July 01, 2026

പണ്ട് പണ്ട് ...

ശങ്കരനെല്ലൂർ... പ്രണയിനിയുടെ വിരഹത്തിൻ ധ്യാന നിമഗ്നനായിരിക്കുന്ന ശങ്കരമഹാദേവൻ കുടികൊള്ളുന്ന ഊര് , വിരഹമാകാം ഇവിടെ അന്തർലീനമായിരിക്കുന്നതും . പടവിൽ ഇരുന്ന് സന്തോഷവും സങ്കടവും പറയുമ്പോൾ എല്ലാം കേട്ട് നിൽക്കുന്ന അമ്പലക്കുളവും , അവിടെ നിന്നും കൈതച്ചാൽ വരെ നീണ്ടു നിൽക്കുന്ന വയലും, വായലോരങ്ങളിൽ ഒറ്റ പെട്ട വീടുകളും കാവുകളും ഗുളികൻ തറകളും നാടിന്റെ നിഗൂഢതയും ഭംഗിയുമാണ് .

വർഷങ്ങൾക്കു മുന്നേ, ഇന്ന് കാണുന്ന വയൽ ഒരു പുഴ ആയിരിക്കാം. ചിലപ്പോൾ പൊതു വഴികളൊന്നും ഉണ്ടാകില്ല , നടന്നു പോകാൻ ചില ഇട വഴികളുണ്ടാകാം , ചുറ്റും കാടായിരിക്കാം . പിന്നെ വിരലെണ്ണാവുന്ന വീടുകളും .

കാലത്താകാം നാട്ടിൽ ഭീതിവിതച്ച യക്ഷി കഥ നാട്ടിൽ ഉണ്ടായതും തലമുറകളോളം കൈമാറ്റം ചെയ്തതും . അമ്പലക്കടവിൽ ദേവനെ തൊഴുതു നിൽക്കുന്ന ആൽമരം നോക്കവേ ഇന്നും സമ്മിശ്ര വികാരമാണ് . കുളത്തിലേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങുകളിൽ കയറി വെള്ളത്തിലേക്ക് ചാടുന്ന കുട്ടികൾ സന്ധ്യകഴിഞ്ഞും ആർത്തുവിളിക്കുമ്പോൾ ചുറ്റുമുള്ള പഴമനസ്സുകളിൽ ഇന്നും എന്തെന്നില്ലാത്ത ആധിയാണ് .

ചരിത്രം ചിലത് കെട്ടുകഥകളായിരിക്കാം അതിൽ ചിലത് നമ്മൾ അറിഞ്ഞിരിക്കേണ്ടതും ആവർത്തിക്കാതിരിക്കേണ്ടതും ആകാം . അധികം പുറകോട്ടു പോയാൽ കേൾക്കാൻ കഴിയുന്ന ശങ്കരനെല്ലൂരിലെ കഥകൾ, അത് മനസ്സുകളിലൂടെ കൈമാറ്റം ചെയ്യപ്പെടട്ടെ . ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ശങ്കരനെല്ലൂരിന്റെ കഥകളിൽ ചിലത് വിപ്ലവവും അത്ഭുതവും ഉത്തരം അറിയാൻ കഴിയാത്ത സമസ്യയുമാണ് . ആ കാലത്ത് ഇന്നത്തെ ഇല്ലപറമ്പിൽ കഴിഞ്ഞിരുന്നതും ശങ്കരനെല്ലൂരപ്പന്റെ നിത്യ പൂജരികളായിരുന്നു. പറഞ്ഞു കേട്ട വിവരങ്ങളിൽ അന്ന് , കൈതച്ചാൽ വരെ നീണ്ടു കിടക്കുന്ന ഭൂമിയിൽ നല്ലൊരു ഭാഗം ഇല്ലം വക ആയിരുന്നു . ഇല്ലം വക എന്ന് പറഞ്ഞാൽ ക്ഷേത്രം വക, ചങ്ങലൂരപ്പന്റെ എന്ന് ധ്വനി .

