മവിശ്വാസവും ചെറുതായിരുന്നില്ല. ബോൾ എങ്ങിനെ ആ ഭാഗത്തേക്ക് പോയി എന്നും പലരും ചിന്തിക്കുന്നതിനിടയിൽ അടുത്ത വിക്കറ്റും സമാനമായ രീതിയിൽ വീണു.
ഓരോ കളിക്കാരനും ഓരോ ബാറ്റിങ് ശൈലിയുണ്ട് .ചിലതരം ബോളുകളെ പലപ്പോഴും അവർ ഒരേ രീതിയിൽ ആകും നേരിടുക. എതിർ ടീമിലെ ഓരോ കളിക്കാരെനെയും കഴിഞ്ഞ കുറേ നാളുകളായി ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു. അതിനാൽ തന്നെ ഓരോരുത്തരും ബാറ്റ് ചെയ്യാൻ വരുമ്പോൾ വ്യത്യസ്ത രീതിയിൽ ഫീൽഡിംഗ് ചെയ്തു . അത് വിജയമായിരുന്നു. ആസൂത്രണം ചെയ്ത രീതിയിൽ ബോൾ എറിഞ്ഞപ്പോൾ കൃത്യമായ സ്ഥലത്ത് തന്നെ അവരുടെ ഷോട്ട് വരികയും അവിടെ ഫീൽഡ് നിന്നവർ ബോൾ കൈകളിലാക്കുകയും ചെയ്തു. ഞങ്ങളുടെ ഫീൽഡിങ് പരിഷ്കാരം കോക്കോടൻ ടീമിനെ ചിന്തിപ്പിച്ചോ എന്നറിയില്ല, ആദ്യം കണ്ട പരിഹാസമൊന്നും പിന്നീട് കണ്ടില്ല. ചെറിയ റണ്ണിന് തന്നെ എല്ലാവരും ഔട്ടായി.
സ്വാതി ടീമിൻ്റെ ബാറ്റിംഗ് തുടങ്ങി.
സിക്സും ഫോറും അടിക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. കഴിയുന്നത്ര ബോൾ റണ്ണൊന്നും എടുക്കാതെ മുട്ടിയിട്ടു. വല്ലപ്പോഴും ഒന്നോ രണ്ടോ റൺ ഓടിയെടുത്തു. അങ്ങിനെ പതുക്കെ പതുക്കെ വിജയ റണ്ണിന് അടുത്തെത്തി. അവർ നാലോവറിൽ എടുത്തത് ഞങ്ങൾ പതിനഞ്ച് ഓവർ മുട്ടി നിന്ന് സിങ്കിളുകൾ എടുത്ത് വിജയിച്ചു. അത് ഞങ്ങളുടെ ആദ്യ വിജയമായിരുന്നു. കോക്കോടൻ ടീമിന് അപ്രതീക്ഷിത തോൽവിയും. അന്ന് ഞങ്ങളുടെ ടീമിലെ പലരും മതിയാകും വരെ അവരെ കൂവി വിളിച്ചു.
തുടർന്ന് പല ദിവസങ്ങളിലും മാച്ച് നടന്നു. അതൊക്കെ സ്വതി ടീമിൻ്റെ വിജയം ഉറപ്പിച്ച് തന്നെയായിരുന്നു. ഇടയ്ക്ക് സ്ലിപ്പിൽ രണ്ടാളെ വരെ വെച്ച് ഞങ്ങൾ കൊക്കോടൻ വിക്കറ്റുകൾ എടുത്തു. അങ്ങിനെ തുടർച്ചയായി പതിനെട്ട് വിജയങ്ങൾ സ്വാതി ടീം സ്വന്തമാക്കി. പതിനേഴ് പരാജയങ്ങളുടെ കയ്പ്പ് മാറ്റാൻ പതിനെട്ട് വിജയങ്ങൾ. നാട്ടിലെ കളികളിൽ അന്നുവരെ ആരും പ്രതീക്ഷിക്കാതിരുന്ന ആ ഫീൽഡിംഗ് പിന്നീട് കോക്കോടൻ ടീമും പരീക്ഷിച്ചെങ്കിലും എന്തോ അത് അത്രയങ്ങ് വിജയിച്ചില്ല.
