ഓർമ്മകൾ ചിലപ്പോൾ മനോഹരമാണ് ചിലപ്പോൾ വേദനയും.ഒത്തിരി നല്ല നിമിഷങ്ങൾ സമ്മാനിച്ച സ്കൂൾ കാലം, ഇത്തിരി കുഞ്ഞൻ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ചു വെച്ച ജീരകമുട്ടായിയും,മായ്ക്കാൻ പോരെങ്കിലും മനോഹരമായ ആകൃതിയിലും നിറത്തിലും വന്ന റബ്ബറുകളും (eraser) മനസ്സിനെ കൊതിപ്പിച്ച കാലം അത് വീണ്ടും മാടി വിളിക്കുന്നത് പോലെ.
സ്കൂളിൽ കഞ്ഞിയില്ലാത്ത ദിവസങ്ങളിൽ വെല്ലുമ്മയുടെ വീട്ടിൽ നിന്നും ഉള്ളി വറവും കൂട്ടി ചോറ് കഴിച്ചതും, അമ്മ സ്ലേറ്റിൽ വരച്ചു തന്ന കാക്കയുടെ മറ്റും ചിത്രം കാണിച്ച് കൂട്ടുകാരുടെ ഇടയിൽ ഗമ കാണിച്ചതും ആ കാലത്തെ മനോഹരമായ ഓർമകളാണ്.എന്റെ ഒരു ബന്ധു പോലീസിലായിരുന്നു, എന്തെങ്കിലും കാരണത്താൽ വഴക്കിനു വരുന്നവരോട് ഒന്നാം ക്ലാസുകാരനായ ഞാൻ പറഞ്ഞത് അങ്കിളിന്റെ തോക്കെടുത്ത് വന്ന് വെടിവെയ്ക്കും എന്നായിരുന്നു. ആ ചെറുപ്രായത്തിൽ വെടികൊള്ളാൻ താത്പര്യമില്ലാത്തതിനാൽ ഒട്ടുമിക്ക പേരും എന്റെ സുഹൃത്തുക്കളായിരുന്നു.
ഞായറാഴ്ച വൈകുന്നേരം ദൂരദർശനിൽ കാണിച്ച സിനിമാ വിശേഷം പങ്കുവെയ്ക്കാൻ തിങ്കളാഴ്ച രാവിലെ നേരത്തെ തന്നെ ഞങ്ങൾ സ്കൂൾ മുറ്റത്ത് ഒത്തുചേരുമായിരുന്നു. തലേ ദിവസത്തെ പല സിനിമാ രംഗങ്ങളും ഡയലോഗുകളും ഞങ്ങളുടെ വകയുള്ള അവതരണമാണത്. കുട്ടികളിൽ ചിലർ ക്ലാസിലെ ചുമര് ഓട്ടയാക്കി അവിടെ ഫോട്ടോ വെച്ച് പൂജ നടത്തുന്നതും പലപ്പോഴായി കാണാറുള്ള കാഴ്ചയായിരുന്നു.
ആ കാലത്ത് ഇടയ്ക്കിടെ ചെറുതക്കാളിയുടെ വലുപ്പത്തിലുള്ള ഒരു പഴവുമായി ക്ലാസിൽ വരുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു. എല്ലാവരുടെയും ആശ്ചര്യമായ, മാഷൻമാരോട് ഭയമില്ലാതെ പെരുമാറുന്ന തൻവീർ... അവൻ നോമ്പെടുക്കുമ്പോൾ ഉമിനീരിറക്കാതിരിക്കാൻ ഇടയ്ക്കിടെ തുപ്പിക്കൊണ്ടിരുന്നത് ഞങ്ങൾക്ക് ഒരു കൗതുകമായിരുന്നു. അവന്റെ നോമ്പുതുറ വിശേഷങ്ങൾ അതിലേറെ രസവുമാണ്. അവന്റെ വീട്ടിൽ ഒത്തിരി തവണ ഞാൻ പോയിട്ടുണ്ട്. റോഡരികിലെ ആ വലിയ വീട്ടിലെ മുകളിലത്തെ നിലയിൽ മനോഹരമായി അലങ്കരിച്ചു വെച്ച അവന്റെ മുറി ഇന്നും ഓർമയിലുണ്ട് .