കാലത്താണ് ചാത്തൂട്ടി മാഷ് സ്‌കൂളുകൾ തുടങ്ങുന്നത് . സർക്കാർ സ്‌കൂൾ എന്നത് വെറും സ്വപ്നവും വിദ്യാഭ്യാസം എന്നത് ആഗ്രവും മാത്രമായിരുന്ന കാലത്ത് നാട്ടിലുണ്ടായ വിപ്ലവം ആയിരുന്നു മാഷ് വിവിധ ഇടങ്ങളിൽ തുടങ്ങിയ വിദ്യാലയങ്ങൾ . ശങ്കരനെല്ലൂ LP സ്കൂളിൽ തുടങ്ങി പിന്നീട് വേങ്ങാടും പറമ്പായിയും വ്യാപിച്ച സ്‌കൂളുകൾ നാട്ടുകാർക്കും അനുഗ്രഹമായി മാറി . പുണ്യമാകാം മാഷിന്റെ തായ് വഴിയുള്ളവർ ഇന്നും അദ്ധ്യാപകരായി വരുന്നതും വിദ്യാലയങ്ങൾ അവരുടെ കുടുമ്പത്തിന്റെ സാമ്പത്തിക ഭദ്രത ആകുന്നതും . സമൂഹത്തിനും കുടുംബത്തിനും വേണ്ടി കാലത്തിനുള്ളിൽ ചാത്തൂട്ടി മാഷ് ചെയ്ത പോലെ ഒരു സംഭാവന ശങ്കരനെല്ലൂരിൽ അധികം ആരും ചെയ്‌തിരിക്കിയില്ല .

അന്ന് നവമിക്ക് ഗ്രന്ഥം വെയ്ക്കുന്നത് ശങ്കരനെല്ലൂർ സ്കൂളിൽ ആയിരുന്നു . അഷ്ടമിക്ക് ഗ്രന്ഥം വെച്ചാൽ, ദശമിക്ക് പുസ്തകം എടുക്കാനായി വയൽ വരമ്പിലൂടെ രാവിലെ തന്നെ കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരും . പുസ്തകം കുഞ്ഞു കൈകളിൽ ഏൽപ്പിക്കുന്നത് ചാത്തൂട്ടി മാഷായിരിക്കും . പുസ്‌തകം വാങ്ങുന്ന കുട്ടികൾ കൈയിൽ പലപ്പോഴും ഒരു ദക്ഷിണയും കരുതിയിട്ടുണ്ടാകും . മാഷിന്റെ ഭാര്യയുടെ ഓർമ ദിവസം തറവാട്ട് വീട്ടിൽ പായസം ഉണ്ടാകും . സ്‌കൂളിലെ എല്ലാ കൂട്ടികളും പായസം കഴിക്കാനായി ഉച്ചയാകുമ്പോൾ അവിടെ എത്തിയിരിക്കും . പായസം വിളമ്പുന്നവരോട് കുട്ടികൾ കേൾക്കെ മാഷ് ഉറക്കെ പറയും, "കുട്ടികൾക്കൊക്കെ തൊപ്പൻ.." അതും പറഞ്ഞ് കൈകൾ രണ്ടും കുറച്ചെന്ന രീതിയി ചേർത്ത് വെച്ച് ആഗ്യം കാണിക്കും, ശേഷം പറയും "വല്യ ആൾക്കാർക്കൊക്കെ കുറച്ച് ..." അതും പറഞ്ഞ് കൈകൾ രണ്ടും നീട്ടി കുറേ എന്ന് ആഗ്യം കാണിക്കും . പായസം കഴിക്കാൻ ഇരിക്കുന്ന കുട്ടികൾ ഇത് കേട്ട് സന്തോഷിക്കുകയും അത് കണ്ടവർ ചിരിക്കുകയും ചെയ്യും .

ചാത്തൂട്ടി മാഷും കാലവും ശങ്കരനെല്ലൂർ സ്‌കൂളിന്റെ മണ്ണിൽ കാലെടുത്തു വെയ്ക്കുമ്പോൾ പറഞ്ഞു കേട്ട കഥകളോടൊപ്പം ഉള്ളിലേക്ക് അലയടിക്കും . കാലത്തെ കുഞ്ഞു വയറുകളുടെ വിശപ്പ് മാറ്റിയ റവ ഉപ്പുമാവും പാൽക്കട്ടിയും ഒരു മധുരസ്മരണായി ഓടിയെത്തും .

ഇനി പറയാനുള്ളത് വിശ്വസിക്കണോ വേണ്ടയോ എന്ന് ഇന്നും അറിയാതെ പ്രഹേളിക പോലെ ചില കഥകൾ.. അതാണ് സുബ്രഹ്മണ്യൻ കോവിലും അവിടെ ആരാധന നടത്തിയ നാരായണൻ മാഷ് എന്ന മാന്ത്രികനും .

തുടരും...

No comments:

Post a Comment

എന്നും കൂടെയുള്ള

ഒന്നിനും വേണ്ടിയല്ലെങ്കിലും എ ന്നും കൂടെയുള്ള കാത്തിരിപ്പ് ... ആരെയും നോവിക്കാനല്ല മനസ്സിലാക്കാതെയല്ല നഷ്ടങ്ങളെ അറിയാതെ യുമ ല്ല ഒന്...