ഒരിക്കൽ ഞങ്ങളുടെ മാച്ച് പഞ്ചായത്ത് റോഡിൽ ആയിരുന്നു. അന്ന് ആദ്യമായിട്ടായിരുന്നു അവിടെ മാച്ച് കളിക്കുന്നത്. സ്വാതി ടീം ആയിരുന്നു ആദ്യം ബാറ്റ് ചെയ്തത്. താറിട്ട റോഡിൽ ഫാസ്റ്റ് ബോളിന് അപ്രതീക്ഷിത വേഗതയായിരുന്നു. പലരുടെയും അടികൾ തൊട്ടടുത്ത പറമ്പിലേക്ക് പോയി. അതെല്ലാം ഔട്ടായിരുന്നു.
വെറും ഒരു റണ്ണിന് എല്ലാവരും പുറത്ത്.
ഞങ്ങളുടെ സ്ഥലത്ത് ഒരു റണ്ണിന് എല്ലാവരേയും പുറത്താക്കിയതും പറഞ്ഞ് കോക്കോടൻ ടീം കുറച്ചൊന്നുമല്ല അന്ന് കളിയാക്കിയത്. പെട്ടന്ന് ജയിക്കാം എന്നുള്ളതിനാൽ അവർ ആവേശത്തിൽ തന്നെയായിരുന്നു.
ബാറ്റിംഗ് തുടങ്ങി.
ഇത്രനാളും അവിടെ കളിച്ച ഞങ്ങളെ ഒരു റണ്ണിന് പുറത്താക്കിയെങ്കിൽ, അവരെ ഒന്നും എടുക്കാൻ അനുവദിക്കാതെ വട്ടപൂജ്യത്തിൽ തന്നെ ഞങ്ങൾ പുറത്താക്കി. ഒരിക്കലും മറക്കാനാവാത്ത ഒരു വലിയ വിജയം ആയിരുന്നു അന്ന് സ്വാതി ടീം അവിടെ സ്വന്തമാക്കിയത്.
കാലങ്ങൾ കഴിഞ്ഞപ്പോൾ സ്വാതി ടീമും കോക്കോടൻ ടീമും ഒന്നിച്ചു കളിക്കാൻ തുടങ്ങി. കളിക്കാനുള്ളവർ ഇരു ടീമിലും പ്രത്യേകിച്ച് കോക്കോടൻ ടീമിൽ കുറഞ്ഞു വന്നതും കോക്കോടൻ പറമ്പത്ത് കളിക്കാൻ ചില പ്രശ്നങ്ങൾ നേരിട്ടതിനാലും പരസ്പരമുള്ള മാച്ചുകൾ സാവധാനം ഒഴിവാക്കുകയായിരുന്നു. പലപ്പോഴും മറ്റു ടീമുകളെ മാച്ച് വിളിച്ച് ഒരു ടീമായി ഞങ്ങൾ കളിച്ചു. അങ്ങിനെ ഒന്നിച്ചുള്ള പഞ്ചായത്ത് റോഡിലെ കളികൾ പുരോഗമിക്കുമ്പോൾ ഒരു ദിവസം ആരോ വന്നു പറഞ്ഞു.
"നമുക്ക് ഇവിടെ നിന്നും മാറി പൊയ്യയിൽ പോയി കളിച്ചാലോ. അത് നല്ല സ്ഥലമാണ്."
അതെ പൊയ്യ മനോഹരമായ സ്ഥലമാണ്.
ആ നിമിഷം മുതൽ എല്ലാവരും പൊയ്യയിൽ സ്ഥിരമായി കളിക്കുന്നതിനെക്കുറിച്ച് കൂലംകുഷമായി ചിന്തിച്ചുതുടങ്ങി.
കളി തുടരും ...
👌
ReplyDelete👍 Bakki pettannirakku.....
ReplyDeleteSure☺️👍
Delete