തൻവീർ സ്കൂൾ ലീഡറായിരുന്നു. അസംബ്ലി നടത്തുമ്പോൾ അവൻ പല വികൃതികളും കാണിക്കുമായിരുന്നു. അതൊക്കെ ഞങ്ങൾ കുട്ടികളും ടീച്ചേർസും ഒരു പോലെ ആസ്വദിച്ചിരുന്നു. പദ്യം പഠിക്കാതെ വന്നാൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തുന്നത് ആ കാലത്ത് വേലായുധൻ മാഷ് നടപ്പിലാക്കിയ ഒരു ശിക്ഷാ രീതിയായിരുന്നു. ഞങ്ങളുടെ ഉറക്കം കളഞ്ഞ ഏറ്റവും ഭയപ്പെടുത്തിയ ശിക്ഷാരീതി. ഒരിക്കൽ പെൺകുട്ടികളുടെ കൂടെ ഇരിക്കേണ്ടി വന്നതിൽ മറ്റുള്ളവരുടെ കൂടെ തൻവീറും കരഞ്ഞിരുന്നു.
പതിനൊന്നു മണിയാകുമ്പോൾ രാധാകൃഷ്ണൻ മാഷ് ടീച്ചേർസിന് വേണ്ടി ചായയുണ്ടാക്കുന്നത് കപ്പണ സ്കൂളിൽ പതിവായിരുന്നു. ആ സമയങ്ങളിൽ തൊട്ടടുത്ത കടയിൽ പഴം വാങ്ങാനായി പലപ്പോഴും പോയിരുന്നത് ഞാനും തൻവീറും ആയിരുന്നു . ഞങ്ങൾക്ക് സംസാരിക്കാനായി എപ്പോഴും എന്തെങ്കിലും വിഷയം കാണുമായിരുന്നു, ഒരിക്കൽ മാലയിട്ട സമയത്ത് ശബരിമല വിശേഷങ്ങൾ പറയുന്നതിനിടയിൽ, നീ എന്താ മാലയിടാത്തത് അവിടെ എല്ലാവർക്കും പോകാമല്ലോ വീട്ടിൽ ചോദിക്കരുതോ എന്ന് ഞാൻ അവനോട് പറഞ്ഞത് ഇന്നും ഓർക്കുന്നു .
നാലാം ക്ലാസിനു ശേഷം ഞാനും അവനും വേറെ വേറെ സ്കൂളുകളിലായി. പിന്നീട് ഇടയ്ക്ക് മാത്രമേ തമ്മിൽ കാണാറുള്ളൂ. എങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് ആരെണെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ അവന്റെ പേരായിരുന്നു എന്നും പറയാറ്. കൈതേരിയിൽ നിന്നും ദൂരെ മാറി താമസിക്കേണ്ടി വന്ന ശേഷം അവനെ ഞാൻ കണ്ടിരുന്നില്ല. എന്നെങ്കിലും ബസിൽ ആ വഴിയിലൂടെ പോകുമ്പോൾ റോഡരികിലെ ആ വലിയ വീടും അതിലെ ആ മുറിയും കാണാൻ ശ്രമിക്കും, പക്ഷെ, ഒരിക്കലും അവനെ കാണാൻ കഴിഞ്ഞില്ല.
വർഷങ്ങൾക്കു ശേഷം വേലായുധൻ മാഷെ കണ്ടപ്പോൾ തൻവീറിനെ കുറിച്ച് അന്വേഷിച്ചു. നീയത് അറിഞ്ഞില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല.... അവൻ ഇന്നീ ലോകത്തിലില്ല എന്ന് മാഷ് പറഞ്ഞത് പിന്നീടുള്ള പല രാത്രിയും എനിക്ക് നൽകിയത് ദീർഘ നിശ്വാസങ്ങളായിരുന്നു... പിന്നീടുള്ള യാത്രകളിൽ കൗതുകവും ആശ്ചര്യവും നിറച്ച ആ വീട്ടിലേക്ക് ഞാൻ നോക്കാറില്ല. കണ്ണടച്ചല്ലാതെ ആ വഴി പോകാറില്ല. എന്റെ സ്കൂളിനെ കുറിച്ചുള്ള ഓർമകളിൽ വേദനയായി നീ മാറുന്നത് ... സുഹൃത്തെ ഇന്നും എനിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
No comments:
Post a Comment